05 July Tuesday

സ്വാതന്ത്ര്യസമര ചരിത്രം മാറ്റിയെഴുതാൻ ആർഎസ്‌എസ്‌ നീക്കം: എളമരം കരീം

വെബ് ഡെസ്‌ക്‌Updated: Thursday May 19, 2022


കൊല്ലം
ഇന്ത്യയുടെ മതനിരപേക്ഷത നിലനിർത്താനും വർഗീയതയെ ചെറുത്തുതോൽപ്പിക്കാനും തൊഴിലാളികൾ ഒറ്റക്കെട്ടായി അണിനിരക്കണമെന്ന്‌ സിഐടിയു സംസ്ഥാന ജനറൽ സെക്രട്ടറി എളമരം കരീം പറഞ്ഞു. ഹെഡ്‌ലോഡ്‌ ആന്‍ഡ് ജനറൽ വർക്കേഴ്‌സ്‌ ഫെഡറേഷൻ (സിഐടിയു)സംസ്ഥാന സമ്മേളനം കൊല്ലത്ത്‌ സി കേശവൻ സ്‌മാരക ടൗൺ ഹാളിൽ ഉദ്‌ഘാടനംചെയ്യുകയായിരുന്നു അദ്ദേഹം.

വർഗീയത തൊഴിലാളികളുടെ ഐക്യം തകർക്കും. ഇന്ത്യയുടെ സ്വാതന്ത്ര്യസമര ചരിത്രം കുപ്രചാരണങ്ങളിലൂടെ മാറ്റിയെഴുതാനാണ്‌ ആർഎസ്‌എസും ബിജെപിയും ശ്രമിക്കുന്നത്‌. സ്വാതന്ത്ര്യസമരത്തിന്റെ 75 –-ാം വാർഷികം ആഘോഷിക്കുന്ന ഘട്ടത്തിൽ ദേശീയസമരത്തിലെ മതനിരപേക്ഷതയുടെ പങ്കിനെ കുറച്ചുകാണിക്കാനാണ്‌ ശ്രമം. കേന്ദ്രസർക്കാരിന്റെ സ്വാതന്ത്ര്യത്തിന്റെ അമൃതവർഷം എന്ന പേരിലുള്ള പരിപാടി ആർഎസ്‌എസ്‌ തയ്യാറാക്കിയതാണ്‌. സ്വാതന്ത്ര്യസമരകാലത്ത്‌ ബ്രിട്ടീഷുകാർക്ക്‌ മാപ്പെഴുതിക്കൊടുത്ത പാരമ്പര്യമാണ്‌ ആർഎസ്‌എസിന്റേത്‌. സ്വാതന്ത്ര്യസമരത്തിൽ ഒരുപങ്കും ഇല്ലാത്ത പ്രസ്ഥാനമാണത്‌. എന്നിട്ട്‌ ചരിത്രം മാറ്റിയെഴുതാൻ കള്ളപ്രചാരണം നടത്തുന്നു. ദേശീയപ്രസ്ഥാനത്തെ സംബന്ധിച്ചും സ്വാതന്ത്ര്യസമരത്തിൽ തൊഴിലാളികളുടെ പങ്കിനെക്കുറിച്ചും ആ​ഗസ്ത് ഏഴു മുതൽ 14വരെ സിഐടിയു ക്യാമ്പയിൻ സംഘടിപ്പിക്കും.

31വർഷത്തിനിടയിലെ ഏറ്റവും ഉയർന്ന പണപ്പെരുപ്പമാണ്‌ രാജ്യത്തുള്ളതെന്നും എളമരം പറഞ്ഞു. ഇതു വിലക്കയറ്റം അതിരൂക്ഷമാക്കും.എല്ലാ പൊതുമേഖലാ സ്ഥാപനങ്ങളും കുത്തകകൾക്ക്‌ തീറെഴുതുകയാണ്‌ കേന്ദ്രസർക്കാർ.

ഹെഡ്‌ലോഡ്‌ ആൻഡ്‌ ജനറൽ വർക്കേഴ്‌സ്‌ ഫെഡറേഷൻ
സംസ്ഥാന സമ്മേളനത്തിന്‌ ആവേശത്തുടക്കം

തൊഴിലാളികളുടെ സംഘശക്തി വിളിച്ചോതി ഹെഡ്‌ലോഡ്‌ ആൻഡ്‌ ജനറൽ വർക്കേഴ്‌സ്‌ ഫെഡറേഷൻ (സിഐടിയു) സംസ്ഥാന സമ്മേളനത്തിന്‌ ഉജ്വല തുടക്കം. കാട്ടാക്കട ശശി നഗറിൽ (സി കേശവൻ മെമ്മോറിയൽ ടൗൺ ഹാൾ) പ്രതിനിധി സമ്മേളനം സിഐടിയു സംസ്ഥാന ജനറൽ സെക്രട്ടറി എളമരം കരീം ഉദ്‌ഘാടനംചെയ്‌തു.  ഫെഡറേഷൻ സംസ്ഥാന പ്രസിഡന്റ്‌ ടി പി രാമകൃഷ്‌ണൻ അധ്യക്ഷനായി. സ്വാഗതസംഘം ചെയർമാൻ എസ്‌ ജയമോഹൻ സ്വാഗതം പറഞ്ഞു. എസ്‌എഫ്‌ഐ കൊല്ലം ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ സ്വാഗതഗാനം ആലപിച്ചു. ജാനകി കലാക്ഷേത്രം നൃത്തശിൽപ്പം അവതരിപ്പിച്ചു. സി ജയൻബാബു രക്തസാക്ഷി പ്രമേയവും  കെ രാമദാസ്  അനുശോചന പ്രമേയവും ഫെഡറേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി ആർ രാമു പ്രവർത്തന റിപ്പോർട്ടും അവതരിപ്പിച്ചു.

പ്രതിനിധി സമ്മേളനത്തിനു മുന്നോടിയായി സമ്മേളന നഗറിൽ രാവിലെ ടി പി രാമകൃഷ്‌ണൻ പതാക ഉയർത്തി. രക്തസാക്ഷിമണ്ഡപത്തിൽ പ്രതിനിധികൾ പുഷ്‌പാർച്ചന നടത്തി.

പ്രമേയ കമ്മിറ്റി: പി കെ ശശി (കൺവീനർ), സി ജയൻബാബു, എം എ രാജഗോപാൽ, സി നാസർ, എം എസ് സ്കറിയ, കെ രാമദാസ് (അംഗങ്ങൾ). ക്രഡൻഷ്യൽ: ടി ആർ സോമൻ (കൺവീനർ), കെ പി രാജൻ, മലയാലപ്പുഴ മോഹനൻ, കെ എം  അഷ്‌റഫ് (അംഗങ്ങൾ). മിനിറ്റ്‌സ്‌: എൻ സുന്ദരൻപിള്ള (കൺവീനർ), എസ് ആർ രമേശ്, ആർ എസ് സതീശൻ, വി കെ വിനു (അംഗങ്ങൾ).

സമ്മേളനം വ്യാഴാഴ്‌ച സമാപിക്കും. പൊതുസമ്മേളനം കെ തുളസീധരൻ നഗറിൽ (ക്യൂഎസി മൈതാനം) സിപിഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണൻ ഉദ്‌ഘാടനംചെയ്യും. വൈകിട്ട്‌ നാലിന്‌ ആശ്രാമം മൈതാനിയിൽനിന്ന്‌ ആരംഭിക്കുന്ന പ്രകടനത്തിൽ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം ജില്ലകളിലെ ചുമട്ടുതൊഴിലാളികൾ അണിനിരക്കും.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top