16 April Tuesday

വീടുകളിൽ തൊട്ടറിയാം മാറ്റത്തിന്റെ പൾസ്

വെബ് ഡെസ്‌ക്‌Updated: Thursday May 19, 2022

സിപിഐ എം കേന്ദ്ര കമ്മിറ്റി അംഗം പി കെ ശ്രീമതി എറണാകുളം ഗിരിനഗറിൽ വോട്ട് തേടി വീടുകൾ കയറിയപ്പോൾ


കൊച്ചി
ഓരോ പ്രദേശത്തിന്റെയും പ്രശ്‌നങ്ങൾ ചോദിച്ചറിഞ്ഞും പരിഹാരത്തിന്‌ വഴികാട്ടിയും നേതാക്കൾ, സർക്കാരിന്റെ കരുതലിനെയും സേവന പദ്ധതികളെയുംകുറിച്ച്‌ വാചാലരായി വീട്ടുകാർ...  തൃക്കാക്കരയിൽ ഡോ. ജോ ജോസഫിന്റെ വിജയത്തിനായി വീടുകൾ സന്ദർശിച്ച നേതാക്കളുമായി വീട്ടുകാർ നടത്തുന്ന ചർച്ചകൾ തുറന്ന സംവാദ വേദികളായി മാറുകയാണ്‌.

ജോ ജയിക്കേണ്ടത്‌ മണ്ഡലത്തിന്റെ ആവശ്യമാണെന്ന്‌ ജനങ്ങൾ തിരിച്ചറിഞ്ഞതായി സിപിഐ എം കേന്ദ്ര കമ്മിറ്റി അംഗം പി കെ ശ്രീമതി പറയുന്നു. എൽഡിഎഫ്‌ തരംഗം ശക്തമായി അനുഭവപ്പെടുന്നുണ്ട്‌. അനുകൂല പ്രതികരണവും സ്വീകരണവുമാണ്‌ എല്ലായിടത്തും ലഭിക്കുന്നത്‌. എൽഡിഎഫ്‌ സർക്കാരിന്റെ ജനസേവനങ്ങളാണ്‌ ഈ പൊതു സ്വീകാര്യതയ്‌ക്ക്‌ കാരണം. പനമ്പിള്ളിനഗറിൽ വീടുകളിൽ കയറി വോട്ടർമാരെ നേരിൽക്കണ്ട്‌ സംസാരിക്കുകയായിരുന്നു ശ്രീമതി. പനമ്പിള്ളി നഗറിലെ വെള്ളക്കെട്ട്‌ ഒഴിവാക്കാൻ ഡോ. ജോ ജോസഫ്‌ വിജയിച്ചാൽ നടപടി സ്വീകരിക്കുമെന്നും ശ്രീമതി പറഞ്ഞു.

തൃക്കാക്കര ഈസ്‌റ്റിൽ ഡോ. തോമസ്‌ ഐസക്‌ വീടുകളിൽ കയറി വോട്ടർമാരെ കണ്ടു. കുടുംബയോഗങ്ങളിലും സംസാരിച്ചു. ഇടപ്പള്ളി പോണേക്കരയിൽ ജോൺ ബ്രിട്ടാസ്‌ എംപി വീടുകളിലും ഫ്ലാറ്റിലും കയറി വോട്ടഭ്യർഥിച്ചു. കുടുംബയോഗങ്ങളിലും സംസാരിച്ചു.

കെ ടി ജലീൽ തൃക്കാക്കര സെൻട്രലിൽ വീടുകളിലും ഫ്ലാറ്റുകളിലും വോട്ടഭ്യർഥിച്ചെത്തി. പൂണിത്തുറയിൽ രാമചന്ദ്രൻ കടന്നപ്പള്ളി എംഎൽഎ വോട്ടർമാരുമായി സംസാരിച്ചു. വീടുകളിൽ വോട്ടഭ്യർഥിച്ച അദ്ദേഹം കുടുംബയോഗങ്ങളിലും പങ്കെടുത്തു. വെണ്ണലയിൽ എ എം ആരിഫ്‌ എംപിയും വൈറ്റിലയിൽ എ എ റഹീം എംപിയും വോട്ടർമാരെ വീട്ടിലെത്തി കണ്ടു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top