20 April Saturday
അപൂർവം സ്ഥലങ്ങളിലേ എട്ട്‌ മീറ്റർ ഉയരത്തിലുള്ള തിട്ടകൾ ഉണ്ടാകൂ

മൺതിട്ട കെട്ടുമെന്നത്‌ ഇല്ലാക്കഥ ; തുറസ്സായ പ്രദേശങ്ങളിൽ സംരക്ഷണവേലി

പ്രത്യേക ലേഖകൻUpdated: Tuesday Jan 18, 2022

തിരുവനന്തപുരം

സിൽവർ ലൈനിന് വൻതോതിൽ മൺതിട്ടകൾ കെട്ടുന്നുവെന്ന പ്രചാരണം പൊള്ളയാണെന്ന്‌ ഡിപിആർ വ്യക്തമാക്കുന്നു. പാതയുടെ 38 ശതമാനവും പാലം, തൂണ്‌, തുരങ്കം, കട്ട്‌ ആൻഡ്‌ കവർ സംവിധാനത്തിലൂടെയാണ്‌. ബാക്കി അധികവും മൺനിരപ്പിൽനിന്ന്‌ രണ്ട്‌ മീറ്റർ ഉയരത്തിലാണ്‌. 

റെയിൽപ്പാതകളിൽ ഇത്‌ സാധാരണമാണ്‌. പാതയുടെ  നിരപ്പിൽനിന്ന്‌ താഴ്‌ന്നതും മണ്ണിന്‌ ബലക്കുറവുള്ള പ്രദേശങ്ങളിലുമാണ്‌ തിട്ട കെട്ടുക. അപൂർവം സ്ഥലങ്ങളിലേ എട്ട്‌ മീറ്റർ ഉയരത്തിലുള്ള തിട്ടകൾ ഉണ്ടാകൂ. അവയ്‌ക്ക്‌ താഴെ വെള്ളം ഒഴിപ്പോകാൻ അണ്ടർപാസുകളോ പൈപ്പുകളോ സ്ഥാപിക്കും. നിലവിലുള്ള   റെയിൽപ്പാതയ്‌ക്കും ഇതേ സംവിധാനമാണുള്ളത്‌. നാഗർകോവിൽ, കൊങ്കൺ പാതകൾക്ക്‌ 22 മീറ്റർ ഉയരത്തിൽവരെ തിട്ടകളുണ്ട്‌. അവിടങ്ങളിലൊന്നും ഇതുമൂലം വെള്ളപ്പൊക്കമുണ്ടായിട്ടില്ല.

സിൽവ‌ർ ലൈനിൽ 500 മീറ്റർ കൂടുമ്പോൾ പാത മുറിച്ച്‌ കടന്നുപോകാൻ അടിപ്പാതകളോ മേൽപ്പാലങ്ങളോ ഉണ്ടാകും.  പുഴകളിലും തോടുകളിലുമായി 55 പാലമാണ്‌ നിർമിക്കുക. 

തുറസ്സായ പ്രദേശങ്ങളിൽ വേലി
പാത കടന്നുപോകുന്ന തുറസ്സായ പ്രദേശങ്ങളിൽ ഇരുവശത്തുമായി സംരക്ഷണവേലി തീർക്കും. 160 കി.മീ. അധികം വേഗമുള്ള ട്രെയിനുകൾ കടന്നുപോകുന്ന എല്ലാ പാതയ്‌ക്കും ഇത് നിയമപ്രകാരം ചെയ്യേണ്ടതാണ്‌.  സിൽവർ ലൈനിൽ ഇരുവശത്തും മതിൽ, പകുതി ഉയരത്തിൽ മതിലും അതിനു മുകളിൽ വേലിയും, വേലിമാത്രം എന്നിങ്ങനെ മൂന്ന്‌ മാർഗം ഡിപിആർ നിർദേശിച്ചിട്ടുണ്ട്‌.  ചെലവ്‌ കുറവാണെന്നതിനാൽ കൂടുതൽ പ്രദേശങ്ങളിലും വേലിക്കാണ്‌ സാധ്യത. മതിലായാലും വേലിയായാലും തൂണുകളിൽ സൗരോജ പാനൽ സ്ഥാപിച്ച്‌ വൈദ്യുതി ഉൽപ്പാദിപ്പിക്കാൻ സംവിധാനമുണ്ടാകും.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top