23 April Tuesday

മൂന്നക്കംതൊട്ട്‌ രോഗികൾ, ആശങ്ക വേണ്ടെന്ന്‌ ആരോഗ്യവകുപ്പ്‌

വെബ് ഡെസ്‌ക്‌Updated: Monday May 18, 2020


സ്വന്തം ലേഖിക
സംസ്ഥാനത്ത്‌ ചികിത്സയിലുള്ള കോവിഡ്‌ രോഗികളുടെ എണ്ണം വീണ്ടും മൂന്നക്കം തൊട്ടു. 16 ദിവസത്തിനുശേഷമാണ്‌ രോഗികൾ മൂന്നക്കത്തിലെത്തിയത്‌. മെയ്‌ ഒന്നിന്‌ 102 രോഗികൾ ഉണ്ടായിരുന്നു.‌ തുടർന്ന്‌ എണ്ണം കുറഞ്ഞു വന്നു. രണ്ടിന്‌ രോഗികൾ 96ലേക്കും എട്ടിന്‌ 16ലേക്കും കുറഞ്ഞു. നിരീക്ഷണത്തിലുള്ളവർ 20,157 ആയി ചുരുങ്ങി.

കോവിഡ്‌ തീവ്രബാധിത പ്രദേശങ്ങളിൽനിന്ന്‌ കൂടുതൽ ആളുകൾ മടങ്ങിയെത്താൻ തുടങ്ങിയതോടെ രോഗികളുടെ എണ്ണവും വർധിച്ചു. പതിമൂന്നോടെ ചികിത്സയിലുള്ള രോഗികൾ 41 ‌ആയി. നിരീക്ഷണത്തിൽ 34,447ഉം. ശനിയാഴ്ച 56,981 പേരാണ്‌ സംസ്ഥാനത്ത്‌ നിരീക്ഷണത്തിലുണ്ടായിരുന്നത്‌, ചികിത്സയിൽ 87 പേരും. ഞായറാഴ്ച നിരീക്ഷണത്തിലുള്ളവർ 62,429 ആയി.

രോഗികളുടെ വർധനയിൽ ആശങ്ക വേണ്ടെന്ന്‌ ആരോഗ്യ വിദഗ്‌ധർ അഭിപ്രായപ്പെടുന്നു. ജനുവരി 30ന്‌ ഇന്ത്യയിൽ ആദ്യ കോവിഡ്‌ ബാധ സ്ഥിരീകരിച്ചത്‌ സംസ്ഥാനത്താണ്‌. മാർച്ച്‌ 14ന്‌ രോഗികൾ മൂന്നക്കത്തിലെത്തി–- 105.

ഏപ്രിൽ ആറായപ്പോൾ 266ലെത്തി. അവിടെ നിന്നാണ്‌ മെയ്‌ ഒന്നിന്‌ 102 ആയും പിന്നീട്‌ 16 ആയും കുറയ്‌ക്കാനായത്‌. ഇതേവരെ രോഗം സ്ഥിരീകരിച്ച 601ൽ 187 പേർക്ക്‌ മാത്രമാണ്‌ സമ്പർക്കത്തിലൂടെ രോഗം പിടിപെട്ടത്‌, രോഗപ്പകർച്ചയുടെ 31 ശതമാനം.

നിലവിൽ മടങ്ങിയെത്തുന്നവരിൽ രോഗികളും രോഗവാഹകരും കൂടുതലുണ്ടാകും. മടങ്ങിയെത്തുന്നവരും പൊതുജനങ്ങളും നിരീക്ഷണ, രോഗപ്രതിരോധത്തിനുള്ള സർക്കാർ നിർദേശങ്ങൾ കൃത്യമായി പാലിച്ചാൽ കോവിഡിന്റെ മൂന്നാം വരവിനെയും പിടിച്ചുകെട്ടാനാകുമെന്നും ആരോഗ്യവകുപ്പ്‌ അധികൃതർ പറഞ്ഞു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top