24 April Wednesday

ജനങ്ങളുടെ 
 സർക്കാർ മൂന്നാം വർഷത്തിലേക്ക് ; വാർഷികസമ്മാനമായി കെ ഫോൺ , ഉദ്‌ഘാടനം 
ജൂൺ അഞ്ചിന്‌

വെബ് ഡെസ്‌ക്‌Updated: Friday May 19, 2023


തിരുവനന്തപുരം
എല്ലാവർക്കും ഇന്റർനെറ്റ് എന്ന സ്വപ്‌നം യാഥാർഥ്യമാക്കുന്ന കെഫോൺ പദ്ധതി ജൂൺ അഞ്ചിന് ഉദ്‌ഘാടനം ചെയ്യുമെന്ന്‌ പ്രഖ്യാപിച്ച്‌ രണ്ടാം പിണറായി സർക്കാർ  മൂന്നാം വർഷത്തിലേക്ക്. ഭരണത്തുടർച്ചയെന്ന പുതുചരിത്രം രചിച്ച്‌ 2021 മെയ് 20നാണ് സർക്കാർ സത്യപ്രതിജ്ഞ ചെയ്തത്‌. സമസ്ത മേഖലയിലും സമ​ഗ്ര മാറ്റങ്ങൾ സൃഷ്ടിച്ചാണ് പിണറായി സർക്കാർ കുതിക്കുന്നത്. കേരളത്തെ വിജ്ഞാന സമ്പദ്ഘടനയാക്കുന്നതിനൊപ്പം അതി​ദാരിദ്ര്യം തുടച്ചുനീക്കാനുള്ള സമ​ഗ്രപദ്ധതിയും ആവിഷ്കരിച്ചു.

രണ്ടാംവാർഷിക ആഘോഷ സമാപനം ശനി വൈകിട്ട് അഞ്ചിന് പുത്തരിക്കണ്ടം മൈതാനത്ത് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. സർക്കാരിന്റെ പ്രോഗ്രസ് റിപ്പോർട്ടും പ്രകാശിപ്പിക്കും. ഏപ്രിൽ ഒന്നിന്‌ എറണാകുളത്താണ്‌ ആഘോഷ പരിപാടികൾക്ക്‌ തുടക്കമായത്.

ഇനി എല്ലാവർക്കും ഇന്റർനെറ്റ്‌
എല്ലാവർക്കും ഇന്റർനെറ്റെന്ന സ്വപ്‌നം ജൂൺ അഞ്ചിന്‌ യാഥാർഥ്യമാകും. സംസ്ഥാന സർക്കാർ ആവിഷ്‌കരിച്ച കെ ഫോൺ പദ്ധതിയുടെ ഉദ്‌ഘാടനം അന്ന്‌ നടക്കുമെന്ന്‌ മുഖ്യമന്ത്രി പിണറായി വിജയൻ വ്യക്തമാക്കി.സംസ്ഥാനത്തെ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന 20 ലക്ഷത്തോളം കുടുംബങ്ങൾക്ക് സൗജന്യമായും മറ്റുള്ളവർക്ക് മിതമായ നിരക്കിലും അതിവേഗ ഇന്റർനെറ്റ് കെ ഫോൺ മുഖേന ലഭ്യമാകുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.

നിലവിൽ ഏകദേശം 18,000 സർക്കാർ സ്ഥാപനങ്ങളിൽ കെ -ഫോൺ മുഖേന കണക്‌ഷൻ നൽകിയിട്ടുണ്ട്‌. 7000 വീട്ടിൽ അടിസ്ഥാന സൗകര്യങ്ങളും പൂർത്തിയാക്കി. അതിൽ 748 കണക്‌ഷൻ നൽകി. ഇന്റർനെറ്റ് ജനതയുടെ അവകാശമായി പ്രഖ്യാപിച്ച സർക്കാരാണ്‌ കേരളത്തിൽ. മാറുന്ന ലോകത്തിനൊപ്പം മുന്നോട്ടു കുതിക്കാൻ സാർവത്രികമായ ഇന്റർനെറ്റ് അനിവാര്യമാണ്. ജ്ഞാന സമ്പദ്‌വ്യവസ്ഥയിൽ ഊന്നുന്ന നവകേരള നിർമിതിക്കായുള്ള പരിശ്രമത്തിന്‌ അടിത്തറയൊരുക്കുന്ന പദ്ധതിയായി കെ ഫോൺ മാറും.

കെ ഫോൺ പദ്ധതി ടെലികോം മേഖലയിലെ കോർപറേറ്റ്‌ ശക്തികൾക്കെതിരെയുള്ള ഇടതുസർക്കാരിന്റെ ജനകീയ ബദൽകൂടിയാണ്‌. സ്വകാര്യ കേബിൾ ശൃംഖലകളുടെയും മൊബൈൽ സേവനദാതാക്കളുടെയും ചൂഷണത്തിന്‌ അവസരമൊരുക്കരുതെന്ന നിശ്ചയദാർഢ്യത്തോടെയാണ്‌ സംസ്ഥാന സർക്കാർ കെ ഫോൺ പദ്ധതിക്ക്‌ തുടക്കമിട്ടത്. കെ ഫോൺ കേരളത്തിന്റെ സ്വന്തം ഇന്റർനെറ്റാണ്. സംസ്ഥാനത്തെ ഡിജിറ്റൽ ഇൻഫ്രാസ്ട്രക്ചർ ശക്തവും കാര്യക്ഷമവുമാക്കുന്നതിനും ഇ–-- ഗവേണൻസ്  സാർവത്രികമാക്കുന്നതിനും പദ്ധതി സഹായകമാകുമെന്നും മുഖ്യമന്ത്രി പറഞ്ഞു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top