19 April Friday

ഡോ. വന്ദനാ ദാസ് കൊലക്കേസ് പ്രതി സന്ദീപിനെ നാട്ടിലെത്തിച്ച് 
തെളിവെടുത്തു ; പ്രതിയെ എത്തിച്ചത് കനത്ത സുരക്ഷയിൽ , 
ഉത്തരങ്ങളിൽ പൊരുത്തക്കേട്

വെബ് ഡെസ്‌ക്‌Updated: Thursday May 18, 2023


കൊല്ലം
ഡോ. വന്ദനാ ദാസ് കൊലക്കേസ് പ്രതി ജി സന്ദീപിനെ കുടവട്ടൂർ ചെറുകരകോണത്തെ വീട്ടിലും സംഭവദിവസം പുലർച്ചെ ഓടിക്കയറിയ വീട്ടിലും എത്തിച്ച് ക്രൈംബ്രാഞ്ച് സംഘം തെളിവെടുത്തു. വ്യാഴം പകൽ 2.45നാണ് ഡിവൈഎസ്‍പി എം എം ജോസിന്റെ നേതൃത്വത്തിൽ സന്ദീപിനെ കൊട്ടാരക്കര എസ്‍പി ഓഫീസിൽനിന്ന് കനത്ത സുരക്ഷയിൽ ചെറുകരകോണത്ത് എത്തിച്ചത്. യാഥാർഥ്യവുമായി പൊരുത്തമില്ലാത്തതായിരുന്നു സന്ദീപിന്റെ പല മറുപടികളുമെന്ന്‌ പൊലീസ്‌ പറഞ്ഞു.

പത്തിനു പുലർച്ചെ 2.30ന്‌ സന്ദീപ്‌ ഓടിക്കയറിയത്‌ അമ്പലംകുന്ന് നെട്ടയം സ്കൂൾ പ്രധാനാധ്യാപകൻ ശ്രീകുമാറിന്റെ വീട്ടിലാണ്. ഇവിടെനിന്നാണ് സന്ദീപുമായി പൂയപ്പള്ളി പൊലീസ് കൊട്ടാരക്കര താലൂക്കാശുപത്രിയിലേക്കു പോയത്. ഈ വീട്ടിലേക്ക് എടുത്തുചാടിയ തിട്ടയിലും വീടിന്റെ പിറകുവശത്തെ അടുക്കളയോടു ചേർന്ന ചായ്പിലും സന്ദീപിനെ എത്തിച്ചു. തിട്ടയിൽനിന്നു ചാടിയപ്പോഴാണ് കാലിന് പൊട്ടലുണ്ടായതെന്നാണ് കരുതുന്നത്. അടുക്കള ചായ്പിൽ എത്തിച്ചപ്പോൾ താനിവിടെ വന്നിട്ടേയില്ലെന്നാണ് സന്ദീപ് പറഞ്ഞത്. ദിനേശന്റെ വീട്ടിലാണ് പോയതെന്നും ഇത് ശ്രീകുമാർ സാറിന്റെ വീടാണെന്നുമായിരുന്നു പ്രതികരണം. സംഭവദിവസം ഓട്ടോക്കാരൻ ദിനേശൻ എന്നാണ്  സന്ദീപ് തന്നെ വിളിച്ചതെന്നും പൊലീസിനോടും അങ്ങനെയാണ് പറഞ്ഞതെന്നും ശ്രീകുമാർ അന്വേഷണ ഉദ്യോ​ഗസ്ഥരെ അറിയിച്ചു. പത്തുമിനിറ്റോളമാണ് ഇവിടെ തെളിവെടുപ്പ് നടന്നത്. ശ്രീകുമാറിന്റെ വീട്ടിൽനിന്ന് കുറച്ചകലെയാണ് സന്ദീപിന്റെ വീട്. അവിടെയെത്തിച്ചും പൊലീസ് കാര്യങ്ങൾ ചോദിച്ചറിഞ്ഞു. അന്ന് വീട്ടിൽനിന്ന് എത്രമണിക്കാണ് ഇറങ്ങിയതെന്ന് അന്വേഷണ ഉദ്യോ​ഗസ്ഥർ ചോദിച്ചു. രാത്രി ഒന്നോടെയെന്ന് മറുപടി. അതിനു മുമ്പ് എവിടെയായിരുന്നു? പൊലീസ് സ്റ്റേഷനിൽ പരാതി നൽകാൻ പോയി എന്ന്‌ മറുപടി. എവിടെ നിന്നാണ് ബഹളം കേട്ടത്? താഴെയെന്ന് ചൂണ്ടിക്കാട്ടി. സന്ദീപിനെ എത്തിച്ചപ്പോൾ അവിടെ വീട്ടിലെ കാര്യങ്ങൾ നോക്കിയിരുന്ന സ്ത്രീയുണ്ടായിരുന്നു. ആ സ്ത്രീയെ ഓർമയുണ്ടോ എന്ന ചോദ്യത്തിന്‌ "ഉണ്ട്. എന്റെ വളർത്തമ്മയാണ്' എന്നായിരുന്നു മറുപടി.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top