20 April Saturday

ആറാം നാളും കുഴപ്പം ; സഭ കലാപവേദിയാക്കി

വെബ് ഡെസ്‌ക്‌Updated: Monday Mar 20, 2023


തിരുവനന്തപുരം
അടിയന്തരപ്രമേയം അടക്കമുള്ളവയിൽ പ്രതിപക്ഷം ഉന്നയിച്ച ആവശ്യങ്ങൾ പരിഗണിക്കുമെന്ന്‌ സ്പീക്കർ റൂളിങ്ങിൽ ഉറപ്പ്‌ നൽകിയിട്ടും സഭാ നടപടികൾ സ്‌തംഭിപ്പിച്ച്‌  പ്രതിപക്ഷം. തുടർച്ചയായ ആറാം ദിവസവും  സഭ കലാപവേദിയാക്കി.

സ്പീക്കർ സഭയിലെത്തിയ ഉടൻ പ്രതിപക്ഷ നേതാവ്‌ വി ഡി സതീശൻ സഭ നടത്താൻ അനുവദിക്കില്ലെന്ന പ്രഖ്യാപനവുമായി എഴുന്നേറ്റു. തങ്ങൾ കൊണ്ടുവരുന്ന അടിയന്തര പ്രമേയങ്ങളെല്ലാം അവതരിപ്പിക്കാൻ അനുമതി നൽകണമെന്നും എംഎൽഎമാർക്കെതിരായ കേസുകൾ പിൻവലിക്കണമെന്നുമായിരുന്നു ആവശ്യം. സാധാരണ ജനങ്ങളെ ബാധിക്കുന്ന  ചോദ്യോത്തരവേളയുമായി സഹകരിക്കണമെന്ന്‌ സ്പീക്കർ എ എൻ ഷംസീർ തുടർച്ചയായി ആവശ്യപ്പെട്ടിട്ടും പ്രതിപക്ഷം  ബഹളം തുടർന്നു. മുതിർന്ന അംഗങ്ങളടക്കം പ്ലക്കാർഡും ബാനറുമായി നടുത്തളത്തിലിറങ്ങി. സ്പീക്കറുടെ മുഖം മറച്ച്‌ ബാനർ ഉയർത്തിയതോടെ സഭ തൽക്കാലത്തേക്ക്‌ നിർത്തിവച്ചു. പകൽ 11ന്‌ കാര്യോപദേശക സമിതി ചേർന്നു. ഇതുമായി സഹകരിക്കണമെന്ന്‌ സർക്കാർ അഭ്യർഥിച്ചെങ്കിലും പ്രതിപക്ഷം തയ്യാറായില്ല.

കാര്യോപദേശക സമിതിക്കുശേഷം 11.30ന്‌ സഭ പുനരാരംഭിച്ചു. സ്പീക്കറുടെ റൂളിങ്‌ പൂർത്തിയായതോടെ പ്രതിപക്ഷം വീണ്ടും ബഹളമാരംഭിച്ചു. അടിയന്തരപ്രമേയവുമായി ബന്ധപ്പെട്ട്‌ പ്രതിപക്ഷ നേതാവ്‌ പറഞ്ഞത്‌ വസ്‌തുതകൾക്ക്‌ നിരക്കുന്നതല്ലെന്ന്‌ മന്ത്രി പി രാജീവ്‌ കണക്ക്‌ നിരത്തി പറഞ്ഞു. കീഴ്‌വഴക്കങ്ങളെല്ലാം ലംഘിച്ച് പ്രതിപക്ഷം ബഹളം തുടർന്നതോടെ സഭ ഒരു ദിവസത്തേക്ക്‌ പിരിയുകയായിരുന്നു.

നോട്ടീസ്‌ നൽകും; 
ചർച്ചയ്‌ക്കെടുക്കുംമുമ്പേ ബഹളം
അടിയന്തരപ്രമേയം അവതരിപ്പിക്കാനുള്ള അവസരം നിഷേധിക്കുന്നെന്ന്‌ പ്രചരിപ്പിച്ച്‌ പ്രതിപക്ഷം സഭ സ്തംഭിപ്പിക്കുന്നത്‌ നോട്ടീസ്‌ പരിഗണിക്കുമോ എന്നുപോലും അന്വേഷിക്കാതെ. തിങ്കളാഴ്‌ചയും അടിയന്തരപ്രമേയത്തിന്‌ പ്രതിപക്ഷം നോട്ടീസ്‌ നൽകിയിരുന്നു. എന്നാൽ, നോട്ടീസ്‌ പരിഗണനയ്‌ക്കെടുക്കുംമുമ്പേ സഭ സ്തംഭിപ്പിക്കുകയായിരുന്നു.

