26 April Friday

പ്രവാസികളെ വീണ്ടും 
അപഹസിച്ച്‌ കോൺഗ്രസ്‌ ; ലോക കേരളസഭ സമ്പന്നരുടെ സഭ ആണെന്ന്‌ 
വി ഡി സതീശൻ

പ്രത്യേക ലേഖകൻUpdated: Monday Jun 20, 2022


തിരുവനന്തപുരം  
ജനിച്ച മണ്ണിനെ എക്കാലവും നെഞ്ചോടു ചേർത്തുവയ്ക്കുന്ന പ്രവാസികളെ വീണ്ടും അപഹസിച്ച്‌ കോൺഗ്രസ്‌ നേതൃത്വം. ലോക കേരളസഭ കഴിഞ്ഞിട്ടും പ്രവാസികളെ അപമാനിക്കുന്നത്‌ തുടരുകയാണ്‌. പ്രതിപക്ഷ നേതാവ്‌ വി ഡി സതീശനും കെ മുരളീധരൻ എംപിയും ഞായറാഴ്‌ച പ്രവാസികളെ ആക്ഷേപിച്ചു.

ലോക കേരളസഭ സമ്പന്നരുടെ സഭ ആണെന്നാണ്‌ പ്രതിപക്ഷ നേതാവ്‌ വി ഡി സതീശന്റെ ആക്ഷേപം. മുഖ്യമന്ത്രി സമ്പന്നരെമാത്രം സംരക്ഷിച്ചാൽ പോരെന്നും സതീശൻ പറഞ്ഞു. എന്നാൽ,  ചെറുകിട വ്യാപാരികൾ മുതൽ വീട്ടുജോലിക്കാർ വരെയുള്ളവരുടെ പ്രതിനിധികളാണ്‌ സഭയിൽ പങ്കെടുത്തത്‌. ആരോഗ്യ സംരക്ഷണം, ഇൻഷുറൻസ്‌, ചെലവ്‌ കുറഞ്ഞ യാത്രാസൗകര്യം, കുട്ടികളുടെ പഠനവും അവരുടെ കലാപരമായ കഴിവുകൾ പ്രകടിപ്പിക്കാനുള്ള അവസരവും തുടങ്ങി ഏറ്റവും സാധാരണക്കാരായ പ്രവാസികളുടെ പ്രശ്നങ്ങളും നാട്ടിലുള്ള അവരുടെ ബന്ധുക്കളുടെ പ്രശ്നങ്ങളും ചർച്ച ചെയ്തു.  എം എ യൂസഫലി സൂക്ഷിച്ച്‌ സംസാരിക്കണമായിരുന്നുവെന്നാണ്‌ കെ മുരളീധരൻ എംപിയുടെ കുറ്റപ്പെടുത്തൽ. കേരളത്തിന്റെ ഏത്‌ ആവശ്യത്തിനും മുന്നിൽനിന്ന്‌ സഹായിക്കുന്ന ആളാണ്‌ യൂസഫലി.

പ്രതിപക്ഷം ലോക കേരളസഭ ബഹിഷ്കരിച്ചത്‌ ശരിയായില്ല എന്ന്‌ അദ്ദേഹം ശക്തമായി പറഞ്ഞു. അതിനെ കോൺഗ്രസ്‌, ലീഗ്‌ അണികൾത്തന്നെ ‌കൈയടിച്ച്‌ പ്രോത്സാഹിപ്പിക്കുകയും വേദിയിലെത്തി പിന്തുണയ്ക്കുകയും ചെയ്തു. ഏതെങ്കിലും കാലത്ത്‌ ഇടതുപക്ഷം പ്രതിപക്ഷത്ത്‌ വന്നാൽ അവരും ലോക കേരളസഭ ബഹിഷ്കരിക്കരുതെന്നും യൂസഫലി കൂട്ടിച്ചേർത്തിരുന്നു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top