25 April Thursday
കേരളത്തിൽ പാർടിക്ക്‌ ജനകീയത അവകാശപ്പെടാവുന്ന ഒരു നേതാവുമില്ല

പൂർണ പരാജയം; 
എങ്കിലും സുരേന്ദ്രൻ തുടരും ; കേരളത്തിലെ ബിജെപിയെ സംപൂജ്യരാക്കിയത്‌ 
നേതൃത്വത്തിന്റെ പിടിപ്പുകേട്‌

വെബ് ഡെസ്‌ക്‌Updated: Tuesday Jan 17, 2023



ന്യൂഡൽഹി  
ബിജെപി പ്രസിഡന്റായി കേരളത്തിൽ  കെ സുരേന്ദ്രൻ തുടരും. ലോക്‌സഭാ തെരഞ്ഞെടുപ്പ്‌ അടുത്ത ഘട്ടത്തിൽ ഒരു സംസ്ഥാനത്തും നിലവിലെ ഭാരവാഹികളെ മാറ്റേണ്ടതില്ലെന്ന പൊതുതീരുമാനമാണ്‌ സുരേന്ദ്രന്‌ ആശ്വാസമായത്‌. എന്നാൽ, സുരേന്ദ്രന്‌ കീഴിൽ കേരളത്തിൽ ബിജെപിക്ക്‌ തളർച്ചയാണെന്നും ദേശീയ എക്‌സിക്യൂട്ടീവ്‌ വിലയിരുത്തി.

നിയമസഭയിൽ ഉണ്ടായിരുന്ന ഏക സീറ്റ്‌കൂടി നഷ്ടപ്പെടുത്തി കേരളത്തിലെ ബിജെപിയെ സംപൂജ്യരാക്കിയത്‌ നേതൃത്വത്തിന്റെ പിടിപ്പുകേട്‌ കൊണ്ടാണെന്ന്‌ പ്രഭാരി പ്രകാശ്‌ ജാവദേക്കർ കേന്ദ്ര നേതൃത്വത്തെ ധരിപ്പിച്ചു. തമിഴ്‌നാട്ടിൽ ബിജെപിക്കുണ്ടായ വളർച്ചപോലും കേരളത്തിൽ കൈവരിക്കാനായില്ലെന്നാണ്‌ നിർവാഹകസമിതിയിലെ വിലയിരുത്തൽ. തെരഞ്ഞെടുപ്പുകളിൽ തുടർച്ചയായി തോൽക്കുകയാണ്‌. ഗ്രൂപ്പുപോര്‌ അതിരൂക്ഷം. നേതാക്കൾ ചേരിതിരിഞ്ഞ്‌ അടിക്കുന്നു. അണികൾക്ക്‌ നേതാക്കളിലുള്ള വിശ്വാസം നഷ്ടമായി. ജനകീയത അവകാശപ്പെടാവുന്ന ഒരു നേതാവും നിലവിൽ സംസ്ഥാനത്തില്ല.

തെരഞ്ഞെടുപ്പുകളെ ധനസമ്പാദന മാർഗമായി നേതാക്കൾ കാണുന്നു. നിയമസഭാ തെരഞ്ഞെടുപ്പിന്‌ മുമ്പും ശേഷവുമായി ഉയർന്ന കുഴൽപ്പണം, മഞ്ചേശ്വരം കോഴ, സി കെ ജാനുവിന്‌ പണം നൽകൽ തുടങ്ങിയ സംഭവങ്ങളെല്ലാം ജനങ്ങളിൽ വലിയ നാണക്കേട്‌ സൃഷ്ടിച്ചു. അഴിമതി പാർടിയായാണ്‌ ബിജെപിയെ ജനങ്ങൾ കാണുന്നത്‌. മതന്യൂനപക്ഷങ്ങളെ അടുപ്പിക്കുന്നതിലും പൂർണമായും പരാജയപ്പെട്ടു. നിലവിൽ നിഷ്‌ക്രിയമായ അവസ്ഥയിലാണ്‌.

സംഘടനാതലത്തിൽ ഇപ്പോൾ അഴിച്ചുപണി നടത്തിയാൽ ഗ്രൂപ്പുപോര്‌ മൂർച്ഛിപ്പിക്കും. ലോക്‌സഭാ തെരഞ്ഞെടുപ്പിലെ അവശേഷിക്കുന്ന സാധ്യതകളെയും ഇല്ലാതാക്കും. നേതാക്കൾ ഐക്യത്തോടെ പ്രവർത്തിക്കണം. ലോക്‌സഭാ തെരഞ്ഞെടുപ്പിലെ പ്രകടനംകൂടി മോശമായാൽ കടുത്ത നടപടി വേണ്ടിവരുമെന്നും നിർവാഹക സമിതി വിലയിരുത്തി.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top