26 April Friday

‘കൈകൂപ്പി പറയുകയാണ്‌ , ഞങ്ങളുടെ അന്നം മുടക്കരുത്‌; രാഷ്ട്രീയലാഭത്തിനായി ഗൾഫ്‌ ഭരണാധികാരികളെ വിവാദങ്ങളിലേക്ക്‌ വലിച്ചിഴയ്‌ക്കരുത്‌'

വെബ് ഡെസ്‌ക്‌Updated: Saturday Jun 18, 2022


തിരുവനന്തപുരം
‘കൈകൂപ്പി പറയുകയാണ്‌ ഞങ്ങളുടെ അന്നം മുടക്കരുത്‌. താൽക്കാലിക രാഷ്ട്രീയലാഭത്തിനായി ഗൾഫ്‌ ഭരണാധികാരികളെ വിവാദങ്ങളിലേക്ക്‌ വലിച്ചിഴയ്‌ക്കരുത്‌. ലക്ഷക്കണക്കിന്‌ മലയാളികൾക്ക്‌ അന്നം നൽകുന്നവരാണവർ’. ഇന്ത്യൻ അസോസിയേഷൻ ഷാർജ പ്രസിഡന്റും പ്രമുഖ കോൺഗ്രസ്‌ നേതാവുമായ അഡ്വ. വൈ എ റഹീമിന്റേതാണ്‌ ഈ വാക്കുകൾ.

ഗൾഫിലെ ഭരണാധികാരികൾ നമ്മളോടുള്ള സ്‌നേഹംകൊണ്ടാണ്‌ ഇവിടം സന്ദർശിക്കുന്നത്‌. കേരളത്തിന്റെ മുഖ്യമന്ത്രി ഷാർജ ഭരണാധികാരിയെ ക്ഷണിച്ചപ്പോൾ കേന്ദ്ര സർക്കാർ ക്ഷണിക്കുന്ന അതേ പ്രാധാന്യത്തോടെയാണ്‌ അദ്ദേഹം കണ്ടത്‌. കേരളത്തിൽവന്ന്‌ നാലു ദിവസം തങ്ങി. അന്ന്‌ ഇന്ത്യൻ അസോസിയേഷൻ ഷാർജയുടെ പ്രതിനിധിയായി അദ്ദേഹത്തോടൊപ്പം എത്തിയയാളാണ്‌ ഞാൻ. അന്ന്‌ മുറി അടച്ചിട്ടുള്ള സംസാരമോ, പ്രോട്ടോകോൾ ലംഘിച്ചുള്ള യോഗമോ ഒന്നുമുണ്ടായില്ല. അദ്ദേഹത്തിനെന്തോ പാരിതോഷികം നൽകി എന്നുവരെയാണ്‌ പ്രചാരണം. ഷാർജ ഭരണാധികാരി ഏതു നിലവാരത്തിലുള്ളയാളാണെന്ന്‌ ഒരു ബോധവുമില്ലാത്ത ചില മാധ്യമങ്ങൾകൂടി ആ പ്രചാരണം ഏറ്റുപിടിച്ചു.

ഇന്ത്യൻ അസോസിയേഷൻ ഷാർജയ്‌ക്ക്‌ സ്‌കൂൾ തുടങ്ങാൻ 1979ൽത്തന്നെ 10 ഏക്കർ സ്ഥലം അനുവദിച്ചു. ഇന്നത്തെ കേരള മുഖ്യന്ത്രിയുടെ അഭ്യർഥന മാനിച്ച്‌ 182 തടവുകാരെ 200 കോടിയിലധികം രൂപ സ്വന്തം പോക്കറ്റിൽനിന്ന്‌ ചെലവഴിച്ച്‌ വിട്ടയച്ച ഭരണാധികാരിയാണ്‌ ഇപ്പോഴത്തേത്‌. 14 കോടി രൂപ സ്വന്തം കൈയിൽനിന്ന്‌ മുടക്കി ഹൈന്ദവ ശ്‌മശാനം നിർമിച്ചയാളാണ്‌. 12 ഏക്കർ സ്ഥലവും നൽകി. അങ്ങനെയൊരു ഭരണാധികാരിയെക്കുറിച്ച്‌ തെറ്റായ പരാമർശങ്ങൾ വരുന്നത്‌ മോശമാണ്‌. ദയവായി അത്തരമൊരാളെ ആക്ഷേപിക്കരുത്‌. അതിന്‌ മാധ്യമങ്ങൾ കൂട്ടുനിൽക്കരുത്‌–-കോൺഗ്രസ്‌ അനുകൂല പ്രവാസി സംഘടനയായ ഇൻകാസ്‌ ഷാർജ പ്രസിഡന്റ്‌ കൂടിയായ  റഹീം പറഞ്ഞു.കമ്പനി തുടങ്ങാൻ കൈക്കൂലി നൽകിയെന്നതടക്കമുള്ള ആരോപണങ്ങൾ തീർത്തും അടിസ്ഥാനരഹിതമാണ്‌. അതൊക്കെ സത്യവുമായി പുലബന്ധമില്ലാത്തതാണെന്ന്‌ നേരിട്ടറിയാവുന്ന ആളാണ്‌ ഞാൻ. ഇവിടത്തെ രാഷ്ട്രീയനേട്ടത്തിനായി ലക്ഷക്കണക്കിന്‌ മലയാളികൾക്ക്‌ അന്നം നൽകുന്ന ഗൾഫ്‌ ഭരണാധികാരികളെ വലിച്ചിഴയ്‌ക്കരുതെന്നും അദ്ദേഹം പറഞ്ഞു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top