25 April Thursday

കേരളത്തിന്‌ ഷോക്ക്‌ ; കൂടിയ വിലയ്‌ക്ക്‌ വൈദ്യുതി 
വാങ്ങണമെന്ന്‌ കേന്ദ്രം

ജെയ്‌സൻ ഫ്രാൻസിസ്‌Updated: Saturday Nov 19, 2022


കൊച്ചി
ഉയർന്ന നിരക്ക്‌ ഈടാക്കുന്ന കൽക്കരി, പ്രകൃതിവാതക നിലയങ്ങളിൽനിന്ന്‌ സംസ്ഥാനങ്ങൾ നിർബന്ധമായും വൈദ്യുതി വാങ്ങണമെന്ന്‌ കേന്ദ്രസർക്കാർ. കേരളം ഉൾപ്പെടെയുള്ള ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങൾക്ക്‌ തിരിച്ചടിയാകുന്ന നിബന്ധന പ്രാബല്യത്തിൽ വരുത്തുന്നതിന്‌ മുന്നോടിയായി കേന്ദ്ര ഊർജ മന്ത്രാലയം അഭിപ്രായം തേടി. ഡിസംബർ ആറിനകം അഭിപ്രായം അറിയിക്കാൻ സംസ്ഥാനങ്ങളോട്‌ ആവശ്യപ്പെട്ടു.
ഉൽപ്പാദനച്ചെലവ്‌ ഉയർന്നതും കൂടിയ നിരക്കിൽ വിൽക്കുന്നതുമായ, 25 വർഷം പൂർത്തിയാക്കിയ എൻടിപിസി നിലയങ്ങളിൽനിന്ന്‌ വൈദ്യുതി വാങ്ങണമെന്നാണ്‌ കർശന നിബന്ധന. പാലിക്കാത്തവർക്ക്‌ കുറഞ്ഞ നിരക്ക്‌ ഈടാക്കുന്ന നിലയങ്ങളിൽനിന്ന്‌ വാങ്ങാനാകില്ല.

നിലവിൽ ഉൽപ്പാദനച്ചെലവ്‌ കുറഞ്ഞതും വൈദ്യുതിവില കുറവുള്ളതുമായ നിലയങ്ങളിൽനിന്നാണ്‌ സംസ്ഥാനങ്ങൾ കരാർപ്രകാരം ഇടപാട് നടത്തുന്നത്‌. കേന്ദ്രത്തിന്റെ നിബന്ധന നടപ്പായാൽ ഇതിന്‌ കഴിയില്ല. സംസ്ഥാനങ്ങളുടെ വൈദ്യുതി വാങ്ങൽ ചെലവ്‌ ഉയരുകയും അധിക സാമ്പത്തിക ബാധ്യതയാകുകയും ചെയ്യും.

തെക്കേ ഇന്ത്യൻ സംസ്ഥാനങ്ങൾക്ക്‌ വൈദ്യുതി വിതരണം ചെയ്യുന്ന പൊതുമേഖലാ നിലയങ്ങൾ ദക്ഷിണ മേഖലയിലുള്ളതാണ്‌. ഇതിൽ 25 വർഷം പൂർത്തിയാക്കിയ എൻടിപിസി നിലയം രാമഗുണ്ടം മാത്രമാണ്‌. നിബന്ധന നടപ്പാകുന്നതോടെ ഉത്തരേന്ത്യൻ നിലയങ്ങളെ സമീപിക്കേണ്ടിവരും. ഇവയിൽ ഭൂരിഭാഗവും രാമഗുണ്ടത്തേക്കാൾ കൂടിയ വിലയ്‌ക്കാണ്‌ വൈദ്യുതി വിൽക്കുന്നത്‌.

25 വർഷം പൂർത്തിയാക്കിയ നിലയങ്ങളെ സംരക്ഷിക്കാനെന്ന പ്രതീതി സൃഷ്ടിക്കുന്നതാണ്‌ നിബന്ധനയെങ്കിലും പിന്നിൽ കേന്ദ്രത്തിന്റെ നിക്ഷിപ്‌ത താൽപ്പര്യമാണ്‌. പൊതുമേഖലാസ്ഥാപനങ്ങളെ കോർപറേറ്റുകൾക്ക്‌ വിറ്റുതുലയ്‌ക്കുന്ന ആസൂത്രിത നീക്കത്തിന്റെ ഭാഗമാണിതും. നിബന്ധന നടപ്പായാൽ ഇവ ലാഭത്തിലാകുമെന്നും കോർപറേറ്റുകൾ സ്വന്തമാക്കാൻ മത്സരബുദ്ധിയോടെ രംഗത്തിറങ്ങുമെന്നുമാണ്‌ കേന്ദ്രസർക്കാരിന്റെ കണക്കുകൂട്ടൽ.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top