24 April Wednesday

ദേശീയപാത 66: നഷ്ടപരിഹാരം നൽകിത്തുടങ്ങി

വെബ് ഡെസ്‌ക്‌Updated: Saturday Sep 18, 2021


പറവൂർ
ഇടപ്പള്ളിമുതൽ മൂത്തകുന്നംവരെ ദേശീയപാത 66 നിർമാണത്തിന് റോഡ് നിർമിക്കാൻ സ്ഥലം വിട്ടുനൽകുന്നവർക്കുള്ള നഷ്ടപരിഹാരവിതരണം തുടങ്ങി. ചേരാനല്ലൂർ വില്ലേജിലെ നാലുപേർക്കാണ് ആദ്യഘട്ടം പണം നൽകിയത്. എല്ലാവർക്കുമായി 6,70,97,508.83 രൂപയാണ്‌ നൽകിയത്. ഓരോരുത്തരുടെയും ബാങ്ക് അക്കൗണ്ടിലേക്ക്‌ തുക കൈമാറി. ചേരാനല്ലൂർ പെട്രോൾ പമ്പിനുസമീപത്തുള്ള 4.89 ആർ സ്ഥലത്തിന്‌ 3,56,43,581 രൂപ ലഭിച്ചു. സ്ഥലവില കൂടിയ ഇടപ്പള്ളി ഭാഗങ്ങളിൽ സെന്റിന്‌ 40 ലക്ഷം രൂപവരെയുണ്ട്.

മന്ത്രിമാരുടെ നേതൃത്വത്തിൽ നൂറുകോടി രൂപയോളം വിതരണം ചെയ്യുന്ന ചടങ്ങായി സംഘടിപ്പിക്കാനായിരുന്നു തീരുമാനം. ഏതാനും ഭൂ ഉടമകൾമാത്രമാണ്‌ സ്ഥലത്തിന്‌ കൃത്യമായ രേഖകൾ നൽകിയത്‌. അതുകൊണ്ട്‌ ചടങ്ങിന്‌ കാത്തുനിൽക്കാതെ വിതരണം ആരംഭിക്കാൻ ജില്ലാ അധികൃതർ അറിയിച്ചതിനാൽ, രേഖകൾ പൂർണമായി നൽകിയ നാലുപേർക്ക്‌ പണം കൈമാറുകയായിരുന്നു. 50 കോടി രൂപയോളം ഒരുമിച്ചുനൽകാൻ കഴിയുന്ന സാഹചര്യത്തിൽ ഔദ്യോഗികചടങ്ങ് ഉണ്ടാകും.

ചേരാനല്ലൂർ വില്ലേജ്‌ പരിധിയിൽ സ്ഥലമുടമകൾക്ക്‌ നഷ്ടപരിഹാരം നൽകാനായി 253 കോടി രൂപയാണ്‌ ദേശീയപാത വികസന അതോറിറ്റി സർക്കാരിന്‌ കൈമാറിയത്. ഇടപ്പള്ളി, വരാപ്പുഴ, പറവൂർ, വടക്കേക്കര വില്ലേജുകളിലെ സ്ഥലമുടമകൾക്ക്‌ നഷ്ടപരിഹാരം നൽകാൻ 518 കോടി രൂപ അനുവദിച്ചിട്ടുണ്ട്. ആലങ്ങാട്, കോട്ടുവള്ളി, മൂത്തകുന്നം വില്ലേജുകളിലെ ഭൂ ഉടമകൾക്കുള്ള തുക വൈകാതെ അനുവദിക്കുമെന്ന് അധികൃതർ പറഞ്ഞു. ഭൂ ഉടമകളുടെ രേഖകൾ കൃത്യമായാൽ പണം  വേഗം അനുവദിക്കുമെന്ന് അധികൃതർ പറഞ്ഞു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top