02 May Thursday

‘രാജീവാണ് എന്നെയും ഭാര്യയെയും ഹജ്ജ് ചെയ്യാൻ സഹായിച്ചത്. ഒഴിവു സമയങ്ങളിലൊക്കെ രാജീവിനുവേണ്ടി പ്രചാരണം നടത്തുകയാണ് ഞാൻ

വെബ് ഡെസ്‌ക്‌Updated: Thursday Apr 18, 2019

ഹജ്ജിന്റെ പുണ്യം പങ്കുവച്ച്‌
കൊച്ചി

‘രാജീവാണ് എന്നെയും ഭാര്യയെയും ഹജ്ജ് ചെയ്യാൻ സഹായിച്ചത്. ഒഴിവു സമയങ്ങളിലൊക്കെ രാജീവിനുവേണ്ടി പ്രചാരണം നടത്തുകയാണ് ഞാൻ’. സുലൈമാനിക്ക  ഇതുപറയുമ്പോൾ  കണ്ണുകളിൽ സന്തോഷത്തിളക്കം. 2011ൽ രാജീവ് രാജ്യസഭാ എംപിയായിരുക്കുമ്പോഴാണ് എംപിയുടെ ഹജ്ജ് ക്വാട്ടയിൽ കുന്നേപ്പറമ്പിൽ മാമ്പള്ളിപ്പാടം വീട്ടിൽ സുലൈമാനും ഭാര്യ പാത്തുകുട്ടിക്കും അവസരം ലഭിച്ചത്.

ഹോമിയോ ഡിസ്‌പെൻസറിയിൽനിന്ന് ഫാർമസിസ്റ്റായി റിട്ടയേർഡ് ചെയ്ത സമയമായിരുന്നു അത്. പെൻഷൻകൊണ്ട് ജീവിതം മുന്നോട്ട് കൊണ്ടുപോകണമായിരുന്നു. ഹജ്ജ് ചെയ്യുക എന്ന തങ്ങളുടെ വലിയ സ്വപ്നം എങ്ങനെ സാക്ഷാത‌്കരിക്കും എന്ന പ്രയാസത്തിൽ ഇരിക്കുമ്പോഴാണ് രാജീവിനെ കാണുന്നത‌്.

വിശ്വാസികൾക്കുവേണ്ടിയാണ് പലരും നിലകൊള്ളുന്നതെന്ന് പറയുമെങ്കിലും രാജീവിനെപ്പോലുള്ള കമ്യൂണിസ‌്റ്റുകാരാണ് ആത്മാർഥമായി ജാതി-മത ഭേദമില്ലാതെ വിശ്വാസികൾക്കുവേണ്ടി എന്നും നിലകൊള്ളുന്നതെന്ന് തോന്നിയിട്ടുണ്ട്. അതിന്റെ ഏറ്റവും വലിയ അനുഭവമാണ് തന്റേതെന്നും സുലൈമാനിക്ക പറയുന്നു. രാജ്യസഭയ‌്ക്കകത്തെയും പുറത്തെയും രാജീവിന്റെ ഇടപെടലുകളൊക്കെ അങ്ങനെയായിരുന്നു. രാജീവ് ജയിക്കേണ്ടത് രാജ്യത്തിന്റെ ആവശ്യമാണ്. അതുവരെ താനും കുടുംബവും സജീവമായി രംഗത്തുണ്ടാകുമെന്ന് സുലൈമാനിക്ക പറഞ്ഞു.

കൊച്ചി
കലൂർ സ്റ്റേഡിയത്തിലെ പ്രഭാത നടത്തക്കാരോടൊപ്പം ചേർന്ന‌് വോട്ടഭ്യർഥിച്ചായിരുന്നു എൽഡിഎഫ‌് സ്ഥാനാർഥി പി രാജീവ‌് ബുധനാഴ‌്ചത്തെ പ്രചാരണം ആരംഭിച്ചത‌്. എറണാകുളം മണ്ഡലം കുതിക്കേണ്ടതിനെക്കുറിച്ചായിരുന്നു എല്ലാവരുടെയും സംസാരം. ചിലർ പരിചയം പുതുക്കി കടന്നുപോയപ്പോൾ മറ്റുള്ളവർ മണ്ഡലത്തിലെ മാലിന്യപ്രശ്‌നങ്ങളും നാടിന്റെ വികസന കാഴ്ചപ്പാടുകളും ഗൗരവം ചോരാതെ രാജീവുമായി ചർച്ചചെയ്തു.

