29 March Friday

അക്രമം ഒറ്റക്കെട്ടായി നേരിടും, തലസ്ഥാനത്തും ജില്ലാ കേന്ദ്രങ്ങളിലും അക്രമവിരുദ്ധ ജനകീയ കൂട്ടായ്‌മ

വെബ് ഡെസ്‌ക്‌Updated: Saturday Sep 19, 2020


സംസ്ഥാന‌ സർക്കാരിനെ അട്ടിമറിക്കാൻ യുഡിഎഫും ബിജെപിയും ചേർന്ന്‌ ക്രിമിനൽസംഘങ്ങളെ ഉപയോഗിച്ച്‌ നടത്തുന്ന അക്രമങ്ങൾ ഒറ്റക്കെട്ടായി നേരിടാൻ എൽഡിഎഫ്‌ സംസ്ഥാന കമ്മിറ്റി യോഗം തീരുമാനിച്ചു. നാടിനെ വർഗീയമായി ധ്രുവീകരിക്കാനും അക്രമം അഴിച്ചുവിടാനുമുള്ള നീക്കം ബഹുജനങ്ങളെ അണിനിരത്തി ചെറുക്കും. ഇതിന്റെ ഭാഗമായി 29ന്‌ തലസ്ഥാനത്തും  ജില്ലാ കേന്ദ്രങ്ങളിലും അക്രമവിരുദ്ധ ജനകീയ കൂട്ടായ്‌മ സംഘടിപ്പിക്കാനും മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയിൽ ചേർന്ന യോഗം തീരുമാനിച്ചു. തലസ്ഥാനത്ത്‌ എൽഡിഎഫ്‌ സംസ്ഥാന നേതാക്കൾ പങ്കെടുക്കുമെന്ന്‌  കൺവീനർ എ വിജയരാഘവൻ  വാർത്താസമ്മേളനത്തിൽ അറിയിച്ചു. ജില്ലാ കേന്ദ്രങ്ങളിൽ നേതാക്കളും ജനപ്രതിനിധികളും അണിനിരക്കും. അന്ന്‌ എൽഡിഎഫ്‌ യോഗം ചേർന്ന്‌ തുടർപ്രചാരണ പരിപാടികൾ തീരുമാനിക്കും. ജില്ലാ, പ്രാദേശിക തലങ്ങളിൽ പ്രചാരണം നടത്തി  ജനകീയ പ്രതിരോധം തീർക്കും.

സർക്കാരിനെ ദുർബലപ്പെടുത്താനും വർഗീയ ധ്രുവീകരണമുണ്ടാക്കി അധികാരം പിടിക്കാനുമുള്ള എളുപ്പവഴിയായി അക്രമസമരത്തെ ഉപയോഗിക്കുകയാണ്‌. വെഞ്ഞാറമൂട്ടിൽ ഡിവൈഎഫ്‌ഐ പ്രവർത്തകരെ കൊലപ്പെടുത്തിയതും മന്ത്രി കെ ടി ജലീലിന്റെ വാഹനത്തിനു കുറുകെ വാഹനമിട്ട്‌ അപായപ്പെടുത്താൻ ശ്രമിച്ചതും മന്ത്രി എ കെ ബാലന്റെ വാഹനത്തിനുനേരെ സ്‌ഫോടകവസ്‌തു എറിഞ്ഞതുമെല്ലാം കോൺഗ്രസ്‌ ക്രിമിനൽ സംഘത്തെ ഉപയോഗിക്കുന്നതിന്റെ തെളിവാണ്‌.

കുഞ്ഞാലിക്കുട്ടി സജീവമായി എല്ലാ വർഗീയ പാർടികളെയും ഒന്നിപ്പിക്കുന്ന പ്രവർത്തനങ്ങൾ  ആരംഭിച്ചിട്ടുണ്ട്‌‌. ജമാ അത്തെ ഇസ്ലാമിയുടെ ധൈഷണിക നേതൃത്വം ലീഗ്‌ അംഗീകരിച്ചുകഴിഞ്ഞു. മുസ്ലിം തീവ്രവാദ ശക്തികളെ സ്ഥിരം സഖ്യമാക്കാനാണ്‌ ശ്രമം‌.

ബിജെപിയെ അവർ മുഖ്യശത്രുവായി കാണുന്നില്ലെന്ന്‌ അവർ വ്യക്തമാക്കി.മന്ത്രി കെ ടി ജലീൽ രാജിവയ്‌ക്കേണ്ട ആവശ്യവുമില്ലെന്നും യോഗം വിലയിരുത്തി. ജോസ്‌ കെ മാണി രാഷ്ട്രീയനിലപാട്‌ വ്യക്തമാക്കി അഭിപ്രായം പറഞ്ഞിട്ടില്ലെന്നും യുഡിഎഫിലേക്ക്‌ തിരിച്ചുപോകില്ലെന്നാണ്‌ സൂചനയെന്നും ചോദ്യത്തിനു മറുപടിയായി വിജയരാഘവൻ പറഞ്ഞു.

22ന്‌ ജില്ലാ ആസ്ഥാനത്തും 23ന്‌ ഏരിയ കേന്ദ്രങ്ങളിലും ബഹുജന കൂട്ടായ്‌മ
സിപിഐ എം പൊളിറ്റ്‌ബ്യൂറോ ആഹ്വാനം ചെയ്‌ത ദേശീയ പ്രക്ഷോഭത്തിന്റെ ഭാഗമായി 22ന്‌ ജില്ലാ ആസ്ഥാനങ്ങളിൽ കേന്ദ്രസർക്കാർ ഓഫീസുകൾക്കുമുന്നിൽ ധർണ സംഘടിപ്പിക്കും.  കോവിഡ്‌ പ്രോട്ടോകോൾ പാലിച്ചാണ്‌ സമരമെന്ന്‌ സിപിഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ പറഞ്ഞു.

അഴീക്കോടൻ രക്തസാക്ഷിദിനമായ 23ന്‌  ഏരിയ കമ്മിറ്റികളുടെ നേതൃത്വത്തിൽ ബഹുജന കൂട്ടായ്‌മ സംഘടിപ്പിക്കും. ഏരിയ കേന്ദ്രങ്ങളിൽ നടക്കുന്ന കൂട്ടായ്‌മയിൽ രക്തസാക്ഷി കുടുംബാംഗങ്ങൾ പങ്കെടുക്കും. കോൺഗ്രസിന്റെ അക്രമരാഷ്‌ട്രീയത്തിനെതിരായി പ്രതിഷേധമുയരുന്ന പരിപാടിയിൽ യുഡിഎഫ്‌–-ബിജെപി അട്ടിമറി സമരത്തെ തുറന്നുകാട്ടുമെന്നും‌ കോടിയേരി പറഞ്ഞു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top