25 April Thursday

തൃക്കാക്കര തൊട്ട്‌ 
 ജലമെട്രോ

എം എസ്‌ അശോകൻUpdated: Thursday May 19, 2022


കൊച്ചി
തൃക്കാക്കരയെ പ്രൗഢമാക്കാൻ ‌ജലമെട്രോയും വരുന്നു. ചിറ്റേത്തുകര ചിത്രപ്പുഴ പാലത്തിനുസമീപം പൂർത്തിയായ ടെർമിനലിലേക്ക്‌ ദിവസവും പരീക്ഷണ ഓട്ടം നടത്തുന്ന ‘മുസിരിസ്‌’ നാടിന്‌ കൗതുകക്കാഴ്‌ച.  വൈറ്റില മൊബിലിറ്റി ഹബ്ബിനടുത്തെ ടെർമിനലിൽനിന്ന്‌ ‌ചിറ്റേത്തുകരയിൽ എത്താൻ വേണ്ടത്‌ 30 മിനിട്ട്‌ മാത്രം. കൂടുതൽ ബോട്ടുകളുമായി പദ്ധതി വൈകാതെ വാണിജ്യാടിസ്ഥാനത്തിലാക്കും. 

എഴുപത്താറ്‌ കിലോമീറ്റർ ദൂരത്തിൽ 38 ടെർമിനലുകളെ ബന്ധിപ്പിച്ച്‌ 78 അത്യാധുനിക ബാറ്ററി ബോട്ടുകൾ സർവീസ്‌ നടത്തുന്ന വിപുലമായ ജലഗതാഗത ശൃംഖലയാണ്‌ കൊച്ചി ജലമെട്രോ വിഭാവനം ചെയ്യുന്നത്‌.  നാല്‌ ബോട്ടുകളുടെ നിർമാണം കൊച്ചി കപ്പൽശാലയിൽ അതിവേഗം പുരോഗമിക്കുന്നു‌. ബോട്ടുകളുടെ  അറ്റകുറ്റപ്പണിക്കുള്ള യാർഡ്‌ കാക്കനാട്‌ കിൻഫ്ര വ്യവസായ മേഖലയിലെ രണ്ടേക്കറിൽ  ഒരുങ്ങുന്നുണ്ട്‌.

ജലമെട്രോ ബോട്ടുകളും ടെർമിനലുകളും നിയന്ത്രിക്കുന്ന ഓപ്പറേഷൻ കൺട്രോൾ സെന്റർ (ഒസിസി) ജൂണോടെ പൂർത്തിയാകും. വൈറ്റില മൊബിലിറ്റി ഹബ്ബിൽ ജലമെട്രോ ടെർമിനലിനുസമീപത്താണ്‌ ഒസിസി.   ഇത്രയും ബോട്ടുകളും ടെർമിനലുകളും അടങ്ങുന്ന ശൃംഖല ഒറ്റ കേന്ദ്രത്തിൽനിന്ന്‌ നിയന്ത്രിക്കുന്ന ലോകത്തിലെ ആദ്യ സംവിധാനമാകും ഇത്‌. 

എട്ടു ടെർമിനലുകളാണ്‌ അടിയന്തരമായി പൂർത്തിയാക്കുന്നത്‌. ഇതിൽ കാക്കനാട്, വൈറ്റില, ഏലൂർ എന്നിവ പൂർണസജ്ജം. വൈപ്പിൻ, ബോൾഗാട്ടി, ഹൈക്കോർട്ട്, സൗത്ത് ചിറ്റൂർ, ചേരാനല്ലൂർ എന്നിവയുടെ നിർമാണം അടുത്തമാസത്തോടെ പൂർത്തിയാകും.  വൈറ്റില-–-കാക്കനാട് റൂട്ടിൽ ഡ്രഡ്ജിങ്ങും കഴിഞ്ഞു. ഹൈക്കോർട്ട്-–-വൈറ്റില റൂട്ടിൽ ഡ്രഡ്ജിങ്‌ പൂർത്തിയാകുന്നു. ബോട്ടും ടെർമിനലും പ്രവർത്തിപ്പിക്കാനുള്ള ജീവനക്കാരുടെ പരിശീലനം നടക്കുന്നു. 16 പേർ ഇപ്പോൾ രംഗത്തുണ്ട്‌. 12 പേരെക്കൂടി ഉടൻ നിയമിക്കും. ടെർമിനലുകളിലേക്കായി 20 പേരെ നിയമിച്ചുകഴിഞ്ഞു.

ഒഴുകും മുസിരിസ്‌
ആദ്യ പവേർഡ് ഇലക്ട്രിക്ബോട്ടാണ് മുസിരിസ്‌. ആദ്യഘട്ടത്തിൽ എത്തുന്ന 23 ബോട്ടുകളിൽ ആദ്യത്തേത്‌. കൊച്ചിൻ ഷിപ്‌യാർഡ് നിർമിച്ചത്. ശീതീകരിച്ച ബോട്ടിൽ  100 പേർക്ക് സഞ്ചരിക്കാം. ബാറ്ററിക്കു പുറമെ ഡീസൽ ജനറേറ്റർ വഴിയും പ്രവർത്തിപ്പിക്കാം.   10 മുതൽ -15 വരെ മിനിറ്റ് മതി പൂർണ ബാറ്ററി ചാർജിങ്ങിന്‌. മണിക്കൂറിൽ എട്ട് നോട്ട് ആണ് വേഗം. പരമ്പരാഗത ബോട്ടിനേക്കാൾ കൂടുതൽ. അലൂമിനിയം കറ്റമരൻ ഹള്ളിലാണ് നിർമിതി. ഫ്ലോട്ടിങ് ജെട്ടികളായതിനാൽ ബോട്ടും ജെട്ടിയും എപ്പോഴും ഒരേനിരപ്പിലായിരിക്കും. സുരക്ഷിതമായി കുട്ടികൾക്കും മുതിർന്നവർക്കും കയറുകയും ഇറങ്ങുകയും ചെയ്യാം. വൈറ്റില ഹബ്ബിലെ ഓപ്പറേറ്റിങ്‌ കൺട്രോൾ സെന്ററിൽനിന്ന്  ബോട്ടിന്റെ സഞ്ചാരം നിരീക്ഷിക്കാനും   സജ്ജീകരണങ്ങളുണ്ട്.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top