പര്യടനത്തിനിടെ കലൂർ സ്‌റ്റേഡിയത്തിലെ ജിംനേഷ്യത്തിലെത്തിയ രാജീവിന്റെ തൂക്കംനോക്കുന്നു

പര്യടനത്തിനിടെ കലൂർ സ്‌റ്റേഡിയത്തിലെ ജിംനേഷ്യത്തിലെത്തിയ രാജീവിന്റെ തൂക്കംനോക്കുന്നു

നടത്തത്തിനിടയിൽ കണ്ടുമുട്ടിയ ലാഫിങ് യോഗയുടെ ട്രെയ്‌നർമാരായ സുനിൽകുമാറും ജോർജും ടോമി വർഗീസും ചേർന്ന് രാജീവിനെയും കൂടെ നടക്കാനിറങ്ങിയവരെയും ശരിക്ക് ചിരിപ്പിച്ചു. തൃക്കാക്കര മണ്ഡലം സന്ദർശനത്തിനിടയിൽ ഫ്ലാറ്റുകളിലുൾപ്പെടെ ജൈവജീവിത സംസ്‌കാരം വ്യാപിപ്പിച്ച രാജീവിന് ഫ്ലാറ്റുകൾ സന്ദർശിച്ചപ്പോൾ ഹൃദ്യമായ വരവേൽപ്പാണ് ലഭിച്ചത്. കുസുമഗിരിയിലെ മാനസികാരോഗ്യ കേന്ദ്രവും ഓട്ടിസം സ്‌കൂളും സന്ദർശിച്ചു.

ആലിൻചുവടിൽ സിപിഐ എം പൊളിറ്റ് ബ്യൂറോ അംഗം സുഭാഷിണി അലി പങ്കെടുത്ത പൊതുയോഗത്തിലും രാജീവ് പങ്കെടുത്തു. കേരളത്തിലെത്തന്നെ ഏറ്റവും മികച്ച സ്ഥാനാർഥിയായ പി രാജീവിന് വോട്ട് ചെയ്യണമെന്ന് ജനങ്ങളോട് അഭ്യർഥിച്ച അവർ വിജയമുദ്രാവാക്യങ്ങൾ മുഴക്കിയാണ് സ്ഥാനാർഥിയെ യാത്രയാക്കിയത്.

പൊതുയോഗത്തിൽ പങ്കെടുത്ത് പുറത്തിറങ്ങുമ്പോഴാണ‌് ആലിൻചുവട്ടിൽ ഒരു കാർ ബൈക്ക് യാത്രികനുമായി കൂട്ടിയിടിച്ചത്. ആർക്കും പരിക്കില്ലെന്ന് ഉറപ്പുവരുത്തിയാണ് രാജീവ് അവിടം വിട്ടത്. വിന്റ്‌സന്റ് ഡി പോൾ കോൺവന്റ്, ബിപിഎസ് കോൺവന്റ്, ഗ്യാലക്സി എഡിഫൈസ് വാഴക്കാല, കാക്കനാട് സെന്റ് മൈക്കിൾസ് ചർച്ച്, ജയരാജ് സ്റ്റിയർലിങ‌്, സെന്റ് ആന്റണീസ് ചർച്ച്, ട്രിനിറ്റി വേൾഡ്, അത്താണി കെന്റ് പാം വില്ലാസ്, ചെമ്പുമുക്ക് സ്‌നേഹനിലയം കോൺവന്റ് എന്നിവിടങ്ങളും സന്ദർശിച്ചു.

