29 March Friday
സംസ്ഥാന ഉദ്‌ഘാടനം ഇന്ന്‌

‘ഷി’ സൃഷ്ടിക്കും വനിതാ എൻജിനിയർമാരെ ; സംസ്ഥാന ഉദ്‌ഘാടനം ഇന്ന്‌

വെബ് ഡെസ്‌ക്‌Updated: Friday Nov 18, 2022


കൊച്ചി
എൻജിനിയറിങ്‌ തൊഴിൽമേഖലയിൽ സ്‌ത്രീപങ്കാളിത്തം ഉയർത്താൻ ഉന്നതവിദ്യാഭ്യാസവകുപ്പിന്റെ ഷി പദ്ധതി. പോളിടെക്‌നിക്കുകളിലും എൻജിനിയറിങ്‌ കോളേജുകളിലും നടപ്പാക്കുന്ന പദ്ധതിയുടെ സംസ്ഥാന ഉദ്‌ഘാടനം വെള്ളിയാഴ്‌ച കണ്ണൂർ ഗവ. എൻജിനിയറിങ് കോളേജിൽ ഉന്നതവിദ്യാഭ്യാസമന്ത്രി ആർ ബിന്ദു നിർവഹിക്കും. എം വി ഗോവിന്ദൻ എംഎൽഎ അധ്യക്ഷനാകും.

ഉന്നത സാങ്കേതികവിദ്യാ പഠനരംഗത്തുള്ള മികച്ച സ്‌ത്രീപ്രാതിനിധ്യം വിവിധ സാങ്കേതിക തൊഴിൽമേഖലകളിൽക്കൂടി കൊണ്ടുവരാനാണ്‌ സ്‌കീം ഫോർ ഹെർ എംപവർമെന്റ്‌ ഇൻ എൻജിനിയറിങ്‌ (ഷി) പദ്ധതിയെന്ന്‌ മന്ത്രി ആർ ബിന്ദു എറണാകുളം പ്രസ്‌ക്ലബ്ബിൽ മുഖാമുഖത്തിൽ പറഞ്ഞു. നിലവിൽ എൻജിനിയറിങ്‌ പഠിക്കുന്നവർ, എൻജിനിയറിങ്‌ പഠിക്കാൻ ആഗ്രഹിക്കുന്നവർ, പഠനം പൂർത്തിയാക്കി വിവിധ എൻജിനിയറിങ്‌ മേഖലകളിൽ പ്രവർത്തിക്കുന്നവർ എന്നീ മൂന്ന്‌ വിഭാഗങ്ങളിലെ സ്‌ത്രീകളെ ഷി  ശാക്തീകരിക്കും.

പരിശീലന പരിപാടികൾ, വിദഗ്‌ധരുമായി സംവാദങ്ങൾ, മാർഗനിർദേശകരുടെ സഹായത്തോടെ നേതൃപാടവ വികസനപ്രവർത്തനങ്ങൾ, പ്രൊഫഷണൽ അനുഭവങ്ങൾ പങ്കുവയ്‌ക്കുന്ന വ്യക്തിത്വവികസന സെഷനുകൾ എന്നിവ ഉൾപ്പെടും. സ്‌ത്രീശാക്തീകരണത്തിന്‌ ആവശ്യമായ അന്തരീക്ഷം ഒരുക്കാനും തൊഴിലവസരങ്ങൾ, നൂതന സാങ്കേതികവിദ്യകൾ എന്നിവയെക്കുറിച്ച്‌ അവബോധം നേടാനും വെല്ലുവിളികൾ നേരിടാൻ പ്രാപ്‌തരാക്കാനും പദ്ധതിയിലൂടെ സാധിക്കും.

2020ൽ കണ്ണൂർ ഗവ. എൻജിനിയറിങ്‌ കോളേജിൽ ആരംഭിച്ച പദ്ധതിയാണ്‌ മികച്ച ഫലത്തിന്റെ അടിസ്ഥാനത്തിൽ വ്യാപിപ്പിക്കുന്നതെന്നും മന്ത്രി പറഞ്ഞു. സാങ്കേതികവിദ്യാഭ്യാസ ഡയറക്ടറേറ്റ്‌ ഡയറക്ടർ ഇൻ ചാർജ്‌ ഡോ. ബൈജുഭായ്‌, സീനിയർ ജോയിന്റ്‌ ഡയറക്ടർ പി ബീന എന്നിവർ പങ്കെടുത്തു. പ്രസ്‌ക്ലബ്‌ പ്രസിഡന്റ്‌ എം ആർ ഹരികുമാർ സ്വാഗതവും സെക്രട്ടറി എം സൂഫി മുഹമ്മദ്‌ നന്ദിയും പറഞ്ഞു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top