18 April Thursday

വിദേശ കറൻസി കടത്താൻ ബാഗ്‌ മുതൽ ഷൂ വരെ ; കോഡ് ‌ഭാഷ ഉപയോഗിച്ചു

വെബ് ഡെസ്‌ക്‌Updated: Monday Oct 19, 2020

വിമാനത്താവളം വഴി വിദേശ കറൻസി കടത്താൻ ഉപയോഗിച്ചത്‌ ബാഗും ഷൂവും. കോൺസുലേറ്റ്‌ ഉദ്യോഗസ്ഥരായ വിദേശ പൗരരുടെ ബാഗുകൾ വിമാനത്താവളത്തിൽ സാധാരണ തുറന്ന്‌ പരിശോധിക്കാറില്ല.  അത്‌ മുതലെടുത്താണ്‌ ഇവർ കറൻസി കടത്തിയതെന്നാണ്‌ അന്വേഷണസംഘത്തിന്‌ ലഭിച്ച വിവരം. ഒരിക്കൽ പോലും ഇവരുടെ ബാഗ്‌ പരിശോധിച്ചില്ലെന്നും വിവരമുണ്ട്‌. കോൺസുലേറ്റ്‌ ഉദ്യോഗസ്ഥരായതിനാൽ ബാഗ്‌ വിമാനത്താവളത്തിൽ തുറന്ന്‌ പരിശോധിക്കില്ലെന്ന്‌ ഇവർക്ക്‌ ഉറപ്പായിരുന്നു.

വിദഗ്‌ധമായി അടുക്കിവച്ചാൽ കറൻസികൾ സ്‌കാനറിൽ പതിയില്ല എന്നതും കറൻസികടത്തിന്‌ സഹായകമായി. അവ്യക്തമായി കാണാമെങ്കിലും ബാഗ്‌ തുറന്ന്‌ പരിശോധിച്ചാൽ മാത്രമേ കറൻസിയാണെന്ന്‌ ഉറപ്പിക്കാനാകൂ. ചില ഉദ്യോഗസ്ഥർ ഷൂസിലുൾപ്പെടെ ഒളിപ്പിച്ച്‌ കറൻസി കടത്തിയതായും പറയുന്നു.

സ്വപ്‌ന ഉൾപ്പെടെയുള്ളവർക്ക്‌ ഇതിന്‌ വിമാനത്താവളം കേന്ദ്രീകരിച്ച്‌ സഹായം ലഭിച്ചിട്ടുണ്ടോയെന്ന അന്വേഷണവും കസ്‌റ്റംസ്‌ ആരംഭിച്ചു. കറൻസി കടത്തിന്‌ കോഡ്‌ ഭാഷയും ഉപയോഗിച്ചിരുന്നു. ആദ്യഘട്ടത്തിൽ സൗന്ദര്യവർധക വസ്‌തുക്കൾ ഉൾപ്പെടെ വിദേശത്തുനിന്ന്‌  കടത്തിയതായും തലസ്ഥാനത്തുൾപ്പെടെ വിറ്റതായും കസ്‌റ്റംസിന്‌ വിവരം കിട്ടി.

സംഘത്തിൽ കോൺസുലേറ്റിലെ വിദേശപൗരന്മാരും
ജെയ്‌സൻ ഫ്രാൻസിസ്‌
തലസ്ഥാനത്തുനിന്ന്‌ വിദേശകറൻസി കടത്തിയ സംഘത്തിൽ യുഎഇ കോൺസുലേറ്റ്‌ ഉദ്യോഗസ്ഥരായ വിദേശപൗരന്മാരും. ‘നയതന്ത്ര പരിരക്ഷ’ ഇവർക്ക് കടത്തിന്‌ സഹായകരമായെന്ന്‌ കസ്‌റ്റംസ്‌. ഡോളർ കടത്തിയതിന്‌ കോൺസുലേറ്റിലെ ഈജിപ്‌ഷ്യൻ സ്വദേശി പിടിയിലായ സംഭവം ഈ നിഗമനം ശരിവയ്‌ക്കുന്നു. ഈജിപ്ഷ്യൻ പൗരനായ മഖ്‌റൂബ്‌ ഈജിപ്‌തിൽ വിമാനത്താവളത്തിലെ പരിശോധനയിലാണ്‌ പിടിയിലായത്‌. ഈ കേസിന്റെ വിശദാംശം കസ്‌റ്റംസ്‌ ശേഖരിച്ചു. സ്വർണക്കടത്ത്‌ കേസ്‌ പ്രതികളായ സ്വപ്‌ന, സരിത്ത്‌, സന്ദീപ്‌ എന്നിവരെ ഉൾപ്പെടെ കസ്‌റ്റംസ്‌ ചോദ്യം ചെയ്‌തിരുന്നു. കോൺസുലേറ്റിലെ വിദേശ പൗരന്മാരും കറൻസി കടത്തിൽ കണ്ണികളാണെന്ന്‌ ഇവർ വെളിപ്പെടുത്തി. സ്വർണക്കടത്ത്‌ കേസിൽ കോൺസുലേറ്റിലെ അറ്റാഷെ ഉൾപ്പെടെ സംശയമുനയിലാണ്‌.

എന്നാൽ കേസ്‌ തെളിയിക്കുക കസ്‌റ്റംസിന്‌ വെല്ലുവിളിയാണ്‌. സ്വർണക്കടത്ത്‌ കേസിൽ പിടികൂടിയ സ്വർണം മുഖ്യതെളിവായിരുന്നെങ്ങിൽ വിദേശ കറൻസി കേസിൽ ഇത്തരമൊരു തെളിവ്‌ ലഭിച്ചിട്ടില്ല. മുഖ്യ കണ്ണികളായ വിദേശ പൗരന്മാരെ  ചോദ്യം ചെയ്യാൻ കേന്ദ്രസർക്കാർ അനുമതി നൽകുമെന്ന പ്രതീക്ഷയുമില്ല.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top