29 March Friday

വി എൻ വാസവൻ വള്ളപ്പാട‌് മുന്നിൽ

എസ‌് മനോജ‌്Updated: Friday Apr 19, 2019

കോട്ടയം
അക്ഷരമണ്ഡലത്തിന്റെ ഹൃദയതാളമായിരിക്കുകയാണ‌് വി എൻ വാസവൻ. പൊതുപര്യടനത്തിൽ ആയിരത്തിലേറെ സ്വീകരണ കേന്ദ്രങ്ങൾ. മൂന്നു ലക്ഷത്തിലേറെ വോട്ടർമാരുമായി മുഖാമുഖം വോട്ടഭ്യർഥന. ജനകീയത വെളിവാക്കി ഏഴു നിയമസഭാ മണ്ഡലങ്ങളിൽ നിറഞ്ഞ‌് എൽഡിഎഫ‌് സ്ഥാനാർഥി.

ഇതുവരെ 42 ദിവസങ്ങളിലായി സമാനതകളില്ലാത്ത  സമർപ്പിതമായ  പ്രവർത്തനം. നാലര പതിറ്റാണ്ടായുള്ള പൊതുപ്രവർത്തന അനുഭവം. ഇവ രണ്ടും സമന്വയിച്ച ആവേശഭരിതമായ ദിനങ്ങൾ.  എവിടെയും ഉജ്വലമായ വിജയകാഹളം മുഴക്കിയുള്ള മുന്നേറ്റത്തിലാണ‌് വി എൻ വാസവൻ. അതിന്റെ പ്രഖ്യാപനമാണ‌് പോയദിനങ്ങളിലെ സ്വീകരണ കേന്ദ്രങ്ങളിൽ ദൃശ്യമായത‌്. അവർ നിറചിരിയുമായി കൈകളുയർത്തി അഭിവാദ്യമേകി. വിജയാശംസകൾ നേർന്നു. സ്വീകരണ കേന്ദ്രങ്ങളിലേക്കുള്ള സ്ഥാനാർഥിയുടെ വരവ‌് ഉച്ചഭാഷിണിയിലൂടെ അറിഞ്ഞ വഴിവക്കിലെ വീട്ടിലുള്ളവർ മുറിക്കുള്ളിൽനിന്ന‌് ഇറങ്ങിവന്ന‌് അഭിവാദ്യമേകി.

പലവിധ അസൗകര്യങ്ങളാൽ സ്വീകരണ കേന്ദ്രങ്ങളിലെത്താനാകാത്ത  കുട്ടികൾ, വീട്ടമ്മമാർ, വൃദ്ധർ എന്നിവരെല്ലാം ഈ സ്ഥാനാർഥിയെ ഒന്നു കാണാനുള്ള  ആകാംക്ഷയിലായിരുന്നു. ഇതാണ‌്  വോട്ടർമാരുടെ ജനകീയ മനസ്സ‌്.  ഇതിലാണ‌് വിജയ പ്രഖ്യാപനം നിഴലിക്കുന്ന  ജനാധിപത്യ പ്രക്രിയയിലെ ജനകീയ ‘സർവേ’.
വി എൻ വാസവന്റെ പര്യടന യാത്രകളിൽ ദൃശ്യമാകുന്നത‌് വിജയ പ്രഖ്യാപനമാണ‌്. വി എൻ വാസവന്റെ ജനകീയ വിജയഭേരി. മാർച്ച‌് ഒമ്പതിന‌് സ്ഥാനാർഥി കാര്യത്തിൽ തീരുമാനം വന്നതു മുതലുള്ള കഠിന ശ്രമമാണ‌് ഇത്രയധികം വോട്ടർമാരിലേക്ക‌് സ്ഥാനാർഥിയെ എത്തിച്ചത‌്.  രാവിലെ ആറു മുതൽ രാത്രി വൈകുംവരെ വോട്ടർമാർക്കും പ്രവർത്തകർക്കം ഇടയിൽ.

വിശ്വാസ്യത കൈമുതലാക്കി സമർപ്പിതമായ പൊതുപ്രവർത്തന ശൈലി. നാനാമുഖമായി ഈ സ്ഥാനാർഥിയിൽ നിറഞ്ഞു നിൽക്കുന്ന വ്യക്തിത്വം കോട്ടയം ലോക‌്സഭാ മണ്ഡലത്തിലെ വോട്ടർമാർ ഹൃദയത്തിലേറ്റുവാങ്ങിയിരിക്കുന്നു.

