25 April Thursday
സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച്‌ തുടങ്ങി

സിപിഐ എം നേതാവിനുനേരെ വധശ്രമം : രക്ഷപ്പെടുത്തിയ വാഹനഡ്രൈവറുടെ വീട്ടിലും അജ്ഞാതർ എത്തി

വെബ് ഡെസ്‌ക്‌Updated: Monday Oct 19, 2020


കൊച്ചി
വധശ്രമത്തിനിടെ സിപിഐ എം നേതാവ്‌ എ എൻ സന്തോഷ്‌ ഓടിക്കയറി രക്ഷപ്പെട്ട ടിപ്പറിന്റെ ഡ്രൈവറുടെ വീട്ടിൽ ഞായറാഴ്‌ച അജ്ഞാതർ  എത്തിയത്‌ പരിഭ്രാന്തി പരത്തി. ഞായറാഴ്‌ച രാവിലെ 10.30നാണ്‌ കൊച്ചി കോർപറേഷന്റെ ബ്രഹ്‌മപുരം മാലിന്യ പ്ലാന്റിലെ ടിപ്പർ ഡ്രൈവർ പാമ്പാക്കുട കൊല്ലംകുടി കെ ടി സുനിലിന്റെ വീട്ടിൽ രണ്ടംഗ സംഘം എത്തിയത്‌. സുനിൽ വീട്ടിലില്ലാത്ത സമയത്ത്‌‌ രണ്ടുപേർ ബൈക്കിൽ വീട്ടിലെത്തി തയ്യൽമെഷീൻ നന്നാക്കാനുണ്ടോ എന്നു ചോദിച്ചു. വന്നവരുടെ പെരുമാറ്റത്തിൽ ‌സംശയം തോന്നിയ സുനിലിന്റെ ഭാര്യ വീട്ടിൽ കയറി വാതിലടച്ചു. വന്നവരുടെ സംസാരവും പെരുമാറ്റവും ഭയപ്പെടുത്തുന്ന രീതിയിലായിരുന്നെന്നു കാണിച്ച്‌ രാമമംഗലം സിഐ‌ക്ക്‌ പരാതി നൽകിയിട്ടുണ്ട്‌.

പി ടി തോമസ് എംഎൽഎ ഉൾപ്പെട്ട കള്ളപ്പണമിടപാടിൽ അന്വേഷണം ആവശ്യപ്പെട്ട്‌ മുഖ്യമന്ത്രിക്ക്‌ പരാതി നൽകിയ സിപിഐ എം  വൈറ്റില ഏരിയ കമ്മിറ്റി അംഗവും വെണ്ണല സഹകരണബാങ്ക് പ്രസിഡന്റുമായ അഡ്വ. എ എൻ സന്തോഷിനെതിരെയാണ്‌‌ ശനിയാഴ്‌ച  അജ്ഞാതസംഘത്തിന്റെ വധശ്രമമുണ്ടായത്‌‌. പ്രഭാതസവാരിക്കിടെ പാടിവട്ടം അർക്കക്കടവ്‌ റോഡിൽ കുഞ്ഞാട്ടുഭാഗത്താണ്‌ സംഭവം. ബൈക്കിലെത്തിയ മൂന്നംഗസംഘം സന്തോഷിനെ കത്തികൊണ്ട്‌ കുത്താൻ പാഞ്ഞടുത്തപ്പോഴേക്കും അതുവഴിവന്ന ടിപ്പറിൽ കയറി അദ്ദേഹം രക്ഷപ്പെടുകയായിരുന്നു. ശനിയാഴ്‌ച രാവിലെ അഞ്ചുമുതൽ രണ്ടുവരെയായിരുന്നു സുനിലിന്‌ ഡ്യൂട്ടി. ബ്രഹ്‌മപുരം പ്ലാന്റിൽനിന്ന്‌ വണ്ടിയെടുത്ത്‌ എളമക്കര 15–-ാം സർക്കിൾ കോർപറേഷൻ ഓഫീസിലേ‌ക്കുള്ള യാത്രയ്‌ക്കിടെ രാവിലെ 5.40ന്‌ പാടിവട്ടത്തുവച്ചാണ്‌ ഒരാൾ ഭയചകിതനായി തന്റെ വണ്ടിയുടെ മുന്നിലേ‌ക്ക്‌ ഓടിയെത്തിയതെന്ന്‌ സുനിൽ പരാതിയിൽ പറഞ്ഞിട്ടുണ്ട്‌. താൻ അയാളെ വണ്ടിയിലേ‌ക്ക്‌ പിടിച്ചുകയറ്റി. യാത്രാമധ്യേയാണ്‌ സിപിഐ എം നേതാവാണെന്നും തലനാരിഴയ്‌ക്ക്‌ ആക്രമണത്തിൽനിന്ന്‌ രക്ഷപ്പെട്ടതാണെന്നും മനസ്സിലായത്‌–-സുനിൽ പരാതിയിൽ പറയുന്നു.

