26 April Friday

മാധ്യമപ്രവർത്തകർക്ക്‌ ആക്രമണം: ‘കൈകഴുകി’ കോൺഗ്രസ്‌

സ്വന്തം ലേഖികUpdated: Friday Nov 19, 2021


കോഴിക്കോട്‌
മാധ്യമപ്രവർത്തകരെ ആക്രമിച്ച സംഭവത്തിൽ രണ്ട്‌ പേർക്ക്‌ മാത്രം സസ്‌പെൻഷൻ നൽകി ‘കൈകഴുകൽ' നടപടിയുമായി കോൺഗ്രസ്‌ നേതൃത്വം. മുൻ ഡിസിസി പ്രസിഡന്റ്‌ യു രാജീവൻ ഉൾപ്പെടെയുള്ളവർക്കെതിരെ പേരിന്‌ നടപടിയെടുത്ത്‌ തടിതപ്പുകയാണ്‌. അക്രമത്തിന്‌ മുന്നിലുണ്ടായിരുന്ന പന്നിയങ്കര ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ്‌ വി റാസിഖിനെതിരായ പരാമർശം പോലും റിപ്പോർട്ടിലില്ല.

മാങ്കാവ് ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ്‌ അഡ്വ. ജി സി  പ്രശാന്ത്കുമാർ, അരക്കിണർ മണ്ഡലം പ്രസിഡന്റ്‌  രാജീവൻ തിരുവച്ചിറ എന്നിവരെയാണ്‌  സസ്‌പെൻഡ്‌ ചെയ്‌തത്‌. അക്രമത്തിന് നേതൃത്വം നൽകിയ എ ഗ്രൂപ്പ് നേതാവ്‌  യു രാജീവനെതിരെയുള്ള നടപടി  മാധ്യമങ്ങൾക്ക്‌ മുന്നിൽ ഖേദപ്രകടനം നടത്തണമെന്ന്‌ മാത്രമാണ്‌. രാമനാട്ടുകര നഗരസഭാ വൈസ് ചെയർമാനും ഡിസിസി ജനറൽ സെക്രട്ടറിയുമായ കെ  സുരേഷിനെ പരസ്യമായി താക്കീത്‌ ചെയ്യാൻ തീരുമാനിച്ചതായും  ഡിസിസി ഇറക്കിയ വാർത്താകുറിപ്പിൽ പറയുന്നു.

എ ഗ്രൂപ്പ്‌ 13ന്‌ കോഴിക്കോട്ട്  ചേർന്ന  രഹസ്യ യോഗം റിപ്പോർട്ട് ചെയ്യാനെത്തിയ വനിതാ മാധ്യമ പ്രവർത്തകരെയടക്കമാണ്‌ കോൺഗ്രസുകാർ മർദിക്കുകയും അധിക്ഷേപിക്കുകയും ചെയ്‌തത്‌. അക്രമത്തിൽ മുന്നിലുണ്ടായിരുന്ന റാസിഖിനെതിരെ നടപടി ഇല്ലെന്ന്‌ മാത്രമല്ല, അയാളെ സംരക്ഷിക്കുന്ന പ്രവർത്തനങ്ങളാണ്‌ നേതാക്കളുടെ ഭാഗത്തു നിന്നുണ്ടായത്‌. അക്രമത്തിന് ശേഷം കെപിസിസി വർക്കിങ്‌  പ്രസിഡന്റ്‌  ടി സിദ്ദിഖും കെ പ്രവീൺകുമാറും റാസിഖിനൊപ്പം ഒരു ചടങ്ങിൽ പങ്കെടുത്തതിന്റെ ഫോട്ടോയും പുറത്ത്‌ വന്നു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top