ബൂത്തുതലം മുതൽ എൽഡിഎഫ‌് സ‌്ക്വാഡുകൾ ഏറ്റെടുത്തിരിക്കുന്ന പ്രവർത്തനങ്ങളും ഏറെ ചിട്ടയോടെയാണ‌്.  ലോക‌്സഭാ മണ്ഡലം തെരഞ്ഞെടുപ്പ‌് കമ്മിറ്റി ചെയർമാൻ സി കെ ശശിധരനും സെക്രട്ടറി ടി ആർ രഘുനാഥനും ദൈനം ദിനം പ്രാദേശിക തലം വരെയുള്ള പ്രവർത്തനങ്ങളുടെ ഏകോപനം ഫലപ്രദമായി നിർവഹിച്ചും ഈ മുന്നേറ്റത്തിന‌് വഴിതുറക്കുന്നു. നിയമസഭാ മണ്ഡലം, പഞ്ചായത്ത‌്, ബൂത്ത‌് തലം വരെയുള്ള കമ്മിറ്റികളുടെ ഭാരവാഹികളും വളണ്ടിയർമാരും ഊണും ഉറക്കവുമില്ലാതെ എൽഡിഎഫ‌് വിജയത്തിനുള്ള നിരന്തര  പരിശ്രമത്തിലാണ‌്. മാസങ്ങളായുള്ള ഈ പ്രവർത്തനവും എൽഡിഎഫ‌് മുന്നേറ്റം വിളിച്ചോതുന്നു.

പിണറായി സർക്കാരിന്റെ ക്ഷേമ പദ്ധതികളും വികസന പ്രവർത്തനങ്ങളും ജനങ്ങളുടെ മനസ്സിൽ ആനുകൂല തരംഗത്തിന‌് കാരണാമാകുന്നു. ഇതിനും പുറമെയാണ‌് വി എൻ വാസവന്റെ വ്യക്തി വൈഭവം. ജില്ലാ സഹകരണ ബാങ്ക‌് പ്രസിഡന്റായും റബ‌്കോ ഡയറക്ടറായും ചെയർമാനായും നിയമസഭാംഗമായും അദ്ദേഹം ഭാവനാത്മകമായി  ഏറ്റെടുത്ത വികസന പദ്ധതികളും വോട്ടർമാർ ചർച്ച ചെയ്യുന്നു.  ഇക്കാര്യങ്ങൾ അക്കമിട്ട‌് വിലയിരുത്തി  കോട്ടയം ലോക‌്സഭാ മണ്ഡലത്തിന‌് അനുയോജ്യനായ ജനപ്രതിനിധിയായി വോട്ടർമാർ അദ്ദേഹത്തെ വിലയിരുത്തുന്നു. കൗണ്ട‌് ഡൗൺ പറഞ്ഞ‌്  കാരാപ്പുഴ പാലം നിർമാണം തീർത്തപ്പോൾ ‘കോട്ടയത്തിന്റെ മെട്രോമാനെ’ന്ന വിശേഷണവുമായി. 

ചരിത്രത്തിലെ അത്ഭുതമായി നാട്ടകം പോർട്ട‌്. എല്ലാത്തിലുമുപരി മികച്ച ട്രേ‌ഡ‌് യൂണിയൻ നേതാവ‌്, സിപിഐ എം ജില്ലാ സെക്രട്ടറി എന്നീ നിലകളിൽ സമൂഹത്തിന്റെ നാനാ തുറകളിലും രാപ്പകലില്ലാതെ ഏറ്റെടുത്ത സേവനകാര്യങ്ങളും ഇടപെടലുകളും ജനങ്ങൾ മനസ്സിൽ നിറയ‌്ക്കുന്നു.

ജീവകാരുണ്യ മേഖലകളിലേക്കുള്ള ചുവടുകളുമായിട്ടായിരുന്നു ‘അഭയ’ ത്തിന‌് രൂപം നൽകിയത‌്. സമാനതകളില്ലാത്ത സേവന ത്വരയുമായി  ഉപദേശകസമിതി ചെയാർമാനായ അദ്ദേഹം ഏറ്റെടുത്തത്‌ നിരവധി ജീവകാരണ്യ പ്രവർത്തനങ്ങൾ. അക്ഷരാർഥത്തിൽ  സദാസമയം കർമനിരതനായ ഈ വികസന നായകനെ  മണ്ഡലത്തിലെ  വോട്ടർന്മാർ മനസ്സാ സ്വീകരിച്ചുകഴിഞ്ഞു.

