26 April Friday

പ്രവാസി സുരക്ഷാനിയമം വേണം ; പൊതുമേഖലയ്ക്ക് പിപിപി മാതൃക വേണം

വെബ് ഡെസ്‌ക്‌Updated: Saturday Jun 18, 2022


തിരുവനന്തപുരം   
പ്രവാസികളുടെ വസ്‌തുവകകൾ സംരക്ഷിക്കാൻ സംസ്ഥാന സർക്കാർ പ്രവാസി സുരക്ഷാനിയമം കൊണ്ടുവരണമെന്ന്‌ ലോക കേരളസഭയിൽ ആവശ്യം. വ്യാജ റിക്രൂട്ട്‌മെന്റ്, വിസ തട്ടിപ്പ്‌ തടയൽ അടക്കമുള്ള വ്യവസ്ഥകളും വേണം. ഇതരസംസ്ഥാനങ്ങളിലെ പ്രവാസികളുടെയും മടങ്ങിയെത്തിയ പ്രവാസികളുടെയും മേഖലാ ചർച്ചകളിലാണ്‌ ഇത്തരം നിർദേശങ്ങൾ. കെ വി അബ്ദുൾ ഖാദർ, വൽസലൻ മൂർക്കോത്ത്‌ തുടങ്ങിയർ ചർച്ചാ സംക്ഷിപ്‌തം അവതരിപ്പിച്ചു.

മറ്റ്‌ നിർദേശങ്ങൾ
പ്രവാസിക്ഷേമ പെൻഷൻ വർധിപ്പിക്കണം. പ്രവാസികളുടെ സഹകരണം ഉറപ്പാക്കി ക്ഷേമനിധിക്കായി ലോട്ടറി തുടങ്ങാം. പ്രവാസി സഹകരണ സംഘങ്ങൾക്ക്‌ അപ്പെക്‌സ്‌ ബോഡി–- പ്രവാസിഫെഡ്‌ എന്ന പേരും പരിഗണിക്കാം. കുടുംബശ്രീ മാതൃകയിൽ പ്രവാസി കൂട്ടായ്‌മ വേണം. പ്രവാസി കോർപറേഷൻ രൂപീകരിക്കണം. 

പ്രവാസി വിവരശേഖരം കാലികമാക്കാൻ ഏകീകൃത ഡിജിറ്റൽ പോർട്ടൽ. വിദേശങ്ങളിൽ ഉന്നതപഠനത്തിന്‌ പോകുന്നവർക്ക്‌ കൺസൾട്ടിങ്‌ വെബ്‌സൈറ്റ്‌.  ഇതരസംസ്ഥാന സർവകലാശാലകളിൽ മലയാളം പഠിപ്പിക്കണം. നോർക്ക പ്രാദേശികാടിസ്ഥാനത്തിൽ ജനകീയവൽക്കരിക്കണം. ഇതരസംസ്ഥാന പ്രവാസികൾക്കും സാന്ത്വന, പുനരധിവാസ പദ്ധതികൾ.    പിഎസ്‌സി പരീക്ഷാ കേന്ദ്രങ്ങൾ ആരംഭിക്കണം. പഞ്ചാബിൽ വിനോദസഞ്ചാര സഹായകേന്ദ്രം. ശ്രീനാരായണ ഓപ്പൺ സർവകലാശാലാ പ്രവർത്തനവും ചലച്ചിത്ര, ലളിതകലാ അക്കാദമി പ്രവർത്തനവും വ്യാപിപ്പിക്കണം. നഴ്‌സിങ്‌ മേഖലയിൽ തൊഴിൽ സംരക്ഷണനിയമം. പ്രവാസി ക്ഷേമനിധിയിൽ വീട്ടമ്മമാരെയും ഉൾപ്പെടുത്തണം.

പൊതുമേഖലയ്ക്ക് പിപിപി മാതൃക വേണം
സംസ്ഥാനത്തെ നഷ്ടത്തിലായ പൊതുമേഖലാ സ്ഥാപനങ്ങളെ പുനരുജ്ജീവിപ്പിക്കാൻ പൊതു–-സ്വകാര്യ പങ്കാളിത്ത മാതൃക ഉപയോഗപ്പെടുത്തണമെന്ന്‌ ലോക കേരള സഭ അഭിപ്രായ‌പ്പെട്ടു. ഇവയെ ലാഭത്തിലേക്ക്‌ നയിക്കാൻ ആവശ്യമായ നിക്ഷേപം ഉറപ്പാക്കാൻ പ്രവാസികൾക്ക്‌ കഴിയും. പൊതുമേഖലാ സ്ഥാപനത്തിലെ നിക്ഷേപത്തിന്‌ സർക്കാർ ഉറപ്പ് ലഭ്യമാകുന്നതിനാൽ പ്രവാസികളുടെ നിക്ഷേപം സുരക്ഷിതമായിരിക്കും. മടങ്ങിയെത്തുന്ന പ്രവാസികൾക്ക് ഇത്തരം സ്ഥാപനങ്ങളിൽ തൊഴിലവസരം ഒരുക്കുന്നത്‌ പരിഗണിക്കണമെന്നും പ്രതിനിധികൾ ആവശ്യപ്പെട്ടു.

കൃഷിയെ വിനോദസഞ്ചാരവുമായി ബന്ധിപ്പിക്കണം. കപ്പൽ അറ്റകുറ്റപ്പണികൾക്കായി സംസ്ഥാനത്ത്‌ കേന്ദ്രം തുടങ്ങണം. ദുബായ്‌ ഡ്രൈ ഡോക്ക്‌ മാതൃകയാക്കാം. അനധികൃത റിക്രൂട്ട്‌മെന്റ്‌ തട്ടിപ്പുകൾക്കെതിരായ പ്രചാരണത്തിന്‌ കുടുംബശ്രീയെയും ഉപയോഗിക്കാനാകണം. വിദേശ സർവകലാശാലകളിൽ മലയാളം ചെയർ തുടങ്ങാൻ സർക്കാർ മുൻകൈ എടുക്കണം. കേരളത്തിൽ വേരുകളില്ലാത്ത കുടുംബങ്ങളെയടക്കം ഉൾപ്പെടുത്തി കേരള മൈഗ്രന്റ്‌ സർവേ വിവരങ്ങൾ കാലികമാക്കണമെന്നും പ്രതിനിധികൾ  ആവശ്യപ്പെട്ടു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top