24 April Wednesday

തദ്ദേശ ഉപതെരഞ്ഞെടുപ്പ്‌ : വെമ്പിള്ളിയിൽ അട്ടിമറിച്ചത്‌ 
15 കൊല്ലത്തെ യുഡിഎഫ്‌ കുത്തക

വെബ് ഡെസ്‌ക്‌Updated: Thursday May 19, 2022



കൊച്ചി
ജില്ലയിൽ അഞ്ച് തദ്ദേശസ്ഥാപനങ്ങളിലെ ആറ് വാർഡുകളിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പിൽ ട്വന്റി 20 ഭരിക്കുന്ന കുന്നത്തുനാട് പഞ്ചായത്തിലെ 11–--ാംവാർഡ് വെമ്പിള്ളി എൽഡിഎഫ് യുഡിഎഫിൽനിന്ന്‌ പിടിച്ചെടുത്തു.

കൊച്ചി കോർപറേഷൻ 62–--ാം ഡിവിഷൻ (എറണാകുളം സൗത്ത്) ബിജെപിയും നെടുമ്പാശേരി പഞ്ചായത്ത് 17–-ാംവാർഡ്‌ (അത്താണി ടൗൺ), വാരപ്പെട്ടി പഞ്ചായത്ത് ആറാംവാർഡ് (മൈലൂർ) എന്നിവ യുഡിഎഫും നിലനിർത്തി. തൃപ്പൂണിത്തുറ ന​ഗരസഭ 11–--ാംവാർഡും (ഇളമനത്തോപ്പ്‌) 46–--ാംവാർഡും (പിഷാരി കോവിൽ) യുഡിഎഫ് ബിജെപിക്ക് വോട്ട് മറിച്ചതിനാൽ എൽഡിഎഫിന് നഷ്ടമായി.

കുന്നത്തുനാട്‌ പഞ്ചായത്തിൽ 15 വർഷമായി യുഡിഎഫ് ജയിച്ചിരുന്ന വെമ്പിള്ളി വാർഡ് എൽഡിഎഫ് സ്ഥാനാർഥി എൻ ഒ ബാബു 139 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ്‌ പിടിച്ചെടുത്തത്. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ 268 വോട്ടുമായി മൂന്നാംസ്ഥാനത്തായിരുന്ന എൽഡിഎഫിന്‌ ഇത്തവണ 520 വോട്ട്‌ ലഭിച്ചു. യുഡിഎഫിന്റെ പി പി ജോർജ് 284ഉം  ട്വിൻറി 20 സ്ഥാനാർഥി എൽദോ പോൾ 381 വോട്ടും  ബിജെപി സ്ഥാനാർഥി പ്രദീപ് പുളിമൂട്ടിൽ 29 വോട്ടും നേടി. കോൺഗ്രസ് അംഗം ജോസ് ജോർജ് ‌മരിച്ച ഒഴിവിലേക്കായിരുന്നു തെരഞ്ഞെടുപ്പ്. പഞ്ചായത്തിലെ കക്ഷി നില: ട്വിന്റി 20–-11, യുഡിഎഫ്–-ആറ്, എൽഡിഎഫ് –-രണ്ട്.

കൊച്ചി കോർപറേഷൻ 62–--ാംവാർഡിൽ ബിജെപി സ്ഥാനാർഥി പത്മജ എസ് മേനോൻ 75 വോട്ടിന്റെ ഭൂരിപക്ഷത്തിൽ 974 വോട്ട് നേടി വിജയിച്ചു. യുഡിഎഫ് സ്ഥാനാർഥി അനിത വാര്യർ  899 വോട്ടും എൽഡിഎഫ് സ്ഥാനാർഥി അശ്വതി എസ് 328 വോട്ടും നേടി. കഴിഞ്ഞ തെരഞ്ഞെടുപ്പിനേക്കാൾ 47 വോട്ട് എൽഡിഎഫ് കൂടുതലായി നേടി. ബിജെപി അം​ഗം മിനി ആർ മേനോൻ മരിച്ച ഒഴിവിലേക്കായിരുന്നു തെരഞ്ഞെടുപ്പ്. കൊർപറേഷനിലെ കക്ഷി നില: എൽഡിഎഫ് (സ്വതന്ത്രൻ ഉൾപ്പെടെ) –-38, യുഡിഎഫ്–-31, ബിജെപി–-അഞ്ച്.

നെടുമ്പാശേരി പഞ്ചായത്ത് 17–-ാംവാർഡിൽ (അത്താണി ടൗൺ) യുഡിഎഫ് സ്ഥാനാർഥി ജോബി നെൽക്കര 274 വോട്ടിന്റെ ഭൂരിപക്ഷത്തിൽ വിജയിച്ചു. ജോബി 709 വോട്ട് നേടി. 

2020ലെ തെരഞ്ഞെടുപ്പിൽ 126 വോട്ടായിരുന്നു എൽഡിഎഫിന് ലഭിച്ചതെങ്കിൽ ഇത്തവണ എൽഡിഎഫ് സ്ഥാനാർഥി ഡോ. എം പി ആന്റണി 435 വോട്ട്‌ നേടി. ബിജെപിക്ക് 34 വോട്ട് മാത്രമാണ് ലഭിച്ചത്. കോൺഗ്രസ് അംഗം പി വൈ വർഗീസ് രാജിവച്ച ഒഴിവിലേക്കായിരുന്നു തെരഞ്ഞെടുപ്പ്. കക്ഷിനില: എൽഡിഎഫ് –-ഒമ്പത്, യുഡിഎഫ്‌–-ഒമ്പത്, സ്വതന്ത്രൻ–-ഒന്ന്‌.

വാരപ്പെട്ടി പഞ്ചായത്ത്‌ ആറാംവാർഡ് മൈലൂരിൽ യുഡിഎഫ് സ്ഥാനാർഥി കെ കെ ഹുസൈൻ വിജയിച്ചെങ്കിലും ഭൂരിപക്ഷം കുത്തനെ ഇടിഞ്ഞു. കഴിഞ്ഞതവണ 303 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് യുഡിഎഫ് സ്വതന്ത്രസ്ഥാനാർഥി അന്തരിച്ച സി കെ അബ്ദുൽ നൂർ ജയിച്ചതെങ്കിൽ ഇത്തവണ 25 വോട്ട് മാത്രമാണ് ഭൂരിപക്ഷം.

യുഡിഎഫ്‌ 647 വോട്ട്‌ നേടിയപ്പോൾ എൽഡിഎഫ് സ്ഥാനാർഥി ഷിബു വർക്കി 622 വോട്ട് നേടി. പഞ്ചായത്തിലെ കക്ഷി നില: യുഡിഎഫ്–-9, എൽഡിഎഫ്–-3, എൻഡിഎ–-1.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top