26 April Friday

ഐടിയിൽ തൃക്കാക്കരയുടെ ആറാട്ട് ; അവസരങ്ങളുടെ വാതിൽ തുറന്ന്‌ കമ്പനികള്‍

ശ്രീരാജ്‌ ഓണക്കൂർUpdated: Wednesday May 18, 2022


കൊച്ചി
എട്ടുവർഷംകൊണ്ട്‌ ഒരുലക്ഷം തൊഴിൽ എന്ന സ്വപ്‌നത്തിലേക്ക്‌ നടന്നടുക്കുകയാണ്‌ കാക്കനാട്‌ ഇന്‍ഫോപാര്‍ക്ക്‌. എൽഡിഎഫ്‌ സർക്കാർ ഐടിക്കാർക്ക്‌ സ്വന്തം നാട്ടിൽത്തന്നെ ജോലി ചെയ്യാൻ അവസരമൊരുക്കുകയാണ്‌. പിണറായി സർക്കാർ ഈ ബജറ്റിൽ പ്രഖ്യാപിച്ച രണ്ട്‌ ഐടി ഇടനാഴികളും കാക്കനാട്‌ ഇൻഫോപാർക്കുമായി ബന്ധിപ്പിച്ചാണ്‌. കൊച്ചി–-കൊരട്ടി, കൊച്ചി–-ചേർത്തല ഐടി ഇടനാഴികൾ ഇൻഫോപാർക്കിനോട്‌ ചേർന്നുള്ള ഐടി സംരംഭങ്ങൾ സ്ഥാപിക്കാനും വളരാനും അവസരമൊരുക്കും.

2011–-12ൽ 125 കമ്പനികൾവഴി 1094 കോടി രൂപയാണ്‌ സോഫ്‌റ്റ്‌വെയർ കയറ്റുമതിയിലൂടെ ലഭിച്ചത്‌. 2021–-22ൽ ലഭിച്ചത്‌ 8000 കോടി രൂപ.   
ഇൻഫോപാർക്ക്‌ രണ്ടാംഘട്ട പദ്ധതിപ്രദേശത്തേക്ക് നാലുവരി അപ്രോച്ച്‌ റോഡ് ഒരുങ്ങുന്നു. ഇന്‍ഫോപാര്‍ക്ക് കൊച്ചിയിലും തൃശൂരി (കൊരട്ടി)ലുമായി 57, 250 ചതുരശ്ര അടി പ്ലഗ് ആന്‍ഡ്‌ പ്ലേ ഐടി സ്പേസ് നിര്‍മാണം പൂര്‍ത്തിയാക്കി കമ്പനികള്‍ക്ക് നല്‍കിത്തുടങ്ങി. 70,000 ചതുരശ്ര അടി പ്ലഗ് ആന്‍ഡ്‌ പ്ലേ ഐടി സ്പേസ് നിര്‍മാണത്തിന്‌ അനുമതി നല്‍കി, പ്രാരംഭപ്രവര്‍ത്തനം തുടങ്ങി. ഇന്‍ഫോപാര്‍ക്ക് ഒന്നാംഘട്ടത്തില്‍ 1.6 ഏക്കര്‍ ഭൂമിയിലേക്ക് ഉപസംരംഭകരെ ക്ഷണിച്ച്‌ പരസ്യം ചെയ്തിട്ടുണ്ട്.

412 കമ്പനികള്‍, 
55,000 ‌
ജീവനക്കാർ
ഇന്‍ഫോപാര്‍ക്കിൽ 92.62 ലക്ഷം ചതുരശ്ര അടി സ്ഥലം വിവിധ ക്യാമ്പസുകളിലായി പ്രവര്‍ത്തനസജ്ജമാണ്‌. വന്‍ കമ്പനികളായ ഐബിഎം, കോഗ്നിസെന്റ്, ടിസിഎസ്, വിപ്രോ, ഐബിഎസ്, ഇവൈ, കെപിഎംജി, ഇഎക്സ്എല്‍, യുഎസ്ടി ഗ്ലോബല്‍ തുടങ്ങിയവ അടക്കം 412 കമ്പനികള്‍ പ്രവര്‍ത്തിക്കുന്നു. 55,000 പേർ ജോലി ചെയ്യുന്നു.

