20 April Saturday

ഹൈക്കോടതി വിധി ; ഗവേഷണ, അധ്യാപകേതര 
പ്രവർത്തനങ്ങൾ പിന്നോട്ടടിക്കും ?

സ്വന്തം ലേഖികUpdated: Saturday Nov 19, 2022


കണ്ണൂർ
കണ്ണൂർ സർവകലാശാല മലയാളം വകുപ്പിലെ അസോസിയറ്റ്‌ പ്രൊഫസർ നിയമനവുമായി ബന്ധപ്പെട്ട ഹൈക്കോടതി വിധി, കോളേജ്‌, -സർവകലാശാല അധ്യാപകരെ ഗവേഷണപ്രവർത്തനങ്ങളിൽനിന്നും അധ്യാപകേതര ജോലികളിൽനിന്നും പിന്തിരിപ്പിക്കാൻ വഴിയൊരുക്കും. സ്ഥാനക്കയറ്റ സാധ്യതയെ ഇത്തരം പ്രവർത്തനങ്ങൾ ഇല്ലാതാക്കുമെന്നതാണ്‌ അധ്യാപകരെ സ്വാഭാവികമായി ഇത്തരം പ്രവർത്തനങ്ങളിൽനിന്ന്‌ പിറകോട്ടടിപ്പിക്കുക.  ഈ മേഖലയിലേക്ക്‌ അധ്യാപകർ പുതുതായി കടന്നുചെല്ലാനും മടിക്കും.

അക്കാദമിക പ്രവർത്തനങ്ങളോടൊപ്പം അക്കാദമികാനുബന്ധ പ്രവർത്തനങ്ങളിലും അധ്യാപകർ പങ്കാളികളാകുന്നത്‌ വിദ്യാർഥികളുടെ വ്യക്തിത്വവികസനത്തിന്റെയും സാമൂഹ്യാവബോധം വളർത്തുന്നതിന്റെയും ഭാഗമാണ്‌. രാഷ്‌ട്ര പുനർനിർമാണം തുടങ്ങിയ വിശാലമായ കാഴ്‌ചപ്പാടുകൂടി വിഭാവനം ചെയ്യുന്നതാണ്‌ എൻഎസ്‌എസ്‌, എൻസിസി സംഘടനകൾ. ഇവയുടെ കോ–-ഓർഡിനേറ്റർ, സ്‌റ്റുഡന്റ്‌സ്‌ സർവീസ്‌ ഡയറക്ടർ  തസ്‌തികകളിലും അധ്യാപകരാണ്‌ ഉണ്ടാകാറ്‌. ഡെപ്യൂട്ടേഷൻ വ്യവസ്ഥയിൽ സമാന തസ്‌തികകളിൽ ജോലിചെയ്യുന്നതും സർവകലാശാല ചട്ടങ്ങൾക്കും കേരള സർവീസ്‌ ചട്ടങ്ങൾക്കും അനുസൃതമാണ്‌. ഇത്തരം കാലയളവ്‌ മാത്രമല്ല, വിദേശങ്ങളിൽ ഉൾപ്പെടെ മറ്റു ജോലികൾക്ക്‌ പോകുന്ന ശൂന്യവേതന അവധി പോലും കേരള സർവീസ്‌ ചട്ടപ്രകാരം സീനിയോറിറ്റിയെ ബാധിക്കില്ല. എന്നാൽ, യുജിസി മാനദണ്ഡം അടിസ്ഥാനപ്പെടുത്തിയുള്ള കേരള ഹൈക്കോടതി വിധിപ്രകാരം അധ്യാപകജോലിയിൽനിന്നുള്ള ഇത്തരം ‘വിടുതൽ’ അധ്യാപനപരിചയമായി കണക്കാക്കാനാകില്ല. മറ്റ്‌ ദീർഘകാല അവധികളുടെ കാര്യത്തിലും  ഇത്‌ ബാധകമാകും.

അധ്യാപകരുടെ ഗുണനിലവാരം മെച്ചപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെയാണ്‌ യുജിസിയും ഇതര സംവിധാനങ്ങളും ഫാക്കൽറ്റി ഡെവലപ്‌മെന്റ്‌ പ്രോഗ്രാം (എഫ്‌ഡിപി) സംഘടിപ്പിച്ചിരുന്നത്‌. എഫ്‌ഡിപിയുടെ ഭാഗമായി പിഎച്ച്‌ഡി, എംഫിൽ കോഴ്‌സുകൾക്ക്‌ അധ്യാപകർ ചേർന്നത്‌ പൂർണ ശമ്പളത്തോടെയാണ്‌. ഈ കാലയളവ്‌ അധ്യാപനപരിചയമായും കണക്കാക്കിയിരുന്നു. ഹൈക്കോടതി വിധിയോടെ ഇതും സീനിയോറിറ്റിക്ക്‌ പരിഗണിക്കനാകില്ല. അതോടെ നേരത്തെ ഗവേഷണം നടത്തിയവരുടെ സീനിയോറിറ്റിയും സ്ഥാനക്കയറ്റവുംവരെ ചോദ്യംചെയ്യപ്പെട്ടേക്കാം. ഇത്‌ നിലവിൽ ഗവേഷണം നടത്തുന്നവരെയും ദോഷകരമായി ബാധിക്കും.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top