20 April Saturday

കൊച്ചിയിൽ ഗതാഗതം ഇനി ഓട്ടോമാറ്റിക്‌ ; ഉദ്‌ഘാടനം ഇന്ന്‌ മുഖ്യമന്ത്രി നിർവഹിക്കും

വെബ് ഡെസ്‌ക്‌Updated: Monday Oct 19, 2020


കൊച്ചി
ഓട്ടോമാറ്റിക് സംവിധാനത്തിലൂടെ ഗതാഗതം നിയന്ത്രിക്കുന്ന ആദ്യ നഗരമാകാൻ കൊച്ചി. കേരളത്തിലെ ആദ്യത്തെ ഇന്റലിജന്റ് ട്രാഫിക് മാനേജ്‌മെന്റ്‌ സിസ്റ്റം കൊച്ചിയിൽ തിങ്കളാഴ്‌ച ഉദ്‌ഘാടനം ചെയ്യും. മുഖ്യമന്ത്രി പിണറായി വിജയൻ രാവിലെ 10.30ന് വീഡിയോ കോൺഫറൻസിലൂടെ ഉദ്‌ഘാടനം നിർവഹിക്കും. മന്ത്രി എ സി മൊയ്‌തീൻ അധ്യക്ഷനാകും. സംവിധാനത്തിന്റെ നിയന്ത്രണ കേന്ദ്രം റവന്യൂ ടവറിലാണ്. നിയമലംഘകരെ കൈയോടെ പിടികൂടാൻ കഴിയുന്നതും കാൽനടയാത്രക്കാർക്ക് സുഗമമായ യാത്ര ഉറപ്പുവരുത്തുന്നതുമാണ്‌ പുതിയ സംവിധാനം.

സ്മാർട്ട് മിഷൻ പദ്ധതിയുടെ ഭാഗമായാണ് ടെക്നോളജി ബെയ്സ്ഡ് ഇന്റഗ്രേറ്റഡ് ട്രാഫിക് മാനേജ്മെന്റ്‌ സിസ്റ്റം (ഐടിഎംഎസ്) എന്ന പേരിലുള്ള സംവിധാനം കൊച്ചിയിൽ ഒരുക്കിയിരിക്കുന്നത്. കാൽനടക്കാർക്കു റോഡ് കുറുകെ കടക്കാൻ സ്വയം പ്രവർത്തിപ്പിക്കാവുന്ന പെലിക്കൺ സിഗ്നൽ, നിരീക്ഷണ ക്യാമറകൾ, ചുവപ്പ് ലൈറ്റ് ലംഘനം നടത്തുന്ന വാഹനങ്ങളെ തിരിച്ചറിയാനുള്ള സംവിധാനം, നഗരത്തിലെ അപ്പപ്പോഴുള്ള ഗതാഗതപ്രശ്നങ്ങൾ പ്രദർശിപ്പിക്കുന്ന ബോർഡുകൾ, നിയന്ത്രണ കേന്ദ്രം എന്നിവയാണ് പദ്ധതിയുടെ ഭാഗമായി കെൽട്രോൺ സജ്ജമാക്കിയത്.

റഡാർ സംവിധാനം ഉപയോഗിച്ച് വാഹനത്തിരക്ക് അനുസരിച്ച് സ്വയംപ്രവർത്തിക്കുന്ന സിഗ്‌നൽ സംവിധാനം, റോഡ്‌ കുറുകെ കടക്കാനായി കാൽനടയാത്രക്കാർക്ക്‌ പ്രവർത്തിപ്പിക്കാവുന്ന  പെലിക്കൻ സിഗ്‌നലുകൾ, ഗതാഗത നിയമലംഘനം പിടികൂടാനുള്ള സംവിധാനം, രാത്രിയിലും മോശം കാലാവസ്ഥയിലും ചിത്രങ്ങൾ പകർത്താനാകുന്ന ക്യാമറകൾ തുടങ്ങിയവ ഐടിഎംഎസിന്റെ ഭാഗമാണ്‌.  അഞ്ചു വർഷത്തെ പരിപാലനവും ഉദ്യോഗസ്ഥർക്കുള്ള പരിശീലനവുമുൾപ്പെടെ 26 കോടി രൂപയ്ക്കാണ് പദ്ധതി കെൽട്രോൺ നടപ്പാക്കിയത്‌.

ഇ–-ഹെൽത്ത് പദ്ധതിക്കും തുടക്കം
ജനങ്ങൾക്കു മെച്ചപ്പെട്ട ആരോഗ്യസംവിധാനം ഉറപ്പാക്കാൻ തയ്യാറാക്കിയ ഇ–-ഹെൽത്ത് സൊല്യൂഷൻസ് പദ്ധതിയും ഇതോടൊപ്പം ഉദ്ഘാടനം ചെയ്യും. എറണാകുളം ജനറൽ ആശുപത്രിയാണ്‌ പദ്ധതി നടപ്പാക്കുന്നത്. ആരോഗ്യസംബന്ധമായ വിവരങ്ങൾ ഉൾകൊള്ളുന്ന കേന്ദ്രീകൃത ഡാറ്റബേസ് ഇ–-ഹെൽത്ത് വഴി ഉണ്ടാക്കും. എല്ലാ വ്യക്തികളുടെയും ആരോഗ്യ സംരക്ഷണത്തെപ്പറ്റിയുള്ള വിവരങ്ങൾ ഉൾപ്പെടുത്തി വിപുലമായ ഇലക്ട്രോണിക് വിവര സംവിധാനം സൃഷ്ടിക്കുകയാണ്‌ പദ്ധതിയുടെ ലക്ഷ്യം.  പ്രവർത്തനോദ്ഘാടനം വീഡിയോ കോൺഫറൻസിലൂടെ ആരോഗ്യമന്ത്രി കെ കെ ശൈലജ നിർവഹിക്കും.

ജവാഹർലാൽ നെഹ്‌റു സ്റ്റേഡിയം മെട്രോ സ്റ്റേഷനിലുള്ള ഇന്റഗ്രേറ്റഡ്‌ കമാൻഡ് കൺട്രോൾ ആൻഡ് കമ്യൂണിക്കേഷൻ സെന്ററിൽ പ്രവർത്തനം ആരംഭിക്കുന്ന, മോട്ടോർ വാഹനവകുപ്പിന്റെ സ്മാർട്ട്‌‌ കൺട്രോൾ സെല്ലിന്റെ പ്രവർത്തനോദ്‌ഘാടനം ഗതാഗതമന്ത്രി എ കെ ശശീന്ദ്രൻ ഓൺലൈനായി നിർവഹിക്കും. കൊച്ചി സ്മാർട്ട് മിഷന്റെ ലോഗോയും വിഡിയോയും വ്യവസായമന്ത്രി ഇ പി ജയരാജൻ പ്രകാശനം ചെയ്യും.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top