ദുഃഖവെള്ളി മദ്യമുക്തമാക്കിയത‌് വി എൻ വാസവന്റെ ഇടപെടൽ
കൊച്ചി
യേശുദേവന്റെ കുരിശുമരണത്തിന്റെ പാവനസ്മരണ പുതുക്കി ക്രൈസ‌്തവർ ആചരിക്കുന്ന ദുഃഖവെള്ളിയാഴ‌്ച കേരളത്തിൽ മദ്യമുക്തമാക്കിയത‌് കോട്ടയം പാർലമെന്റ‌് മണ്ഡലം എൽഡിഎഫ‌് സ്ഥാനാർഥി വി എൻ വാസവന്റെ ഇടപെടൽമൂലം. മണ്ഡല പര്യടനത്തിനിടെ വാസവനെ സ്വീകരിക്കാനെത്തിയ പലരും ഇക്കാര്യം പറഞ്ഞ‌് അദ്ദേഹത്തെ അഭിനന്ദിക്കുന്നു. 2006ൽ എംഎൽഎ ആയിരിക്കെയാണ‌്  ദുഃഖവെള്ളി മദ്യമുക്തമാക്കാനുള്ള ആവശ്യം സബ‌്മിഷനിലൂടെ വി എൻ വാസവൻ നിയമസഭയിൽ ഉന്നയിക്കുന്നത‌്. അദ്ദേഹം അവതരിപ്പിച്ച ആദ്യ സബ‌്മിഷനുകളിൽ ഒന്നായിരുന്നു അത‌്. ഭരണ, പ്രതിപക്ഷ വ്യത്യാസമില്ലാതെ വി എൻ വാസവന്റെ അഭിപ്രായത്തോട‌് യോജിച്ചു. എക‌്സൈസ‌് മന്ത്രിയായിരുന്ന പി കെ ഗുരുദാസൻ ദുഃഖവെള്ളി മദ്യമുക‌്തമാക്കാനുള്ള നടപടി സ്വീകരിച്ചു. നാടൊന്നടങ്കം ദുഃഖത്തിലായിരിക്കുന്ന സന്ദർഭത്തിൽ മദ്യവിൽപ്പന നടത്തുന്നത‌് ശരിയല്ലെന്ന നിലപാടിന്റെ അടിസ്ഥാനത്തിലാണ‌് വി എൻ വാസവൻ സബ‌്മിഷൻ ഉന്നയിച്ചത‌്. വി എൻ വാസവനോടുള്ള ആദരവ‌് പ്രകടിപ്പിച്ച‌് വിശ്വാസികൾ പള്ളികളുടെ പരിസരത്ത‌് പോസ‌്റ്റർ പതിക്കുകയും യോഗങ്ങളിൽ ഇക്കാര്യം വിശദീകരിക്കുകയും ചെയ‌്തു. ഇങ്ങനെയൊരു തീരുമാനം എടുപ്പിക്കാൻ കഴിഞ്ഞതിൽ  ചാരിതാർഥ്യമുണ്ടെന്ന‌് വി എൻ വാസവൻ  പറയുന്നു.
 

അവസാന ലാപ്പിൽ വിജയകാഹളം
കൊച്ചി
പ്രചാരണം അവസാന ലാപ്പിലെത്തുമ്പോൾ വോട്ടർമാർക്ക‌് സംശയം തീരെയില്ല. പിറവം ഇക്കുറി ചുവക്കും. കാരണം എൽഡിഎഫ‌് സ്ഥാനാർഥി വി എൻ വാസവന്റെ പര്യടനം മണ്ഡലത്തിലാകെ പുതുതരംഗമാണ‌് സൃഷ‌്ടിച്ചത‌്. പ്രചാരണം ശക്തമായതോടെ നാടാകെ അരുണാഭയണിഞ്ഞു. എൽഡിഎഫ‌് സർക്കാർ നടപ്പാക്കിയ ജനക്ഷേമപദ്ധതികൾ വോട്ടർമാരിൽ എത്തിച്ചാണ‌് ഇടതുമുന്നണിയുടെ പ്രചാരണം മുന്നേറിയത‌്. ഇതിനൊപ്പം, എംപിയായിരുന്ന ജോസ‌് കെ മാണി ഒന്നരവർഷംമുമ്പ‌് മണ്ഡലം ഉപേക്ഷിച്ച‌് രാജ്യസഭയിൽ ചേക്കേറിയതും ചർച്ചാവിഷയമായി. എംപിയെന്ന നിലയിൽ ജോസ‌് കെ മാണിയുടെ പേരിൽ എടുത്തുപറയാവുന്ന ഒരു പദ്ധതിപോലും മണ്ഡലത്തിന‌് ലഭിക്കാതിരുന്നതും വോട്ടർമാർക്കിടയിൽ ഗൗരവമേറിയ ചർച്ചയാക്കാൻ എൽഡിഎഫിന‌് കഴിഞ്ഞു.

