29 March Friday

ലോക കേരളസഭയുടെ മൂന്നാം സമ്മേളനം ; സാർഥകമായ 
13 മണിക്കൂർ

ജി രാജേഷ്‌ കുമാർUpdated: Saturday Jun 18, 2022


തിരുവനന്തപുരം   
ലോക കേരളസഭയുടെ മൂന്നാം സമ്മേളനം ചേർന്നത്‌ 13 മണിക്കൂർ. 780 മിനിറ്റ്‌ നീണ്ട സഭാ നടപടികളിൽ 570 മിനിറ്റും (ഒമ്പതര മണിക്കൂർ ) വിനിയോഗിച്ചത്‌ ചർച്ചയ്‌ക്ക്‌. ‌ഇതാണ്‌ സഭയുടെ മർമപ്രധാനമെന്ന്‌ സ്‌പീക്കർ എം ബി രാജേഷ്‌ ചൂണ്ടിക്കാട്ടി. ആകെ സമയത്തിന്റെ 72 ശതമാനവും ചർച്ചയ്‌ക്കായി നീക്കിവച്ചത്‌ ഭക്ഷണ വിമർശം ഉന്നയിച്ചവർക്കുള്ള മറുപടിയുമായി. 296 പ്രതിനിധികൾ പങ്കെടുത്തു. ‌ഭൂമിശാസ്‌ത്രാടിസ്ഥാനത്തിൽ മേഖലാതല ചർച്ചയിൽ 237 പേർ ഭാഗമായി. വിഷയാടിസ്ഥാന ചർച്ചയിൽ 234 പേരും. പൊതുചർച്ചയിൽ 115 പ്രതിനിധികളും സംസാരിച്ചു. എല്ലാവർക്കും ഒരുതവണയെങ്കിലും സംസാരിക്കാനും ആശയം പങ്കുവയ്‌ക്കാനുമായി.

പ്രവാസത്തിന്റെ മാറ്റവും ഉയർത്തുന്ന ആശങ്കയും തുറന്നിടുന്ന സാധ്യതയും ചർച്ച ചെയ്‌തു. കേരള പുരോഗതിയിൽ പ്രവാസികളുടെ പങ്കും ഗൗരവമായി വിലയിരുത്തി. ചർച്ചയിൽ 316 നിർദേശം ഉയർന്നു. 11 പ്രധാന വിഷയത്തിൽ പ്രമേയവും അംഗീകരിച്ചു. സഭയിലെ നടപടിയെല്ലാം അംഗങ്ങൾക്ക്‌ ഇ–-മെയിലിൽ ലഭ്യമാക്കും. സമീപനരേഖയുടെ പകർപ്പ്‌ ലോക കേരളസഭ വെബ്‌സൈറ്റിൽ ഉൾപ്പെടുത്തി.

ബന്യാമിന്റെ ആടുജീവിതത്തിലെ നജീബായിരുന്നു ഒന്നാം ലോക കേരളസഭയുടെ നായകൻ. 30 വർഷത്തിലധികമായി ഒമാനിൽ വീട്ടുജോലിചെയ്യുന്ന എലിസബത്ത്‌ ജോസഫിന്റെ പൊള്ളുന്ന അനുഭവ വിവരങ്ങളാണ്‌ ഇത്തവണ സമ്മേളനത്തിന്റെ ഹൃദയം പേറിയത്‌. റസൂൽ പൂക്കുട്ടിയും എൻ എസ്‌ മാധവനും ബോസ് കൃണ്‌മാചാരിയും ഡോ. എം എ യുസഫലിയും മുതൽ കുവൈത്തിൽ നഴ്‌സായ ഗീതാകുമാരിയുൾപ്പെടെ തൊഴിലാളി സമൂഹമടങ്ങുന്ന പ്രവാസി ലോകം ഒരേ വേദിയിലെത്തി. ഒരേ സഭയിൽ അംഗങ്ങളായി ഒരുപോലെ അഭിപ്രായങ്ങൾ പങ്കുവച്ചു. മന്ത്രിമാരും എംഎൽഎമാരും എംപിമാരും ചീഫ്‌ സെക്രട്ടറിയടക്കം ഉദ്യോഗസ്ഥരും ഇവരെകേട്ടു. പുറത്തെ‌ രാഷ്‌ട്രീയ കോലാഹലങ്ങളും ചേരിതിരിവുകളുമൊക്കെ അവഗണിച്ച്‌, എല്ലാ പ്രവാസി സംഘടനാ പ്രതിനിധികളും  സമ്മേളനത്തിൽ മുഴുവൻസമയ പങ്കാളികളായി. ലോക കേരളസഭ വളർന്ന്‌ വിപുലീകരിക്കപ്പെടുകയാണ്‌. ആദ്യസഭയിൽ 20 രാജ്യത്തുനിന്നായിരുന്നു പങ്കാളിത്തമെങ്കിൽ രണ്ടാംസഭയിൽ‌ 40ൽ എത്തി. ഇത്തവണ 62 രാജ്യത്തുനിന്നും 21 സംസ്ഥാനത്തുനിന്നും പ്രതിനിധികളുണ്ടായി.

ലോക കേരള സഭാ സമ്മേളനം സമാപിച്ചു
ലോക കേരളസഭാ മൂന്നാം സമ്മേളനം സമാപിച്ചു. സ്‌പീക്കർ എം ബി രാജേഷ്‌ സമാപന പ്രസംഗം നടത്തി. മുഖ്യമന്ത്രി പിണറായി വിജയൻ രണ്ടുദിവസത്തെ സഭയിലെ ചർച്ചയ്‌ക്ക്‌ ഓൺലൈനായി മറുപടി നൽകി. മന്ത്രിമാരായ പി രാജീവ്‌, കെ രാജൻ എന്നിവരും സംസാരിച്ചു. 15 സമാന്തര സമ്മേളനവും ഇവയുടെ ക്രോഡീകരണ ചർച്ചയും നടന്നു. പ്രവാസികളുടെ ആവശ്യങ്ങൾ ജനപ്രതിനിധികൾ വിശദമായി കേട്ടു.

11 പ്രമേയം അംഗീകരിച്ചു. വിവരശേഖരണം കാര്യക്ഷമമാക്കൽ, പ്രവാസികളുടെ മക്കളുടെ വിദ്യാഭ്യാസ സംരക്ഷണം, സ്ത്രീകളുടെ കുടിയേറ്റ നിയമത്തിലെ സുതാര്യത, ജീവിതസുരക്ഷ, പുതിയ പ്രവാസി നയം തുടങ്ങിയ വിഷയങ്ങൾ പരിഗണിച്ചു. വ്യാഴാഴ്‌ച പൊതുസമ്മേളനത്തോടെയാണ്‌ പരിപാടികൾ ആരംഭിച്ചത്.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top