27 April Saturday

അഞ്ച്‌ പേർക്ക് പുതുജീവൻ പകർന്ന് ഹരിദാസൻ യാത്രയായി

വെബ് ഡെസ്‌ക്‌Updated: Friday Nov 19, 2021

കോഴിക്കോട് > പാളയം മാർക്കറ്റിൽ ഉന്തുവണ്ടിയിൽ പച്ചക്കറി വിൽപ്പന നടത്തിയിരുന്ന ഹരിദാസൻ മരണാനന്തരം ജീവന്റെ തുടിപ്പ് പകർന്നുനൽകിയത് അഞ്ചുപേർക്ക്. മരണശേഷവും ഹരിദാസൻ ജീവിക്കുമെന്ന ആശ്വാസവുമായി കുടുംബം.

വീട്ടിൽ കുഴഞ്ഞുവീണ പന്തീരാങ്കാവ് സ്വദേശിയായ ഹരിദാസനെ (60) കഴിഞ്ഞ 17നാണ് ബേബി മെമ്മോറിയൽ ആശുപത്രിയിലേക്ക്‌ കൊണ്ടുവരുന്നത്.  തലച്ചോറിലുണ്ടായ രക്തസ്രാവമാണ് അബോധാവസ്ഥയിലാകാനുള്ള കാരണമെന്ന് സീനിയർ കൺസൾട്ടന്റ് ന്യൂറോ സർജൻ ഡോ. എസ്‌ ശിവകുമാർ  കണ്ടെത്തി. പിറ്റേന്ന് ഡോ. കെ ഉമ്മർ, ഡോ. സി രവീന്ദ്രൻ, ഡോ. മോഹൻ ലെസ്ലി, ഡോ. ഗംഗാപ്രസാദ് എന്നിവരടങ്ങിയ വിദഗ്ധ സംഘം  മസ്തിഷ്‌കമരണം സംഭവിച്ചതായി സ്ഥിരീകരിച്ചു. തുടർന്ന്‌ കുടുംബം അവയവദാനത്തിന്‌ സന്നദ്ധത അറിയിക്കുകയായിരുന്നു.  ആശുപത്രി അധികൃതർ കേരള സർക്കാരിന്റെ മരണാനന്തര അവയവദാന പദ്ധതിയായ മൃതസഞ്ജീവനിയുമായി  ബന്ധപ്പെട്ട്‌ സ്വീകർത്താക്കളെ കണ്ടെത്തി.

 തലശേരിയിലെ നാൽപ്പത്തേഴുകാരന് കരൾ മാറ്റിവച്ചു. ബേബി മെമ്മോറിയലിലെ ഡോ. ശൈലേഷ് ഐക്കോട്ട്, ഡോ. എം സി രാജേഷ്, ഡോ. ഐ കെ ബിജു എന്നിവരടങ്ങിയ സംഘമാണ് ശസ്ത്രക്രിയ നടത്തിയത്.
കോഴിക്കോട്ട്‌ നിന്നുള്ള മുപ്പത്തേഴുകാരിക്ക് ബേബി മെമ്മോറിയലിൽ വച്ച് ഡോ. പൗലോസ് ചാലിയും ഡോ. പി ജയമീനയും ചേർന്ന് വൃക്ക മാറ്റിവച്ചു. രണ്ടാമത്തെ വൃക്കയും കണ്ണുകളും കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് നൽകി. ട്രാൻസ്‌പ്ലാന്റ് കോ ഓർഡിനേറ്റർ നിതിൻ രാജും അജേഷുമാണ്‌ മൃതസഞ്ജീവനിയുമായുള്ള ഏകോപനം നിർവഹിച്ചത്. ഭാര്യ: കോമളവല്ലി. മക്കൾ: നിനുലാൽ, മനുലാൽ.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top