25 April Thursday

അപകടസാധ്യതയുള്ളിടത്തെ 
ജനങ്ങളെ മാറ്റണം: മുഖ്യമന്ത്രി

വെബ് ഡെസ്‌ക്‌Updated: Thursday May 19, 2022


തിരുവനന്തപുരം
അപകടസാധ്യതയുള്ള പ്രദേശത്ത്‌ ആളുകളെ ദുരിതാശ്വാസ ക്യാമ്പിലേക്ക്‌ മാറ്റണമെന്ന്‌ മുഖ്യമന്ത്രി പിണറായി വിജയൻ നിർദേശം നൽകി. തദ്ദേശസ്ഥാപനങ്ങൾ ദുരന്തസാധ്യതയുള്ള പ്രദേശത്തെ ആളുകളുടെ പട്ടിക തയ്യാറാക്കണം. ഇത്‌ വില്ലേജ് ഓഫീസർ, പൊലീസ്, അഗ്നിരക്ഷാസേന, ദുരന്തനിവാരണ അതോറിറ്റി എന്നിവർക്ക്‌ കൈമാറണമെന്നും കാലവർഷ മുന്നൊരുക്ക യോഗത്തിൽ മുഖ്യമന്ത്രി പറഞ്ഞു. ക്യാമ്പിന്‌ തെരഞ്ഞെടുത്ത കെട്ടിടവും വഴിയും അടയാളപ്പെടുത്തി പ്രസിദ്ധീകരിക്കണം. ഇവിടെ മതിയായ സൗകര്യമുണ്ടാകണം. ഭക്ഷണം, കുടിവെള്ളം, ശുചിമുറി എന്നിവ ഉറപ്പാക്കണം. 25 വരെ താരതമ്യേന കുറവ് മഴയാണ് പ്രവചിച്ചിരിക്കുന്നത്. അത് പ്രയോജനപ്പെടുത്തി മുന്നൊരുക്ക പ്രവർത്തനം യുദ്ധകാലാടിസ്ഥാനത്തിലാക്കണം. മഴക്കാലപൂർവ ശുചീകരണത്തിൽ മുഴുവൻ ഓടകളും വൃത്തിയാക്കി എന്നുറപ്പാക്കണം. പുഴയിലെ മണലും എക്കലും നീക്കം ചെയ്യുന്ന പ്രവർത്തനം വേഗത്തിലാക്കണം. സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിയും കാലാവസ്ഥാവകുപ്പും പുറപ്പെടുവിക്കുന്ന മുന്നറിയിപ്പ്‌ നിർദേശങ്ങൾ പഞ്ചായത്ത് വാർഡ്തലംവരെ എത്തണം. അപകടസാധ്യതയുള്ള മരച്ചില്ലകൾ വെട്ടി മരങ്ങൾ കോതിയൊതുക്കുന്ന പ്രവൃത്തി തദ്ദേശസ്ഥാപനം പൂർത്തിയാക്കണം. കെഎസ്‌ഇബി  സുരക്ഷാ പരിശോധന നടത്തണം. മുഴുവൻ തദ്ദേശ സ്ഥാപനങ്ങളിലും മഴക്കാല കൺട്രോൾ റൂം 24 മണിക്കൂറും പ്രവർത്തിക്കണം. സിവിൽ ഡിഫൻസ്, സന്നദ്ധ സേന, മറ്റു സന്നദ്ധ സംഘടനകൾ എന്നിവയുടെ പ്രവർത്തനം ഏകോപിപ്പിക്കണം. പ്രത്യേക അടയാളങ്ങളോടെ സന്നദ്ധ പ്രവർത്തനത്തിന് വരാൻ അനുവദിക്കരുത്. വെള്ളപ്പൊക്ക, മണ്ണൊലിപ്പ് സാധ്യതാ പ്രദേശങ്ങൾ പ്രത്യേകം ശ്രദ്ധിക്കണം. വള്ളം, തോണി, സുരക്ഷാ ഉപകരണങ്ങൾ എന്നിവ ബന്ധപ്പെട്ട വകുപ്പുകൾ ആവശ്യാനുസരണം ഒരുക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

ചീഫ് സെക്രട്ടറി ഡോ. വി പി ജോയ്, സംസ്ഥാന പൊലീസ് മേധാവി അനിൽ കാന്ത്, വിവിധ വകുപ്പ് സെക്രട്ടറിമാർ, മേധാവികൾ, സേനാ പ്രതിനിധികൾ, ജില്ലാ കലക്ടർമാർ തുടങ്ങിയവർ പങ്കെടുത്തു.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top