20 April Saturday

ട്രാൻസ്ജൻഡറുകൾക്ക് പരീക്ഷാ പരിശീലനത്തിന് 'യത്നം' പദ്ധതി: മന്ത്രി ബിന്ദു

വെബ് ഡെസ്‌ക്‌Updated: Sunday Sep 18, 2022

തിരുവനന്തപുരം> മത്സരപ്പരീക്ഷകൾക്ക് തയ്യാറെടുക്കുന്ന ട്രാൻസ്ജൻഡർ വ്യക്തികൾക്ക് പരിശീലനത്തിന് സാമ്പത്തികസഹായം നൽകുന്ന 'യത്നം' പദ്ധതി ഈ സാമ്പത്തികവർഷം ആരംഭിക്കുകയാണെന്ന് ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി മന്ത്രി ഡോ. ആർ ബിന്ദു അറിയിച്ചു. പദ്ധതിക്ക് ഈ വർഷത്തേക്ക് 6,85,000 (ആറുലക്ഷത്തി എൺപത്തയ്യായിരം) രൂപയുടെ ഭരണാനുമതി ആയെന്നും മന്ത്രി പറഞ്ഞു.

ട്രാൻസ്ജൻഡർ വ്യക്തികൾക്ക് വിവിധ തൊഴിൽമേഖലകളിൽ പ്രാതിനിധ്യം ഉറപ്പാക്കാനും അവരുടെ സാമ്പത്തികശാക്തീകരണത്തിനുമായാണ് 'യത്നം' ആരംഭിക്കുന്നത്. പി.എസ്.സി, യു.പി.എസ്.സി, ബാങ്ക് സേവനം, ആർ ആർ ബി, യുജിസി, നെറ്റ്, ജെആർഎഫ്, സിഎടി/മാറ്റ് പരീക്ഷകൾക്ക് പരിശീലനത്തിനാണ് സാമ്പത്തികസഹായം.

വിവിധ മത്സരപ്പരീക്ഷകളിൽ പങ്കെടുക്കുന്നവരിൽ ആറുമാസംവരെയുള്ള പരിശീലനത്തിന് 8500 രൂപ വരെ അനുവദിക്കും. പത്തു വ്യക്തികൾക്കാണ് ഈ സഹായം നൽകുക. പി.എസ്.സി, യു.പി.എസ്.സി, ബാങ്ക് സേവനം, ആർ ആർ ബി പരീക്ഷാപരിശീലനത്തിന് പത്തു വ്യക്‌തികൾക്ക് പരമാവധി 40,000 രൂപ വീതം വരെ അനുവദിക്കും. യുജിസി, നെറ്റ്, ജെആർഎഫ് പരീക്ഷാപരിശീലനത്തിന് അഞ്ചു വ്യക്‌തികൾക്ക് പരമാവധി 40,000 രൂപ വീതം വരെയും നൽകും - മന്ത്രി ഡോ. ആർ ബിന്ദു അറിയിച്ചു.

ട്രാൻസ്ജൻഡർ ക്ഷേമപദ്ധതികൾക്ക് വകയിരുത്തിയ നാലരക്കോടി രൂപയിൽനിന്നാണ് 'യത്നം' പദ്ധതിയിൽ നൽകുന്ന ഈ സാമ്പത്തികസഹായമെന്നും മന്ത്രി ഡോ. ആർ ബിന്ദു പ്രസ്താവനയിൽ പറഞ്ഞു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top