07 July Monday

ആലുവ നഗരസഭയിൽ ഉദ്ഘാടനത്തിനിടെ ലിഫ്‌റ്റ്‌ പണിമുടക്കി, 
ചെയർമാനും കൂട്ടരും കുടുങ്ങി

വെബ് ഡെസ്‌ക്‌Updated: Tuesday Sep 19, 2023


ആലുവ
ശതാബ്ദി സ്മാരകമായി നഗരസഭയിൽ നിർമിച്ച ലിഫ്റ്റിന്റെ ഉദ്ഘാടനത്തിനിടെ ലിഫ്റ്റിൽ കുടുങ്ങി ചെയർമാനും സംഘവും. തകരാറിലായ ലിഫ്റ്റിന്റെ വാതിൽ പുറത്തുനിന്ന്‌ തുറന്നശേഷമാണ്‌ ചെയർമാൻ എം ഒ ജോണിനെയും സഹപ്രവർത്തകരെയും രക്ഷപ്പെടുത്തിയത്‌.

തിങ്കൾ രാവിലെ 10ന്‌ എം ഒ ജോൺ നാടമുറിച്ച് ഉദ്ഘാടനം ചെയ്തശേഷം ലിഫ്റ്റിൽ കയറി മുകൾനിലയിലെ സമ്മേളന ഹാളിലേക്ക് പോകുമ്പോഴായിരുന്നു സംഭവം. ആദ്യയാത്രയില്‍തന്നെ ലിഫ്റ്റ് പണിമുടക്കിയതോടെ ഉദ്ഘാടനവും മുടങ്ങി. രണ്ടും മൂന്നും നിലകൾക്കിടയിലാണ്‌ ലിഫ്‌റ്റ്‌ കുടുങ്ങിയത്. ഭാരക്കൂടുതല്‍ ഉണ്ടായിട്ടും ലിഫ്റ്റ് മുകളിലേക്ക് ഉയരുകയായിരുന്നു. ലിഫ്റ്റിന്റെ സാങ്കേതിക പരിശോധനയും മുൻകൂർ പരിശോധനയും നടത്താതെയാണ് ഉദ്ഘാടനം നടത്തിയതെന്ന് എൽഡിഎഫ് അംഗങ്ങൾ ആരോപിച്ചു. ചടങ്ങിൽ എൽഡിഎഫ്‌ പങ്കെടുത്തില്ല.

നഗരസഭയുടെ 100–-ാംവാര്‍ഷികത്തോടനുബന്ധിച്ച് പ്രത്യേക പദ്ധതിയില്‍ ഉള്‍പ്പെടുത്തി 15 ലക്ഷം രൂപ ചെലവിലായിരുന്നു ലിഫ്‌റ്റ്‌ നിർമാണം. അതിനാല്‍ കൗണ്‍സില്‍ യോഗത്തില്‍ ഇതുസംബന്ധിച്ച്‌ ചര്‍ച്ചയുണ്ടായില്ല. ശതാബ്ദിയുടെ പേരില്‍ പല പദ്ധതികളും സ്വന്തമായി പ്രഖ്യാപിച്ച് ഭരണസമിതി അഴിമതി നടത്തുകയാണെന്ന ആരോപണം ഉയർന്നിട്ടുണ്ട്‌. ലിഫ്റ്റുമായി ബന്ധപ്പെട്ട വിവരങ്ങള്‍ കൗണ്‍സിലിനുമുന്നിൽ അവതരിപ്പിക്കാതിരുന്നത് ഇതിനാലാണെന്ന് എൽഡിഎഫ് അംഗങ്ങൾ വ്യക്തമാക്കി.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top