24 April Wednesday

കേരളത്തെ കലാപഭൂമിയാക്കാൻ അനുവദിക്കില്ല : എം വി ഗോവിന്ദൻ

വെബ് ഡെസ്‌ക്‌Updated: Saturday Mar 18, 2023


തിരുവനന്തപുരം
കേരളത്തെ കലാപഭൂമിയാക്കി മാറ്റാനാണ്‌ പ്രതിപക്ഷം ശ്രമിക്കുന്നതെന്നും അതിന്‌ വഴങ്ങില്ലെന്നും സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ ജനകീയ പ്രതിരോധ ജാഥയുടെ ഭാഗമായുള്ള വാർത്താസമ്മേളനത്തിൽ പറഞ്ഞു. യുഡിഎഫിനുള്ളിലെ ഭിന്നിപ്പ്‌ മറയ്‌ക്കാനാണിതെന്നും അദ്ദേഹം പറഞ്ഞു. രണ്ടാംപിണറായി സർക്കാരിന്റെ മികച്ച പ്രവർത്തനങ്ങളാണ്‌ യുഡിഎഫിനെയും ബിജെപിയെയും സമനിലവിട്ട്‌ പെരുമാറാൻ പ്രേരിപ്പിക്കുന്നത്‌. വീണ്ടും പ്രതിപക്ഷത്തിരിക്കേണ്ടി വരുമോയെന്ന ആശങ്കയിലുണ്ടാക്കുന്ന വിഭ്രാന്തിയാണിപ്പോൾ കാണുന്നത്‌. സ്പീക്കറെ ഉപരോധിക്കുന്നതും സർക്കാർ സംവിധാനങ്ങൾ തടസ്സപ്പെടുത്തുന്നതും പൊലീസിനെ ആക്രമിക്കുന്നതുമെല്ലാം ഇതിനു തെളിവാണ്‌. കെ സുധാകരൻ മുഖ്യമന്ത്രിക്കെതിരെ നടത്തിയ പ്രസ്താവന പരിഷ്‌കൃത സമൂഹത്തിന്‌ യോജിച്ചതല്ല. സൂര്യനെ പാഴ്‌മുറംകൊണ്ട്‌ മറയ്‌ക്കാനുള്ള ശ്രമമാണത്‌.

കേന്ദ്രവിഹിതം വൻതോതിൽ വെട്ടിക്കുറച്ചിട്ടും തൊഴിലുറപ്പ്‌ പദ്ധതിയിൽ തൊഴിൽദിനം കേരളത്തിൽ കൂടിയെന്ന്‌ കേന്ദ്ര ഗ്രാമവികസനമന്ത്രാലയത്തിന്റെ വെളിപ്പെടുത്തൽ എൽഡിഎഫിന്റെ ജനകീയ ബദൽ എന്താണെന്ന്‌ വ്യക്തമാക്കുന്നു. ബിജെപി ഭരിക്കുന്ന ഉത്തർപ്രദേശും മധ്യപ്രദേശും കോൺഗ്രസ്‌ ഭരിക്കുന്ന രാജസ്ഥാനും ഛത്തീസ്‌ഗഢും തൊഴിൽദിനം കുറച്ചപ്പോഴാണ്‌ സാമ്പത്തിക ബുദ്ധിമുട്ടുകൾക്കിടയിലും കേരളം ഇടപെട്ടതെന്നും അദ്ദേഹം പറഞ്ഞു.

വാർത്താസമ്മേളനത്തിൽ ജാഥാ മാനേജർ പി കെ ബിജു, ജാഥാംഗങ്ങളായ എം സ്വരാജ്‌, സി എസ്‌ സുജാത, സിപിഐ എം ജില്ലാ സെക്രട്ടറി വി ജോയി, എ എ റഹിം എംപി എന്നിവരും പങ്കെടുത്തു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top