അങ്കമാലി
നഗരസഭാ പ്രദേശത്തെ മാലിന്യമുക്തമാക്കുന്നതിന്റെ പ്രചാരണ കോലഹാലങ്ങൾക്കിടയിലും അങ്കമാലി താലൂക്കാശുപത്രി വളപ്പിൽ പ്ലാസ്റ്റിക് ഉൾപ്പെടെയുള്ള മാലിന്യങ്ങൾ കത്തിച്ച് രോഗികളെ ശ്വാസംമുട്ടിക്കുന്നതായി പ്രതിപക്ഷം. സ്വച്ഛ് സർവേക്ഷന്റെ ഭാഗമായി ചില ഭരണസമിതി അംഗങ്ങളും ജീവനക്കാരും ഓൺലൈൻവഴി വോട്ട് തേടുന്നതിനിടയിലാണ് നഗരസഭയുടെ നിയന്ത്രണത്തിലുള്ള താലൂക്കാശുപത്രിയിൽ മാലിന്യം കത്തിക്കുന്നത്.
ആശുപത്രിമാലിന്യങ്ങൾ സംസ്കരിക്കുന്നതിനായി ഇൻസിനറേറ്റർ ഉണ്ടെങ്കിലും അതിനടുത്താണ് മാലിന്യം കത്തിക്കുന്നത്. പൊതുനിരത്തുകളിൽ പ്ലാസ്‌റ്റിക് കത്തിക്കുന്നവർക്കെതിരെ നടപടിയെടുക്കുന്ന നഗരസഭ, ആശുപത്രിയിലെ മാലിന്യസംസ്‌കരണത്തിൽ മിണ്ടാട്ടമില്ല. മാർക്കറ്റ് പരിസരം, പഴയ നഗരസഭാ ഓഫീസിന്റെ പിൻവശം, പഴയ മാർക്കറ്റ് റോഡിലെ കാനയുടെ ഭാഗം എന്നിവിടങ്ങളിലും ദുർഗന്ധം രൂക്ഷമാണ്. മഴക്കാലപൂർവ ശുചീകരണത്തിന്റെ ഭാഗമായി കാനയിൽനിന്നെടുത്ത മണ്ണും ചെളിയും ചില വാർഡുകളിൽ നീക്കിയിട്ടില്ല.
പുല്ലുവെട്ടുന്ന യന്ത്രങ്ങളിൽ ആറെണ്ണം തകരാറായിട്ട് ഒരുവർഷം പിന്നിട്ടു. അഞ്ച് പുല്ലുവെട്ട് യന്ത്രം വാങ്ങാൻ കൗൺസിൽ തീരുമാനിച്ചിട്ടും വാങ്ങിയില്ല. പല വാർഡുകളിലും റോഡിന്റെ വശങ്ങൾ പുല്ലുവളർന്ന് കാടായി. നഗരസഭാ പ്രദേശത്തെ മാലിന്യമുക്തമാക്കുന്നതിനായി അടിയന്തരമായി നടപടി സ്വീകരിക്കണമെന്ന് പ്രതിപക്ഷനേതാവ് ടി വൈ ഏല്യാസ്, എൽഡിഎഫ് പാർലമെന്ററി പാർടി സെക്രട്ടറി പി എൻ ജോഷി എന്നിവർ പ്രസ്‌താവനയിൽ ആവശ്യപ്പെട്ടു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..