20 April Saturday

രാജ്‌ഭവൻ കേന്ദ്രീകരിച്ചും അട്ടിമറി നീക്കം : കോടിയേരി ബാലകൃഷ്‌ണൻ

വെബ് ഡെസ്‌ക്‌Updated: Friday Aug 19, 2022


തിരുവനന്തപുരം
ജനങ്ങളുടെ ജീവൽപ്രശ്‌നങ്ങൾ പരിഹരിക്കുന്ന കേരളത്തിലെ ജനകീയ സർക്കാരിനെ അട്ടിമറിക്കാൻ ആർഎസ്‌എസ്‌ ഓഫീസും ഡൽഹിയും കേന്ദ്രീകരിച്ചു നടത്തുന്ന പ്രവർത്തനങ്ങൾ ഇപ്പോൾ രാജ്‌ഭവൻ കേന്ദ്രീകരിച്ചും ആരംഭിച്ചിരിക്കുകയാണെന്ന്‌ സിപിഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണൻ പറഞ്ഞു. ഇ കെ നായനാർ ചാരിറ്റബിൾ ട്രസ്റ്റ്‌ ആസ്ഥാന മന്ദിരത്തിന്റെ ഉദ്‌ഘാടനത്തിൽ സാന്ത്വനപരിചരണ പ്രവർത്തനത്തിന്‌ തുടക്കംകുറിച്ച്‌ സംസാരിക്കുകയായിരുന്നു കോടിയേരി.

പിണറായി വിജയന്റെ നേതൃത്വത്തിലുള്ള രണ്ടാം എൽഡിഎഫ്‌ സർക്കാരിനെ അട്ടിമറിക്കാൻ ആസൂത്രിതനീക്കം നടക്കുന്നുവെന്നത്‌ പുതിയ രാഷ്ട്രീയ വെല്ലുവിളിയായി കാണണം. അടുത്ത മൂന്നുവർഷം ലക്ഷ്യമാക്കിയാണ്‌ ഇത്‌. ഇത്തരം ആക്രമണങ്ങൾക്കെതിരെ ജനങ്ങളെ അണിനിരത്തണം. ജനങ്ങളുടെ ശക്തിയാണ്‌ സിപിഐ എമ്മിന്റെയും ഇടതുപക്ഷത്തിന്റെയും ശക്തി. 

ജീവകാരുണ്യ പ്രവർത്തനം രാഷ്ട്രീയ പ്രവർത്തനത്തിന്റെ ഭാഗമായി സിപിഐ എം കാണുന്നു. പാർടി പ്രവർത്തകർ വരുമാനത്തിന്റെ  കുറഞ്ഞ ഭാഗമെങ്കിലും ഇതിനായി വിനിയോഗിക്കണം. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്ന്‌ തിരുവനന്തപുരം മെഡിക്കൽ കോളേജിലേക്കും ആർസിസിയിലേക്കും എസ്‌എടി ആശുപത്രിയിലേക്കും എത്തുന്നവർക്ക്‌ നായനാർ ചാരിറ്റബിൾ ട്രസ്‌റ്റിന്റെ ആസ്ഥാന മന്ദിരവും സാന്ത്വന പരിചരണവും സഹായമാകും. സാന്ത്വന പരിചരണത്തിനായി ഒരു ലക്ഷം വളന്റിയർമാരെ റിക്രൂട്ട്‌ ചെയ്യണമെന്നാണ്‌ പാർടി തീരുമാനിച്ചത്‌. ഇത്തരം കേന്ദ്രങ്ങൾ എല്ലായിടത്തും ശക്തിപ്പെടുത്താൻ പ്രവർത്തകർ നേതൃത്വം നൽകണമെന്നും കോടിയേരി ബാലകൃഷ്‌ണൻ പറഞ്ഞു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top