25 April Thursday

തദ്ദേശ ഉപതെരഞ്ഞെടുപ്പ് : ആറിടത്ത്‌ ജനം 
വിധിയെഴുതി

വെബ് ഡെസ്‌ക്‌Updated: Wednesday May 18, 2022

സെന്റ് ജോസഫ് സ്‌കൂളിലെ പോളിങ് ബൂത്തിൽ വോട്ട് രേഖപ്പെടുത്തി 
പുറത്തേക്ക് വരുന്ന പ്രൊഫ. എം കെ സാനു


കൊച്ചി
ജില്ലയിലെ അഞ്ചു തദ്ദേശഭരണസ്ഥാപനത്തിലെ ആറ്‌ വാർഡിലേക്കുള്ള ഉപതെരഞ്ഞെടുപ്പിൽ ജനങ്ങൾ വിധിയെഴുതി.  തൃപ്പൂണിത്തുറ ന​ഗരസഭാ 11–---ാം ഡിവിഷനായ ഇളമനത്തോപ്പിലാണ് ഏറ്റവും ഉയർന്ന പോളിങ്–- 88.24 ശതമാനം. കൊച്ചി കോർപറേഷൻ 62–--ാം ഡിവിഷനായ എറണാകുളം സൗത്തിലാണ് ഏറ്റവും കുറവ് പോളിങ്–- 47.62 ശതമാനം. മറ്റിടങ്ങളിലെ പോളിങ്‌ ശതമാനം: തൃപ്പൂണിത്തുറ നഗരസഭയിലെ പിഷാരി കോവിൽ (84.24 ശതമാനം), കുന്നത്തുനാട്‌ പഞ്ചായത്തിലെ വെമ്പിള്ളി (86.15), വാരപ്പെട്ടി പഞ്ചായത്ത്  മൈലൂർ (85.74), നെടുമ്പാശേരി പഞ്ചായത്തിലെ അത്താണി ടൗൺ (83.78).

എറണാകുളം സൗത്ത്
എറണാകുളം സൗത്തിൽ ആകെയുള്ള 4622 വോട്ടർമാരിൽ 1106 പുരുഷന്മാരും 1095 സ്ത്രീകളും ഉൾപ്പെടെ 2201 പേർ വോട്ട് ചെയ്തു. എൽഡിഎഫ് സ്ഥാനാർഥി അശ്വതി എസ് രണ്ടാംബൂത്തിലും യുഡിഎഫ് സ്ഥാനാർഥി അനിത വാര്യർ നാലാംബൂത്തിലും വോട്ട് ചെയ്തു. ഡിവിഷനിലെ താമസക്കാരിയല്ലാത്തതിനാൽ ബിജെപി സ്ഥാനാർഥി പത്മജ എസ് മേനോന് വോട്ടുണ്ടായിരുന്നില്ല. യുഡിഎഫ് കൗൺസിലർമാരായ എം ജി അരിസ്റ്റോട്ടിൽ, സീന ഗോകുലൻ, ബിൻസി ബെന്നി എന്നിവർ എസ്ആർവി എൽപി സ്കൂളിലെത്തി വോട്ട് ചെയ്യാനെത്തിയവരെ സ്വാധീനിക്കാൻ ശ്രമിച്ചത് സ്ഥിരംസമിതി അധ്യക്ഷൻ പി ആർ റെനീഷും പൊലീസും ഇടപെട്ട് തടഞ്ഞു. ബിജെപി അംഗം മിനി ആർ മേനോൻ അന്തരിച്ച ഒഴിവിലേക്കാണ് തെരഞ്ഞെടുപ്പ്‌. കക്ഷിനില: എൽഡിഎഫ്‌ (സ്വതന്ത്രൻ ഉൾപ്പെടെ -38), യുഡിഎഫ്‌ (-31), ബിജെപി (4).

ഇളമനത്തോപ്പ്
തൃപ്പൂണിത്തുറ ന​ഗരസഭയിലെ 11–-ാംവാർഡായ ഇളമനത്തോപ്പിൽ ആകെയുള്ള 859 വോട്ടർമാരിൽ 407 സ്ത്രീകളും 351 പുരുഷന്മാരും ഉൾപ്പെടെ 758 പേർ വോട്ട് രേഖപ്പെടുത്തി. ഇരുമ്പനം എസ്എൻഡിപി എൽപി സ്കൂളിലായിരുന്നു പോളിങ് സ്റ്റേഷൻ. സ്ഥാനാർഥികളിൽ എൽഡിഎഫ് സ്ഥാനാർഥി പ്രദീഷ് ഇ ടിക്കുമാത്രമാണ് വോട്ടുണ്ടായിരുന്നത്. നഗരസഭാ സ്ഥിരംസമിതി അധ്യക്ഷനായ സിപിഐ എമ്മിലെ കെ ടി സൈഗാൾ അന്തരിച്ച ഒഴിവിലേക്കായിരുന്നു തെരഞ്ഞെടുപ്പ്.

പിഷാരി കോവിൽ
നാൽപ്പത്താറാം ഡിവിഷനായ പിഷാരി കോവിലിൽ 1390 വോട്ടർമാരിൽ 1171 പേർ വോട്ട് രേഖപ്പെടുത്തി. എൽഡിഎഫ് സ്ഥാനാർഥി സം​ഗീത സുമേഷ്, ശോഭന തമ്പി (യുഡിഎഫ്), രതി രാജു (ബിജെപി) എന്നിവർ എരൂർ ഭവൻസ് സ്കൂളിൽ വോട്ട് രേഖപ്പെടുത്തി.  എൽഡിഎഫ്‌ അംഗം രാജമ്മ മോഹൻ അന്തരിച്ച ഒഴിവിലാണ് തെരഞ്ഞെടുപ്പ്‌.

