26 April Friday

കോൺഗ്രസിന്‌ ‘കൈകൊടുത്ത്‌’ 
മനോരമയും മാതൃഭൂമിയും ; നേതാക്കളുടെ വഴിവിട്ട നിയമന ശുപാർശകളൊന്നും വാർത്തയാക്കാതെ ഒളിച്ചുകളി

വെബ് ഡെസ്‌ക്‌Updated: Friday Nov 18, 2022


തിരുവനന്തപുരം  
കോൺഗ്രസ്‌ നേതാക്കളുടെ വഴിവിട്ട നിയമന ശുപാർശകളൊന്നും വാർത്തയാക്കാതെ മാതൃഭൂമിയുടെയും മനോരമയുടെയും ഒളിച്ചുകളി.  യുഡിഎഫ്‌ സർക്കാരിന്റെ പ്രചാരകർ ആകാറുള്ള മനോരമ യൂത്ത്‌ കോൺഗ്രസ്‌ നേതാവ്‌ ഷാഫി പറമ്പിലിന്റെ  നിയമന കത്തുകൾ കണ്ടതേയില്ല. ആ കത്ത്‌ പുറത്തുവന്നപ്പോഴും ഞെട്ടിയില്ല, ജോലികിട്ടാത്തവരെക്കുറിച്ച്‌  ആശങ്കപ്പെട്ടില്ല. കോൺഗ്രസ്‌ ഭരണത്തിൽ ഇതൊക്കെ സാധാരണമല്ലേയെന്ന ഭാവത്തിൽ വാർത്ത മുക്കി.

കെഎസ്‌യു, യൂത്ത്‌ കോൺഗ്രസ്‌ പ്രവർത്തകരുടെ കേസ്‌ വാദിക്കുന്ന വക്കീലിനെ തിരുവനന്തപുരത്ത്‌ എപിപി ആക്കാനാവശ്യപ്പെട്ട്‌ 2011 ആഗസ്‌ത്‌ 25ന്‌ ഷാഫി പറമ്പിലാണ്‌ അന്നത്തെ മുഖ്യമന്ത്രി ഉമ്മൻചാണ്ടിക്ക്‌ സ്വന്തം ലെറ്റർപാഡിൽ കത്ത്‌ നൽകിയത്‌.  മൂവാറ്റുപുഴ അഡീഷണൽ സെഷൻസ്‌ കോടതിയിൽ ഗവ. പ്ലീഡറായി അരുൺ ജോസഫിനെ നിയമിക്കാൻ പി സി വിഷ്‌ണുനാഥ്‌ എംഎൽഎയും സ്വന്തം ലെറ്റർ പാഡിൽ കത്ത്‌ നൽകി. ജില്ലാകോടതിയിലെ പ്ലീഡർക്കുവേണ്ടിയായിരുന്നു ജോസഫ്‌ വാഴയ്ക്കന്റെ കത്ത്‌. അഡ്വ. കെ എൻ ജോയിയെ ഹൈക്കോടതി പ്ലീഡറാക്കണമെന്നായിരുന്നു എംപിയായിരുന്ന കെ പി ധനപാലന്റെ ശുപാർശ. കേന്ദ്ര സഹമന്ത്രിയായിരുന്ന കെ സി  വേണുഗോപാലിനും വഴിവിട്ട നിയമനശുപാർശ നൽകാൻ ഒരു മനസ്താപവുമുണ്ടായില്ല.

അഭിഭാഷകർക്കുവേണ്ടി മാത്രമല്ല, കോൺഗ്രസ്‌ നേതാവും രാജ്യസഭാ എംപിയുമായ ജെബി മേത്തർ എറണാകുളം ഇന്ദിരാഗാന്ധി സഹകരണ ആശുപത്രിയിൽ നിയമനത്തിന്‌ അനധികൃതമായി ഇടപെട്ട വിവരങ്ങളും ഓഡിറ്റ്‌ റിപ്പോർട്ടിലൂടെ പുറത്തുവന്നിട്ടുണ്ട്‌. 248 നിയമനമാണ്‌ അവർ നടത്തിയത്‌.  തൊഴിലില്ലാത്ത യുവജനങ്ങളുടെ പ്രശ്‌നങ്ങളും മെറിറ്റും ഇക്കാര്യത്തിൽ  മനോരമയെയും മാതൃഭൂമിയെയും വലച്ചില്ല.  
തിരുവനന്തപുരം കോർപറേഷനിൽ താൽക്കാലിക നിയമനം നടത്താൻ പാർടി ജില്ലാസെക്രട്ടറിക്ക്‌ മേയർ കത്തെഴുതി എന്ന്‌ ‘കണ്ടെത്തി’ അവതരിപ്പിച്ചിരുന്നു മനോരമ. കത്ത്‌ വ്യാജമെന്ന്‌ മേയറും അങ്ങനെയൊരു കത്ത്‌ കിട്ടിയിട്ടില്ലെന്ന്‌ പാർടി ജില്ലാസെക്രട്ടറിയും പറഞ്ഞതോടെ യഥാർഥ കത്താണെന്ന്‌ ബോധ്യപ്പെടുത്താൻ  കള്ളത്തരം വീണ്ടും വീണ്ടും  എഴുതി നിറയ്‌ക്കുകയാണ്‌ മനോരമയും മാതൃഭൂമിയും. അതിനിടെയാണ്‌ കോൺഗ്രസിനെ വെളുപ്പിച്ചെടുക്കാൻ അത്യധ്വാനവും നടത്തേണ്ടിവരുന്നത്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top