മണ്ഡലത്തിൽ എൽഡിഎഫ‌് ഇതുവരെ ആറു റൗണ്ട‌് ഭവനസന്ദർശനം പൂർത്തിയാക്കി. ഏഴാംറൗണ്ട‌് പൂർത്തിയാകുന്നു. എട്ട‌ു റൗണ്ട‌് സന്ദർശനമാണ‌് ലക്ഷ്യമിടുന്നത‌്. ഇതുവരെ മണ്ഡലത്തിലാകെ 1162 കുടുംബസംഗമങ്ങൾ നടത്തി. ഓരോ ബൂത്തിലും ശരാശരി ഏഴുവീതം കുടുംബസംഗമങ്ങൾ സംഘടിപ്പിച്ചു. കൃത്യതയോടെ പ്രവർത്തിക്കുന്ന സ‌്ക്വാഡുകൾ ഭവനസന്ദർശനം നടത്തുന്നു. വനിതകൾ, യുവാക്കൾ, വിദ്യാർഥിസംഘടനാ പ്രവർത്തകർ, ട്രേഡ‌് യൂണിയൻ പ്രവർത്തകർ, വ്യാപാരി വ്യവസായികൾ, കർഷകർ, കർഷകത്തൊഴിലാളികൾ എന്നിവരുടെ പ്രത്യേക സ‌്ക്വാഡുകൾ രൂപീകരിച്ചു. സിപിഐ എം പൊളിറ്റ‌്ബ്യൂറോ അംഗം പ്രകാശ‌് കാരാട്ട‌്, മുഖ്യമന്ത്രി പിണറായി വിജയൻ, മന്ത്രി ടി എം തോമസ‌് ഐസക‌്, സിപിഐ ദേശീയ എക‌്സിക്യൂട്ടീവ‌് അംഗം കെ ഇ ഇസ‌്മയിൽ, എൻസിപി നേതാവ‌് ടി പി പീതാംബരൻ, ജനാധിപത്യ കേരള കോൺഗ്രസ‌് നേതാവ‌് പി സി ജോസഫ‌് തുടങ്ങി ഇടതുമുന്നണിയുടെ സമുന്നത നേതാക്കൾ പ്രചാരണത്തിനായി എത്തി.

മുൻ മന്ത്രികൂടിയായ അനൂപ‌് ജേക്കബാണ‌് പിറവം മണ്ഡലത്തെ നിയമസഭയിൽ പ്രതിനിധാനംചെയ്യുന്നത‌്.  എതിർസ്ഥാനാർഥി എൽഡിഎഫിലെ എം ജെ ജേക്കബ്ബിനെതിരെ 6195 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ‌് അനൂപ‌് ജേക്കബ‌് വിജയിച്ചതെങ്കിലും തദ്ദേശസ്ഥാപനങ്ങളിൽ എൽഡിഎഫിന‌് വ്യക്തമായ മുൻതൂക്കമുണ്ട‌്.  നിയമസഭാ തെരഞ്ഞെടുപ്പിൽ യുഡിഎഫ‌് നേടിയ  ഭൂരിപക്ഷം വള്ളപ്പാടുകൾ പിന്നിലാക്കാനുള്ള പ്രവർത്തനമാണ‌് എൽഡിഎഫ‌് മണ്ഡലത്തിൽ നടത്തുന്നത‌്. 
വ്യവസായജില്ലയായ എറണാകുളത്തിന്റെ കാർഷികമേഖലയാണ‌് പിറവം. റബർകർഷകർ ഏറെയുള്ള പ്രദേശം. റബറിന്റെയും മറ്റ‌ു കാർഷികവിളകളുടെയും വിലത്തകർച്ചമൂലം കർഷകരുടെ ജീവിതം വഴിമുട്ടി.  ഇതിന‌് മുഖംതിരിച്ചുനിന്ന ജോസ‌് കെ മാണി എംപിയുടെ നടപടി ജനങ്ങളിൽ കടുത്ത അമർഷത്തിന‌് ഇടയാക്കി. റബർകർഷകർക്കായി സംസ്ഥാന സർക്കാർ സ്വീകരിച്ച സിയാൽ മോഡൽ കമ്പനി രൂപീകരണം, വർധിപ്പിച്ച ക്ഷേമപെൻഷനുകൾ വീട്ടിലെത്തിച്ചുനൽകുന്ന നടപടി, കാർഷികമേഖലയിലെ ഉണർവ‌്‌, സംസ്ഥാനത്തിന്റെ സമസ‌്ത മേഖലകളിലും ലോകശ്രദ്ധയാകർഷിച്ച മുന്നേറ്റങ്ങൾ തുടങ്ങിയവ ജനമനസ്സുകളിൽ എൽഡിഎഫിന‌് മേൽക്കൈ നൽകുന്നു.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top