അത്താണി ടൗൺ
നെടുമ്പാശേരി പഞ്ചായത്തിലെ 17–-ാംവാർഡായ അത്താണി ടൗണിൽ ആകെയുള്ള 1406 വോട്ടർമാരിൽ 577 സ്ത്രീകളും 601 പുരുഷന്മാരും ഉൾപ്പെടെ 1178 പേർ വോട്ട് ചെയ്തു. എൽഡിഎഫ് സ്ഥാനാർഥി ഡോ. എം പി ആന്റണി, ജോബി നെൽക്കര (യുഡിഎഫ്), ജോഷി പൗലോസ് (ബിജെപി) എന്നിവർ അത്താണി അസീസി സ്കൂളിൽ വോട്ട് രേഖപ്പെടുത്തി. കോൺഗ്രസ് അംഗം പി വൈ വർഗീസ് രാജിവച്ച ഒഴിവിലാണ് തെരഞ്ഞെടുപ്പ്.

വെമ്പിള്ളി
കുന്നത്തുനാട് പഞ്ചായത്തിലെ 11–-ാംവാർഡായ വെമ്പിള്ളിയിൽ 1409 വോട്ടർമാരിൽ 604 പുരുഷന്മാരും 610 സ്ത്രീകളും ഉൾപ്പെടെ 1214 പേർ വോട്ട് രേഖപ്പെടുത്തി. വലമ്പൂർ യുപി സ്കൂളിൽ എൽഡിഎഫ് സ്ഥാനാർഥി എൻ ഒ ബാബു, വി പി ജോർജ് (യുഡിഎഫ്) എന്നിവർ വോട്ട്‌ രേഖപ്പെടുത്തി.

ട്വന്റി20 സ്ഥാനാർഥി എൽദോ പോളിന് വോട്ടുണ്ടായിരുന്നില്ല. കോൺഗ്രസ് അംഗമായിരുന്ന ജോസ് ജോർജ് അന്തരിച്ചതിനെ തുടർന്നാണ് ഉപതെരഞ്ഞെടുപ്പ് വേണ്ടിവന്നത്. 

മൈലൂർ
വാരപ്പെട്ടി പഞ്ചായത്തിലെ മൈലൂർ ആറാംവാർഡിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പിൽ 1480 വോട്ടർമാരിൽ 729 പുരുഷന്മാരും 751 സ്ത്രീകളുമടക്കം 1269 പേർ വോട്ട് ചെയ്തു. മൈലൂർ എൽപി സ്‌കൂളിൽ രണ്ടു ബൂത്തുകളിലായിരുന്നു പോളിങ്.
ബൂത്ത് രണ്ടിൽ യുഡിഎഫ് സ്ഥാനാർഥി കെ കെ ഹുസൈൻ വോട്ട് രേഖപ്പെടുത്തി. എൽഡിഎഫ് സ്ഥാനാർഥി ഷിബു വർക്കിക്ക് വാർഡിൽ വോട്ടുണ്ടായിരുന്നില്ല. യുഡിഎഫ് സ്വതന്ത്രൻ സി കെ അബ്ദുൽ നൂർ അന്തരിച്ച ഒഴിവിലേക്കായിരുന്നു തെരഞ്ഞെടുപ്പ്‌. കക്ഷിനില: എൽഡിഎഫ്‌ (-3), യുഡിഎഫ്‌ (-8), എൻഡിഎ (1).‌

വോട്ടെണ്ണല്‍ ഇന്ന്
ജില്ലയിലെ അഞ്ചു തദ്ദേശഭരണസ്ഥാപനങ്ങളിലെ ആറ്‌ വാർഡുകളിലേക്കുള്ള ഉപതെരഞ്ഞെടുപ്പ് വോട്ടെണ്ണൽ ബുധൻ പകൽ 9.30ന്‌ നടക്കും. കൊച്ചി നഗരസഭ 62–-ാം ഡിവിഷനായ എറണാകുളം സൗത്തിലെ വോട്ടുകൾ എറണാകുളം മഹാരാജാസ് കോളേജിലാണ് എണ്ണുന്നത്.

തൃപ്പൂണിത്തുറ 11-–-ാം ഡിവിഷൻ ഇളമനത്തോപ്പ്, 
46-–-ാം ഡിവിഷൻ പിഷാരി കോവിൽ എന്നിവിടങ്ങളിലേത് തൃപ്പൂണിത്തുറ ന​ഗരസഭാ ഓഫീസിലും കുന്നത്തുനാട് പഞ്ചായത്ത് 11-–-ാം വാർഡ് വെമ്പിള്ളിയിലേത് കുന്നത്തുനാട് പഞ്ചായത്ത് ഓഫീസിലും വാരപ്പെട്ടി പഞ്ചായത്ത് ആറാം വാർഡായ മൈലൂരിലേത് വാരപ്പെട്ടി പഞ്ചായത്ത് കോൺഫറൻസ് ഹാളിലും നെടുമ്പാശേരി പഞ്ചായത്തിലെ 17-–-ാം വാർഡായ അത്താണി ടൗണിലേത് നെടുമ്പാശേരി പഞ്ചായത്ത് ഓഫീസിലും എണ്ണും.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top