നിലവിലെ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാകുന്നതോടെ കമ്പനികളുടെ എണ്ണം കൂടുകയും ഒന്നരലക്ഷത്തിലേറെപ്പേര്‍ ജോലി ചെയ്യുന്ന പാര്‍ക്കായി മാറുകയും ചെയ്യും. 2030ഓടെ ഈ ലക്ഷ്യം പൂര്‍ത്തിയാക്കുമെന്നാണ്‌ പ്രതീക്ഷിക്കുന്നത്‌. ഉപസംരംഭക പദ്ധതികളായ ഐബിഎസ് ഐടി ക്യാമ്പസ് (ആറുലക്ഷം ചതുരശ്ര അടി) ആദ്യഘട്ടനിര്‍മാണം പൂർത്തിയാകാറായി. ക്ലെയ്സിസ് ഐടി ക്യാമ്പസ് രണ്ടാംഘട്ടം (ഒരുലക്ഷം ചതുരശ്ര അടി), കാസ്പിയന്‍ ടെക് പാര്‍ക്ക്  (4.5 ലക്ഷം ചതുരശ്ര അടി) എന്നിവയുടെ നിർമാണം പുരോഗമിക്കുന്നു. ക്ലൗഡ്സ്കേപ് ഐടി പാര്‍ക്ക്‌ (62, 000 ചതുരശ്ര അടി) നിര്‍മാണം പൂര്‍ത്തിയായി പ്രവര്‍ത്തനം ആരംഭിച്ചു. 160 കോടി രൂപ മുതല്‍മുടക്കില്‍ ജിയോ ഗ്രൂപ്പിന്റെ 12 നില ഐടി മന്ദിരനിര്‍മാണത്തിനും തുടക്കംകുറിച്ചിട്ടുണ്ട്.

കോവിഡ്‌ 
കാലത്തെ 
സ്‌നേഹത്തണൽ
കോവിഡ് കാലത്ത്‌ ഐടി കമ്പനികൾക്ക്‌ എൽഡിഎഫ്‌ സര്‍ക്കാര്‍ മൂന്നുമാസത്തെ വാടക ഇളവുനൽകി. രണ്ടാംഘട്ടത്തില്‍ ചെറുകിട കമ്പനികള്‍ക്കും നോണ്‍ ഐടി കമ്പനികള്‍ക്കുമായി ഒമ്പതുമാസത്തെ വാടകയിളവും. കോവിഡ് പ്രതിസന്ധിയിൽ പ്രവര്‍ത്തനം അവസാനിപ്പിച്ച കമ്പനികള്‍ക്ക് കുടിശ്ശിക ഒറ്റത്തവണ തീര്‍പ്പാക്കി. കോ- വര്‍ക്കിങ്‌ സ്പേസ്‌ ആവശ്യം നിറവേറ്റാൻ തപസ്യ ബില്‍ഡിങ്ങിലെ രണ്ടാംനിലയില്‍ പ്ലഗ്- ആന്‍ഡ് -പ്ലേ പ്രീമിയം വര്‍ക്കിങ്‌ സ്റ്റേഷനായ ‘ദി ഡബ്ല്യു റൂം' സ്ഥാപിച്ചു. 51 കമ്പനികള്‍ക്കുള്ള സീറ്റുകള്‍ സജ്ജമാക്കി. നിലവില്‍ 12 കമ്പനികള്‍ക്ക് സീറ്റ് അനുവദിച്ചു.

