28 March Thursday

നായനാർ സ്‌മരണ 
പുതുക്കി 
ജനലക്ഷങ്ങൾ

വെബ് ഡെസ്‌ക്‌Updated: Friday May 19, 2023


തിരുവനന്തപുരം/കണ്ണൂർ
കമ്യൂണിസ്‌റ്റ്‌–-കർഷക പ്രസ്ഥാനത്തിന്റെ സമാരാധ്യ നേതാവും മുൻ മുഖ്യമന്ത്രിയും സിപിഐ എം പൊളിറ്റ് ബ്യൂറോ അംഗവുമായിരുന്ന ഇ കെ നായനാരുടെ പ്രോജ്വല സ്‌മരണ പുതുക്കി ജനലക്ഷങ്ങൾ. പതാക ഉയർത്തിയും പ്രഭാതഭേരിയും അനുസ്‌മരണയോഗങ്ങളും സംഘടിപ്പിച്ചും നാടെങ്ങും പത്തൊമ്പതാം ചരമവാർഷികം ആചരിച്ചു.  എ കെ ജി സെന്ററിൽ കേന്ദ്ര കമ്മിറ്റി അംഗം പി കെ ശ്രീമതി പതാക ഉയർത്തി. ജില്ലാ കമ്മിറ്റി ഓഫീസിൽ സെക്രട്ടറി വി ജോയി പതാക ഉയർത്തി. ദേശാഭിമാനി ആസ്ഥാനത്ത്‌ ജനറൽ മാനേജർ കെ ജെ തോമസ്‌ പതാക ഉയർത്തി. അനുസ്‌മരണ യോഗത്തിൽ റസിഡന്റ്‌ എഡിറ്റർ വി ബി പരമേശ്വരൻ സംസാരിച്ചു. ദിനാചരണത്തിന്റെ ഭാഗമായി ജീവനക്കാർക്കായി നടത്തിയ ഷട്ടിൽ ടൂർണമെന്റിലെ വിജയികൾക്ക്‌ കെ ജെ തോമസ്‌ ട്രോഫികൾ സമ്മാനിച്ചു. നായനാർ ചാരിറ്റബിൾ ട്രസ്‌റ്റ്‌ ആസ്ഥാനത്ത്‌ എം വിജയകുമാർ പതാക ഉയർത്തി.

കണ്ണൂർ പയ്യാമ്പലത്തെ സ്‌മൃതികുടീരത്തിൽ നടന്ന പുഷ്‌പാർച്ചനയിൽ നൂറുകണക്കിന്‌ ബഹുജനങ്ങളും പ്രവർത്തകരും  നേതാക്കളും നായനാരുടെ കുടുംബാംഗങ്ങളും പങ്കെടുത്തു.    സിപിഐ എം കേന്ദ്ര കമ്മിറ്റിയംഗം ഇ പി ജയരാജൻ, ജില്ലാ സെക്രട്ടറി എം വി ജയരാജൻ എന്നിവർ പുഷ്‌പചക്രം അർപ്പിച്ചു. നായനാരുടെ മക്കളായ കെ പി കൃഷ്‌ണകുമാർ, വിനോദ്‌കുമാർ,  ഉഷ, മറ്റ്‌ കുടുംബാംഗങ്ങൾ, സിപിഐ എം സംസ്ഥാന കമ്മിറ്റിയംഗങ്ങളായ പി ജയരാജൻ, ടി വി രാജേഷ്, എൻ ചന്ദ്രൻ, സിഐടിയു സംസ്ഥാന സെക്രട്ടറി കെ പി സഹദേവൻ, എംഎൽഎമാരായ രാമചന്ദ്രൻ കടന്നപ്പള്ളി, കെ വി സുമേഷ്, എം വിജിൻ,  ജില്ലാപഞ്ചായത്ത് പ്രസിഡന്റ് പി പി ദിവ്യ തുടങ്ങിയവർ പങ്കെടുത്തു.

നായനാർ അക്കാദമിയിൽ എം വി ജയരാജൻ പതാക ഉയർത്തി. പൊളിറ്റ്‌ ബ്യൂറോ അംഗം പ്രകാശ്‌ കാരാട്ട്‌ അനുസ്‌മരണ പ്രഭാഷണം നടത്തി. ഇ പി ജയരാജൻ അധ്യക്ഷനായി. നായനാരുടെ ജന്മനാടായ കല്യാശേരിയിൽ ബഹുജനറാലി നടന്നു. അനുസ്‌മരണസമ്മേളനം പ്രകാശ്‌ കാരാട്ട്‌ ഉദ്‌ഘാടനംചെയ്‌തു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top