24 April Wednesday

സ്വപ്‌നതുല്യമെങ്കിലും ശാന്തമീ ജീവിതം

കെ ഡി ജോസഫ്Updated: Tuesday Apr 20, 2021



കാലടി
ശാന്തയുടെ പാട്ടുകൾക്ക്‌ ആദ്യം കൈയടി ഉയർന്നത്‌ സോഷ്യൽ മീഡിയയിൽനിന്നാണ്‌. അതാകട്ടെ സിനിമാ പിന്നണിഗായിക എന്ന സ്വപ്‌നത്തിലേക്കുള്ള ചവിട്ടുപടിയായി. ഇപ്പോൾ പാടിയ ചിത്രത്തിൽ അതേ ഗാനരംഗത്ത്‌ അഭിനയിക്കാൻകൂടി അവസരം ലഭിച്ചതിന്റെ ആഹ്ലാദത്തിലാണ്‌ മലയാറ്റൂർ പഞ്ചായത്ത്‌ രണ്ടാംവാർഡിൽ എത്താപ്പിള്ളിവീട്ടിൽ ശാന്ത ബാബു.
നന്നായി പാടുമായിരുന്നെങ്കിലും തന്റെ പാട്ടുകൾ ഒരിക്കലും ഗ്രാമത്തിന്റെ അതിരുകൾക്ക്‌ അപ്പുറത്തേക്ക്‌ പോകുമെന്ന്‌ ശാന്ത കരുതിയിരുന്നില്ല. മണി അയ്യമ്പുഴയെന്ന സാഹിത്യകാരൻ ആ ഗാനങ്ങൾ നവമാധ്യമങ്ങളിലൂടെ പങ്കുവച്ചതോടെ ശാന്ത സംഗീതംകൊണ്ട്‌ അതിരുകൾ ഭേദിച്ചു.

നവമാധ്യമങ്ങളിലൂടെ ലഭിച്ച പിന്തുണയ്‌ക്കുപിന്നാലെ സിനിമയിൽ പാടാൻ അവസരമെത്തി. കണ്ണാടി എന്ന ചിത്രത്തിനുവേണ്ടി മുരുകൻ കാട്ടാക്കട എഴുതി സതീഷ്, ദേവൻ എന്നിവർ ഈണമിട്ട ഗാനം ശാന്ത ബാബു പാടി റെക്കോഡ് ചെയ്തത്‌ 2020 ഡിസംബർ 27ന്‌. ലഭിച്ച പ്രതിഫലവുമായി മടങ്ങിയെത്തി തന്റെ ഫാക്ടറിത്തൊഴിലാളിക്കുപ്പായത്തിലേക്ക്‌ മടങ്ങിയപ്പോഴാണ്‌ ചിത്രത്തിൽ ഒരു വേഷമിടാൻ ക്ഷണം ലഭിച്ചത്‌. അതാകട്ടെ താൻ പാടിയ ഗാനരംഗത്തിനുവേണ്ടിയും. നടുവട്ടം പ്രൊഡക്ഷന്റെ ബാനറിൽ ആന്റണി നടുവട്ടം നിർമിച്ച് എ ജി രാജൻ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ചിത്രീകരണം മാർച്ച്‌ 29 മുതൽ പാലക്കാട്ട്‌‌ പുരോഗമിക്കുകയാണ്‌.

കലാരംഗത്ത് മണി അയ്യമ്പുഴയാണ് തന്റെ ഗുരുവെന്ന് ശാന്ത ബാബു പറയുന്നു. സിദ്ദിഖാണ്‌ ചിത്രത്തിലെ നായകൻ. രാഹുൽ മാധവ്, സുധീര്‍ കരമന, സായ് കുമാര്‍, മാമുക്കോയ, ശ്രീരാമന്‍, രചന നാരായണന്‍കുട്ടി, അമൃത എന്നിവർ വേഷമിടുന്നു. മുഹമ്മദുകുട്ടിയാണ് തിരക്കഥാകൃത്ത്‌. ക്യാമറ–- ഉത്പല്‍ വി നായനാർ. തന്റെ ഭാഗം അഭിനയിച്ച് നാട്ടിൽ വന്ന് ഉപജീവനത്തിനായി ഫാക്ടറിജോലിക്ക് പോയിത്തുടങ്ങി. ഭർത്താവ് ബാബു കർഷകത്തൊഴിലാളി. മക്കൾ: ശ്രുതി, ശ്രീക്കുട്ടൻ.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top