25 April Thursday

ആർഎസ്‌എസ്‌ സന്ധി ; സുധാകരനെ ‘പേടിച്ച്‌ ’ നേതൃത്വം

വെബ് ഡെസ്‌ക്‌Updated: Friday Nov 18, 2022


തിരുവനന്തപുരം
കെപിസിസി അധ്യക്ഷൻ കെ സുധാകരന്റെ ആർഎസ്‌എസ്‌ ബാന്ധവ, നെഹ്‌റുവിരുദ്ധ പ്രസ്താവനകൾക്കെതിരെ യുഡിഎഫിലും കോൺഗ്രസിലും മുറുമുറുപ്പ്‌ ശക്തമാകുമ്പോഴും കടുത്ത നിലപാടെടുക്കാൻ ഭയന്ന്‌ നേതൃത്വം. ആർഎസ്‌എസ്‌ ബന്ധം പറയുക മാത്രമല്ല, വേണ്ടിവന്നാൽ ബിജെപിയിലേക്ക്‌ ചേക്കേറാനും മടിയില്ലാത്ത ആളാണ്‌ സുധാകരൻ എന്നതാണ്‌ കോൺഗ്രസ്‌ നേതൃത്വത്തെ കുഴയ്‌ക്കുന്നത്‌. ഇപ്പോൾ സുധാകരനെ മാറ്റി പകരം മറ്റൊരാളെ വയ്ക്കാൻ, അധ്യക്ഷസ്ഥാനത്തേക്ക്‌ വരാൻ തയ്യാറായിരിക്കുന്ന കെ സി വേണുഗോപാലിന്‌ താൽപ്പര്യവുമില്ല. കോൺഗ്രസിൽ പ്രശ്നങ്ങൾ നീറുന്നുവെന്ന്‌ അറിഞ്ഞാണ്‌ വെള്ളിയാഴ്ച കൊച്ചിയിൽ ചേരാനിരുന്ന രാഷ്‌ട്രീയകാര്യ സമിതി യോഗം മാറ്റിവച്ചത്‌.

എന്നാൽ, ആർഎസ്‌എസ്‌ ബന്ധം പരസ്യമായി പ്രഖ്യാപിച്ച സുധാകരനെതിരെ നടപടി ഒന്നുമുണ്ടായില്ലെങ്കിൽ നിലവിലുള്ള മതനിരപേക്ഷ വോട്ടുകൂടി യുഡിഎഫിന്‌ നഷ്ടപ്പെടുമെന്ന വികാരത്തിലാണ്‌ ലീഗിലെ ഒരുവിഭാഗം നേതാക്കളും ആർഎസ്‌പിയും. ഇതിന്റെ ഭാഗമായാണ്‌ ഷിബു ബേബിജോൺ സുധാകരനെതിരെ പരസ്യനിലപാട്‌ എടുത്തത്‌. അനവസരത്തിലുള്ള ഇത്തരം പ്രസ്താവനകൾ മുന്നണിയെ ദോഷകരമായി ബാധിക്കുമെന്ന്‌ ഷിബു പ്രതികരിച്ചു. കോൺഗ്രസിലെ സുധാകരൻ വിരുദ്ധരും തക്കംപാർത്തിരിക്കുകയാണ്‌.  കണ്ണൂരിൽ പോസ്റ്ററുകൾ പതിഞ്ഞത്‌  ഡൽഹിയിൽ തുടങ്ങിയ കത്ത്‌ഗൂഢാലോചനയുടെ തുടർച്ചയാണെന്ന്‌ സുധാകരൻ അനുകൂലികൾ മനസ്സിലാക്കിയിട്ടുണ്ട്‌.

സാദിഖ്‌ അലി തങ്ങൾ അടക്കം നാല്‌ നേതാക്കളോട്‌ സുധാകരനും വേണുഗോപാലുമടക്കം സംസാരിച്ചാണ്‌ ലീഗിനെ തൽക്കാലം തണുപ്പിച്ചതെങ്കിലും ഒരുവിഭാഗം നേതാക്കൾ ഇടഞ്ഞുതന്നെയാണ്‌. ലീഗ്‌ അണികളും സുധാകരന്റെ ആർഎസ്‌എസ്‌ ബന്ധത്തിൽ കടുത്ത നീരസത്തിലാണ്‌. ‘ഈ വിഴുപ്പ്‌ എത്രകാലം ചുമക്കുമെന്ന’ ഐഎൻഎലിന്റെ ചോദ്യം ചില ലീഗ്‌ നേതാക്കളും പങ്കുവയ്ക്കുന്നുണ്ട്‌. ബാബ്‌റി പള്ളി തകർത്തപ്പോൾ അനങ്ങാതിരുന്ന പ്രധാനമന്ത്രി പി വി നരസിംഹ റാവുവിനെ ചോദ്യംചെയ്തതിന്‌ ലീഗ്‌ അഖിലേന്ത്യാ അധ്യക്ഷനായിരുന്ന ഇബ്രാഹിം സുലൈമാൻ സേഠിനെയാണ്‌ നീക്കിയതെന്ന ചരിത്രവും ഐഎൻഎൽ ലീഗ്‌ അണികളെ ഓർമിപ്പിക്കുന്നു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top