പൂർത്തിയായ 
പദ്ധതികൾ
ഇന്‍ഫോപാര്‍ക്കിന്റെ വളര്‍ച്ചയില്‍ ഉപസംരംഭകരും പങ്കാളികളാണ്. ജ്യോതിര്‍മയ ഐടി മന്ദിരം, ലുലു സൈബര്‍ ടവര്‍ ടൂ, ഐടി ബഹുനിലമന്ദിരം, ഐടി സ്പേസ് -ടവർ വൺ, ടവര്‍ 2, ട്രാന്‍സ് ഏഷ്യ ഐടി ബില്‍ഡിങ്‌,  ഫോര്‍ പോയിന്റ്, ക്ലെയ്സിസ് ഐടി മന്ദിരം എന്നിവ കഴിഞ്ഞ എൽഡിഎഫ്‌ സര്‍ക്കാരിന്റെ കാലത്ത് പൂര്‍ത്തിയായവയാണ്‌.

പുരോഗമിക്കുന്ന 
പദ്ധതികൾ; 
തൊഴിലവസരങ്ങൾ
ഐബിഎസ്‌ ഐടി ക്യാമ്പസ്‌–- 6000, കാസ്‌പിയൻ ടെക് പാർക്ക്‌–-1500, ക്ലൗഡ്‌സ്‌കേപ്പ്‌ ഐടി പാർക്ക്‌–-1000, യുഎസ്‌ടി ഗ്ലോബൽ–-5000, ജിയോ ഇൻഫോപാർക്ക്‌–-4500

അവസരങ്ങളുടെ വാതിൽ തുറന്ന്‌ ടിസിഎസ് ; വരുന്നു, ടിസിഎസ്‌ ഇന്നൊവേഷൻ പാർക്ക്‌
പ്രമുഖ ഐടി സേവനദാതാക്കളായ ടാറ്റ കൺസൾട്ടൻസി സർവീസസ് (ടിസിഎസ്) കൊച്ചി കാക്കനാട് കിൻഫ്ര ഇലക്ട്രോണിക്സ് മാനുഫാക്ചറിങ്‌ ക്ലസ്റ്ററിൽ ഇന്നൊവേഷൻ പാർക്ക് സ്ഥാപിക്കുന്നതോടെ ലഭിക്കുന്നത്‌ പതിനായിരത്തോളം തൊഴിലവസരങ്ങൾ. കേരളത്തിന്റെ സിലിക്കൺവാലിയായ തൃക്കാക്കരയുടെ ഐടി സ്വപ്‌നങ്ങൾക്ക്‌ പുതിയ സാധ്യതകൾ നൽകിയാണ്‌ ടിസിഎസ്‌ സംരംഭം വരുന്നത്‌. ഇലക്ട്രോണിക് ഹാർഡ്‌വെയർ ആൻഡ് ഐടി, ഐടിഇഎസ് യൂണിറ്റിന്‌ 36.84 ഏക്കർ സ്ഥലം ടിസിഎസിന് അനുവദിച്ചു. 690 കോടി രൂപ ചെലവിലാണ്‌ പാർക്ക്‌ ഒരുങ്ങുന്നത്‌.

ഇതിനുള്ള ധാരണപത്രം മുഖ്യമന്ത്രി പിണറായി വിജയന്റെയും വ്യവസായമന്ത്രി പി രാജീവിന്റെയും സാന്നിധ്യത്തിലാണ്‌ ഒപ്പുവച്ചത്‌.  2023–-24ൽ ആദ്യഘട്ടം പ്രവർത്തനം ആരംഭിക്കും. പതിനായിരത്തോളം തൊഴിലവസരങ്ങളാണ് ക്യാമ്പസ് പൂർണമായും പ്രവർത്തനക്ഷമമാകുമ്പോൾ പ്രതീക്ഷിക്കുന്നത്. 16 ലക്ഷം ചതുരശ്രയടി പ്രദേശത്താണ് ഇന്നൊവേഷൻ പാർക്ക് സ്ഥാപിക്കുക. ഐടി കോംപ്ലക്‌സിനായി 440 കോടി രൂപയും  അനുബന്ധ വികസനത്തിന്‌ 250 കോടി രൂപയുമാണ് ടിസിഎസ് വകയിരുത്തിയിരിക്കുന്നത്.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top