 

രാജീവിനായി ടെക്കികളും
കൊച്ചി
പി രാജീവിനുവേണ്ടി വോട്ടഭ്യർഥിച്ച് ഇൻഫോപാർക്കിലെ ടെക്കികളും. കാക്കനാട്, കലൂർ, പനമ്പള്ളിനഗർ എന്നിവിടങ്ങളിലാണ‌് ബുധനാഴ‌്ച  ഐടി ജീവനക്കാർ സ്‌ക്വാഡ് പ്രവർത്തനം നടത്തിയത്. വിവിധ കമ്പനികളിലെ ഇരുപത്തഞ്ചിലധികം ഐടി ജീവനക്കാരാണ് വിവിധ സ്‌ക്വാഡുകളായി പ്രചാരണത്തിന് ഇറങ്ങിയത്. അനഘ, ആതിര, ദീപ, കൃപേഷ്, എമിൽ, അനൂജ് എന്നിവർ നേതൃത്വം നൽകി. പ്രവൃത്തിദിവസങ്ങളിൽ വൈകിട്ടും അവധിദിവസങ്ങളിൽ മുഴുവൻ സമയവും ഇവർ സ്‌ക്വാഡ് പ്രവർത്തനം തുടരും

അക്കാദമിക ലോകം രാജീവിനൊപ്പം
കൊച്ചി
വിദ്യാഭ്യാസ മേഖലയിൽ സംസ്ഥാനം കൈവരിച്ച നേട്ടങ്ങൾ പാർലമെന്റിൽ മാതൃകയായി ഉയർത്തിക്കാട്ടാൻ പി രാജീവിന‌് പിന്തുണ പ്രഖ്യാപിച്ച‌് വിദ്യാഭ്യാസ സംഗമം. ഐഎംഎ ഹാളിൽ നടന്ന സംഗമത്തിൽ സർവകലാശാല, കോളേജ‌്, സ‌്കൂൾ അധ്യാപകരും ഗവേഷകരും വിദ്യാർഥികളും പങ്കെടുത്തു. വിദ്യാഭ്യാസമന്ത്രി പ്രൊഫ. സി രവീന്ദ്രനാഥ‌് സംഗമം ഉദ‌്ഘാടനംചെയ‌്തു. പൊതുവിദ്യാഭ്യാസം സാർവത്രികമാക്കാൻ സംസ്ഥാന സർക്കാർ 1000 ദിന കർമപരിപാടിയിലൂടെ നടത്തിയ പരിശ്രമത്തെ സംഗമം ഉയർത്തിക്കാട്ടി. ഉന്നത വിദ്യാഭ്യാസത്തിൽ എന്ത‌ു പ ഠിക്കണം, എന്ത‌ു ഗവേഷണം നടത്തണം എന്ന‌് ഇന്ന‌് ഭരണകൂടമാണ‌് തിരുമാനിക്കുന്നത‌്. അതിന‌ു മാറ്റംവരണമെന്നും സംഗമം ആവശ്യപ്പെട്ടു‌.