നാലു ദിവസംമുമ്പാണ് പി ടി തോമസിനെതിരെ അന്വേഷണം ആവശ്യപ്പെട്ട് എ എൻ സന്തോഷ്‌ മുഖ്യമന്ത്രിക്ക് പരാതി നൽകിയത്. പി ടി തോമസിന്റെ രാജി ആവശ്യപ്പെട്ട് എൽഡിഎഫ് നടത്തിയ സമരങ്ങളിൽ പ്രസംഗിച്ചിരുന്നു. പിന്നാലെ, എറണാകുളം ഡിസിസി നടത്തിയ വിശദീകരണ യോഗത്തിൽ സന്തോഷിന്റെ പേരെടുത്തുപറഞ്ഞ് ഡിസിസി ജനറൽ സെക്രട്ടറി ഉൾപ്പെടെയുള്ള കോൺഗ്രസ് നേതാക്കൾ ഭീഷണിയും മുഴക്കിയിരുന്നു.

സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച്‌ തുടങ്ങി
സിപിഐ എം വൈറ്റില ഏരിയ കമ്മിറ്റി അംഗവും വെണ്ണല സഹകരണബാങ്ക് പ്രസിഡന്റുമായ അഡ്വ. എ എൻ സന്തോഷിനെതിരെയുണ്ടായ വധശ്രമ കേസിൽ സിസിടിവി ദൃശ്യങ്ങളുടെ പരിശോധന തുടങ്ങി. ഇടപ്പള്ളിയിൽ പി ടി തോമസ് എംഎൽഎ ഉൾപ്പെട്ട കള്ളപ്പണമിടപാടിൽ അന്വേഷണം ആവശ്യപ്പെട്ട്‌ മുഖ്യമന്ത്രിക്ക്‌ പരാതി നൽകിയതിന്‌ പിന്നാലെയായിരുന്നു ആക്രമണം.

ശനിയാഴ്‌ച രാവിലെ 5.40ന്‌ സവാരിക്കിടെ പാടിവട്ടം അർക്കക്കടവ്‌ റോഡിൽ കുഞ്ഞാട്ടുഭാഗത്താണ്‌ സംഭവം. ബൈക്കിലെത്തിയ മൂന്നംഗസംഘം സന്തോഷിനെ കത്തികൊണ്ട്‌ കുത്താൻ പാഞ്ഞടുത്തു. ഇതിനിടെ അതുവഴിവന്ന ടിപ്പറിൽ കയറി അദ്ദേഹം രക്ഷപ്പെട്ടു. സന്തോഷ്‌ വീട്ടിൽനിന്ന്‌ ഇറങ്ങിയതുമുതൽ കുഞ്ഞാട്ടുവരെയുള്ള ഭാഗത്തെ സിസിടിവി ദൃശ്യങ്ങളാണ്‌ പരിശോധിക്കുന്നതെന്ന്‌ പാലാരിവട്ടം പൊലീസ്‌ പറഞ്ഞു. സന്തോഷിനെ ആക്രമിച്ച സംഘം തൃക്കാക്കരഭാഗത്ത്‌ എത്തിയതായി പൊലീസിന്‌ വിവരം ലഭിച്ചിട്ടുണ്ട്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top