25 April Thursday

പ്രതാപചന്ദ്രന്റെ മരണം ; വലിയ ദുരൂഹതയെന്ന്‌ മക്കൾ

പ്രത്യേക ലേഖകൻUpdated: Friday Jan 20, 2023


തിരുവനന്തപുരം
കെപിസിസി ട്രഷറർ വി പ്രതാപചന്ദ്രന്റെ അപ്രതീക്ഷിത മരണത്തിൽ വലിയ ദുരൂഹതയുണ്ടെന്നും സ്വാഭാവിക മരണമാണോ എന്നതടക്കം പരിശോധിക്കണമെന്നും മക്കളായ പ്രജിത്തും പ്രീതിയും  മുഖ്യമന്ത്രിക്കു നൽകിയ രണ്ടാമത്തെ പരാതിയിൽ ആവശ്യപ്പെട്ടു. പരസ്യമായ അപമാനങ്ങൾ ഉണ്ടാക്കിയ കടുത്ത മാനസികാഘാതം അച്ഛന്റെ പെട്ടെന്നുള്ള മരണത്തിന്‌ കാരണമായിട്ടുണ്ടെന്നാണ്‌ ഞങ്ങൾ കരുതുന്നത്‌. കുടുംബത്തെക്കുറിച്ചുവരെ പുറത്തുപറയാൻ കൊള്ളാത്ത തരത്തിലുള്ള പ്രചാരണം  ചില കോൺഗ്രസ്‌ നേതാക്കളും കെപിസിസി ഓഫീസിലുള്ള ചിലരും നടത്തി. ഉറങ്ങാൻപോലും പറ്റാത്ത സാഹചര്യമാണ്‌ അച്ഛന്റെ മരണത്തെത്തുടർന്ന്‌ ഉണ്ടായിരിക്കുന്നത്‌.

ഏതെങ്കിലുംവിധത്തിൽ സാമ്പത്തിക താൽപ്പര്യത്തോടെ രാഷ്‌ട്രീയരംഗത്ത്‌ പ്രവർത്തിച്ചയാളല്ല പ്രതാപചന്ദ്രൻ. സത്യസന്ധമായി രാഷ്‌ട്രീയ പ്രവർത്തനവും മാധ്യമപ്രവർത്തനവും നടത്തിയെന്ന പേരല്ലാതെ ജീവിതത്തിൽ ഒന്നും സമ്പാദിച്ചിട്ടില്ല. കടം മാത്രമാണ്‌ ബാക്കിയുണ്ടായിരുന്നത്‌. എന്തിനാണ്‌ കടം വാങ്ങിയത്‌ എന്നുപോലും ഞങ്ങൾ ചോദിച്ചിട്ടില്ല. എന്നിട്ടും  അപവാദം പ്രചരിപ്പിക്കുകയാണ്‌. പ്രജിത് ബംഗളൂരുവിലും പ്രീതി ജർമനിയിലും ആയതിനാൽ ഇ മെയിലിലാണ്‌ പരാതി നൽകിയത്‌. അവസരം കിട്ടിയാൽ വീഡിയോ ചാറ്റിങ്ങിലൂടെ മുഖ്യമന്ത്രിയോട്‌ വിവരങ്ങൾ പറയുമെന്നും പ്രജിത് പറഞ്ഞു. അച്ഛന്‌ നീതി ലഭ്യമാക്കാനും ഞങ്ങളുടെ സുരക്ഷയ്ക്കും മുഖ്യമന്ത്രിയിലാണ്‌ പൂർണവിശ്വാസമെന്നും പരാതിയിൽ പറഞ്ഞു.

തന്നെയും ഒപ്പമുള്ള ചില നേതാക്കളെയും അഴിമതിക്കാരായി ചിത്രീകരിക്കാൻ നടത്തിയ വ്യാജപ്രചാരണം പ്രതാപചന്ദ്രനെ കടുത്ത മാനസിക വേദനയിലാഴ്‌ത്തിയിരുന്നുവെന്ന്‌ നേരത്തെ ഡിജിപിക്കു നൽകിയ പരാതിയിൽ പറഞ്ഞിരുന്നു. നുണപ്രചാരകർക്കെതിരെ പൊലീസിൽ പരാതി നൽകാൻ കെ സുധാകരനും പ്രതാപചന്ദ്രന്‌ അനുമതി നൽകി. അതിന്‌ തയ്യാറെടുക്കവെയാണ്‌ മരണം. അപവാദം പ്രചരിപ്പിച്ച രമേശനും പ്രമോദിനും എതിരെ നടപടിയെടുക്കുമെന്ന്‌ ഉറപ്പുനൽകിയാണ്‌ കെ സുധാകരൻ  പരാതി പിൻവലിപ്പിച്ചത്‌.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top