29 March Friday

പുതിയ കേരളം സൃഷ്‌ടിക്കുക: കോടിയേരി ബാലകൃഷ്ണൻ

വെബ് ഡെസ്‌ക്‌Updated: Sunday Oct 18, 2020


കേരളത്തിന്റെ നേട്ടങ്ങൾ ഉറപ്പിച്ചുനിർത്തി പുതിയ പോരാട്ടത്തിന് സജ്ജമാകേണ്ട സമയമാണ് ഇതെന്ന്‌ സിപിഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ പറഞ്ഞു.   ഇന്നത്തെ കേരളത്തെ സൃഷ്‌ടിക്കാൻ നിർണായക ഇടപെടലുകൾ നടത്തിയത്‌ കമ്യൂണിസ്റ്റ്‌‌ പാർടിയാണ്‌. അധികാരത്തിൽ എത്തിയപ്പോഴാെക്കെ സർക്കാരുകളെ എങ്ങനെ സാമൂഹ്യമാറ്റത്തിന്‌ ഉപയോഗിക്കാമെന്ന്‌ തെളിയിച്ചു. അവസരം കിട്ടുമ്പോഴൊക്കെ കമ്യൂണിസ്റ്റ്‌ വിരുദ്ധ മുന്നണി രൂപീകരിച്ച്‌ എല്ലാ വലതുപക്ഷ ശക്തികളും ഒത്തുചേരുന്നുണ്ട്‌. ധനമൂലധനശക്തികൾ ഇതിന്‌ പിന്തുണയും നൽകുന്നു.

അതിനെ ചെറുത്തുതോൽപ്പിക്കാനുള്ള കടമയാണ്‌ കേരളം ഏറ്റെടുക്കുന്നതെന്ന്‌ കമ്യൂണിസ്റ്റ്‌‌ പാർടി രൂപീകരണത്തിന്റെ നൂറാം വാർഷികാഘോഷത്തിന്റെ സംസ്ഥാനതല ഉദ്‌ഘാടനത്തിന്റെ അധ്യക്ഷപ്രസംഗത്തിൽ കോടിയേരി പറഞ്ഞു.
കേരള മോഡൽ വികസനകാഴ്‌ചപ്പാട്‌ രൂപപ്പെടുത്തുന്നതിലും തൊഴിലാളികൾക്ക്‌ അവകാശബോധം നൽകുന്നതിലും നിസ്തുലമായ പങ്ക്‌ വഹിച്ചു. മൂന്ന്‌ ഭാഗങ്ങളായി കിടന്ന കേരളത്തെ ഭാഷാടിസ്ഥാത്തിലുള്ള സംസ്ഥാനമാക്കി ഐക്യകേരളം രൂപീകരിക്കുന്നതിൽ കമ്യൂണിസ്റ്റ്‌‌ പാർടി പ്രധാന പങ്ക്‌ വഹിച്ചു. സ്വതന്ത്രതിരുവിതാംകൂർ അറബിക്കടലിൽ എന്ന മുദ്രാവാക്യമുയർത്തിയ പുന്നപ്ര വയലാർ സമരം ലോക ശ്രദ്ധ നേടി. സാമ്രാജ്യത്വവിരുദ്ധ മനോഭാവവും ഫ്യൂഡൽവാഴ്‌ചയ്‌ക്കെതിരായ പോരാട്ടവും വളർത്തിയെടുത്തതും മറ്റിടങ്ങളിൽനിന്ന്‌ വ്യത്യസ്തമായി വർഗീയശക്തികൾക്കെതിരായി കേരളത്തെ സജ്ജമാക്കിയതും കമ്യൂണിസ്റ്റ്‌ പ്രസ്ഥാനമാണ്‌.  ജനാധിപത്യത്തിന്റെ കൊടിക്കൂറ ബൂർഷ്വാസികൾ വലിച്ചെറിയുമ്പോഴെല്ലാം അത്‌ ഉയർത്തിപ്പിടിച്ചത്‌ കമ്യൂണിസ്റ്റുകാരാണ്‌.

കമ്യൂണിസ്റ്റ്‌ ആശയങ്ങൾ കേരളത്തിൽ പ്രചരിക്കുന്നത്‌ തടയാൻ  ബ്രിട്ടീഷുകാരും ശ്രമിച്ചു.  ഇതിനെയെല്ലാം അതിജീവിച്ചാണ്‌ കേരളത്തിൽ കമ്യൂണിസ്റ്റ്‌‌ പാർടി വളർന്നത്‌. ആദ്യ കമ്യൂണിസ്റ്റ്‌ ഗ്രൂപ്പ്‌ രൂപീകരിച്ച്‌ രണ്ടുവർഷംകൊണ്ട്‌ കേരളമാകെ പ്രവർത്തനം വ്യാപിച്ചു. ദേശീയ പ്രസ്ഥാനത്തിലും സാമ്രാജ്യത്വവിരുദ്ധ പോരാട്ടത്തിലും കമ്യൂണിസ്റ്റ്‌ പാർടിയുടെ നേതൃത്വം പ്രധാനമായിരുന്നുവെന്ന്‌ കോടിയേരി ചൂണ്ടിക്കാട്ടി.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top