ആലോചനാശീലമുള്ളവർ രാഷ‌്ട്രത്തിൽ ഉണ്ടായാലേ രാജ്യം വളരുകയുള്ളുവെന്ന‌് സംഗമത്തിൽ മുഖ്യപ്രഭാഷണം നടത്തിയ പ്രൊഫ. എം കെ സാനു പറഞ്ഞു. വിശ്വാസത്തിൽ മാത്രം അധിഷ‌്ഠിതമായി ജീവിക്കുന്ന തലമുറ അതിന‌് മതിയാകില്ല. സംശയം കൈമുതലായവർ ചോദ്യങ്ങൾ ചോദിച്ചുകൊണ്ടിരിക്കണം. ചോദ്യം ചെയ്യലുകൾ ഉണ്ടായാൽ മാത്രമേ സമൂഹം നവീകരിക്കപ്പെടുകയുള്ളു. ശാസ‌്ത്രം പഠിച്ചവർപോലും ശാസ‌്ത്രവിരുദ്ധരാകുന്ന കാലഘട്ടത്തിൽ ചോദ്യങ്ങൾക്ക‌് വലിയ പ്രാധാന്യം ഉണ്ടെന്നും അദ്ദേഹം പറഞ്ഞു. വിദ്യാഭ്യാസത്തെ കച്ചവടവൽക്കരിക്കരുതെന്ന‌് പ്രൊഫ. എം ലീലാവതി പറഞ്ഞു. വിദ്യാഭ്യാസത്തിനായി ചെലവാക്കുമെന്ന‌ു പറയുന്നതിന്റെ പകുതിപോലും പല ഭരണകൂടങ്ങളും ചെലവഴിക്കാറില്ലെന്ന‌് പ്രൊഫ. പി കെ രവീന്ദ്രനാഥ‌് പറഞ്ഞു. ഇത്തരം ഭരണകൂടങ്ങൾ എങ്ങനെ രാജ്യത്തെ മുന്നോട്ട‌ുനയിക്കുമെന്നും അദ്ദേഹം ചോദിച്ചു. കീഴാള വിഭാഗക്കാരുടെ സമരവും സഹനവും ഉൾക്കൊണ്ടതാണ‌് ഇന്ത്യയുടെ ചരിത്രം. അത‌് പാഠപുസ‌്തകത്തിൽനിന്ന‌ുപോലും നീക്കം ചെയ്യപ്പെടുന്ന ഇപ്പോഴത്തെ ഭരണകൂട ഇടപെടൽ ഭീതി ജനിപ്പിക്കുന്നതാണെന്നും അദ്ദേഹം പറഞ്ഞു.

വിദ്യാഭ്യാസത്തോടുള്ള അദ്ദേഹത്തിന്റെ കാഴ‌്ചപ്പാടുകളും എംപി എന്ന നിലയിൽ രാജ്യസഭയിലെടുത്ത ഇടപെടലുക‌ളും പി രാജീവ‌് വിശദീകരിച്ചു‌. അക്കാദമിക രാഷ‌്ട്രീയമായിരിക്കണം വിദ്യാർഥിയുടെ ലക്ഷ്യമെന്ന‌് രാജീവ‌് പറഞ്ഞു. സംവാദാത്മക ക്യാമ്പസുകളിലൂടെ മാത്രമേ സർഗാത്മക ക്യാമ്പസ‌ുകൾ ഉണ്ടാകുകയുള്ളൂ. വിദ്യാഭ്യാസത്തിന്റെ രീതിശാസ‌്ത്രം മാറ്റാൻ ഇടപെടലുകൾ ഉണ്ടാകണമെന്നും അദ്ദേഹം പറഞ്ഞു.  കൃഷിമന്ത്രാലയത്തിന്റെ ഇടപെടലിലൂടെ പുതിയ സർവകലാശാലയ‌്ക്കായി ശരദ‌് പവാർ ബില്ലുകൊണ്ടുവന്നപ്പോൾ താൻ നടത്തിയ ഇടപെടലുകൾ അദ്ദേഹം വിശദീകരിച്ചു. സംഗമത്തിൽ ഉരുത്തിരിയുന്ന കാഴ‌്ചപ്പാടുകൾ  ‘ഭാവി എറണാകുളം’ എന്ന നിർദേശങ്ങളിൽ ഉൾപ്പെടുത്തുമെന്നും രാജീവ‌് പറഞ്ഞു.

ഡോ. മാർട്ടിൻ പാട്രിക‌് മോഡറേറ്ററായി. ഡോ. കെ ജി പൗലോസ‌്, ഡോ. കെ ആർ വിശ്വംഭരൻ, കെ കെ എൻ കുറുപ്പ‌്, ഡോ. എം ആർ രാഘവവാര്യർ, കെ വി കുഞ്ഞിക്കൃഷ‌്ണൻ, ഡോ. ബാബു ജോസഫ‌്, എൽസമ്മ ജോസഫ‌് അറയ‌്ക്കൽ, ഡോ. എസ‌് മുരളീധരൻ, ഡോ. അജി സി പണിക്കർ എന്നിവർ സംസാരിച്ചു.

 

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top