   തിരുവനന്തപുരം ലോ കോളേജിലെ സംഘർഷവുമായി ബന്ധപ്പെട്ട്‌ എം വിൻസന്റാണ്‌ അടിയന്തരപ്രമേയത്തിന്‌ നോട്ടീസ്‌ നൽകിയത്‌. സഭ തുടങ്ങിയ ഉടൻ പ്രതിപക്ഷ നേതാവ്‌ അടിയന്തര പ്രമേയത്തിന്മേൽ പ്രതിപക്ഷത്തിന്റെ അവകാശങ്ങളെക്കുറിച്ച്‌ വാചാലനായി. എംഎൽഎമാർക്ക്‌ ജനകീയവിഷയങ്ങൾ ഉന്നയിക്കാൻ അവസരം ലഭിക്കുന്ന ചോദ്യോത്തരവേള തടസ്സപ്പെടുത്തരുതെന്നും ശൂന്യവേളയിൽ വിഷയം ഉന്നയിക്കാമെന്നും സ്പീക്കർ പറഞ്ഞെങ്കിലും പ്രതിപക്ഷ നേതാവ്‌ വഴങ്ങിയില്ല.

ഭരണപക്ഷം ചർച്ചയ്‌ക്ക്‌ തയ്യാറാകണമെന്ന്‌ നിരന്തരം ആവശ്യപ്പെടുന്ന പ്രതിപക്ഷത്തിന്‌ സഭാ നടപടികളുമായി സഹകരിക്കാൻ താൽപ്പര്യമില്ലെന്ന്‌ വ്യക്തമാക്കുന്നതാണ്‌ ഓരോ ദിവസവും. അടിയന്തരപ്രമേയ നോട്ടീസ്‌ അവതരിപ്പിക്കാനും ഇറങ്ങിപ്പോക്ക്‌ പ്രസംഗം നടത്താനും മാത്രമാണ്‌ പ്രതിപക്ഷത്തിന്‌ താൽപ്പര്യം. സഭ നിർത്തിവച്ച്‌ ചർച്ച ചെയ്യുമ്പോൾ ഭരണപക്ഷാംഗങ്ങൾക്കാണ്‌ കൂടുതൽ അവസരം ലഭിക്കുകയെന്നും തങ്ങൾക്ക്‌ താരതമ്യേന കുറച്ച് സമയമേ സംസാരിക്കാൻ ലഭിക്കൂവെന്നും വി ഡി സതീശൻ പറയുന്നു. പിണറായി സർക്കാർ അധികാരത്തിലെത്തിയ ശേഷം പത്തു തവണ സഭ നിർത്തിവച്ച്‌ അടിയന്തരപ്രമേയം ചർച്ചയ്‌ക്കെടുത്തെന്ന മന്ത്രി പി രാജീവ്‌ നിയമസഭയിൽ പറഞ്ഞതിനെക്കുറിച്ചുള്ള ചോദ്യത്തിന്‌ മറുപടിയായി വാർത്താ സമ്മേളനത്തിലാണ്‌ പ്രതിപക്ഷ നേതാവിന്റെ ഈ വിചിത്ര കമന്റ്‌.   സഭ നടന്നാൽ ജനകീയവിഷയങ്ങൾ ചർച്ച ചെയ്യാൻ അവസരമുണ്ടാകുമെന്നും സർക്കാരിന്റെ വികസനനേട്ടങ്ങൾ ജനങ്ങളിലെത്തുമെന്നുമുള്ള ഭയമാണ്‌ പ്രതിപക്ഷത്തെ തടയുന്നത്‌. ധനാഭ്യർഥനയിലുള്ള ചർച്ചപോലും തടസ്സപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെയാണ്‌ പ്രതിപക്ഷം  ബോധപൂർവം സഭാനടപടികൾ സ്തംഭിപ്പിക്കുന്നത്‌. ബജറ്റ്‌ ചർച്ചയിൽ സ്വാഭാവികമായി ഉയരുന്ന കേന്ദ്ര സർക്കാരിനെതിരെയുള്ള വിമർശങ്ങൾക്കുകൂടിയാണ്‌ പ്രതിപക്ഷം തടയിടുന്നത്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top