28 March Thursday

വേഗപാതയിൽ ശബരി ; പുതിയ അടങ്കൽ രണ്ടാഴ്‌ചയ്‌ക്കുള്ളിൽ

ജി രാജേഷ്‌ കുമാർUpdated: Thursday Nov 17, 2022


തിരുവനന്തപുരം
ശബരിമല റെയിൽ പാത പദ്ധതി പ്രവർത്തനങ്ങൾക്ക്‌ വേഗം കൂടുന്നു. കേന്ദ്ര സർക്കാരിന്റെ ‘ഗതി ശക്തി’ അടിസ്ഥാന സൗകര്യ വികസന പദ്ധതിയിൽ പരിഗണിക്കുന്ന ശബരി റെയിലിന്റെ അടങ്കലിൽ കേന്ദ്രം നിർദേശിച്ച ഭേദഗതികൾ വരുത്തും. പുതിയ അടങ്കൽ കെ–- റെയിൽ രണ്ടാഴ്‌ചയ്‌ക്കുള്ളിൽ സമർപ്പിക്കും.

കഴിഞ്ഞദിവസം ഡൽഹി ഗതി ശക്തി പ്രിൻസിപ്പൽ എക്‌സിക്യൂട്ടീവ്‌ ഡയറക്ടർ അനിൽകുമാർ ഖണ്ഡേൽവാളിന്റെ നേതൃത്വത്തിൽ വിദഗ്‌ധ സംഘവുമായി കെ–- റെയിൽ എംഡി വി അജിത്‌കുമാർ, എക്‌സിക്യൂട്ടീവ്‌ ഡയറക്ടർ പി ജയകുമാർ എന്നിവർ ചർച്ച നടത്തിയിരുന്നു. ലൈൻ ഇലക്‌ട്രിഫിക്കേഷൻ, ഭൂമി ഏറ്റെടുക്കൽ, സ്‌റ്റേഷൻ നിർമാണം, സിഗ്‌നലിങ് സംവിധാനം ഒരുക്കൽ ഉൾപ്പെടെ അടങ്കൽ മാറ്റം സംബന്ധിച്ച ആറ്‌ നിർദേശമാണ്‌ ഗതി ശക്തി വിദഗ്‌ധർ മുന്നോട്ടുവച്ചത്‌. ഇക്കാര്യങ്ങളിൽ യുദ്ധകാലാടിസ്ഥാനത്തിൽ തീരുമാനമെടുത്ത്‌ ഭേദഗതി വരുത്തും. 3450 കോടി രൂപയുടെ അടങ്കലാണ്‌ ശബരി റെയിലിനായി സമർപ്പിച്ചത്‌. പകുതി സംസ്ഥാനം വഹിക്കാമെന്ന്‌ റെയിൽവേ ബോർഡിനെയും കേന്ദ്ര സർക്കാരിനെയും കേരളം അറിയിച്ചിരുന്നു. ഇതിനാവശ്യമായ തുക കിഫ്‌ബിയിൽനിന്ന്‌ ലഭ്യമാക്കാൻ ഉത്തരവുമിറക്കി.

1997–-98ൽ റെയിൽവേ ബജറ്റിലാണ്‌ പദ്ധതി പ്രഖ്യാപിച്ചത്‌. 111 കിലോമീറ്ററിലാണ്‌ അങ്കമാലി–- രാമപുരം– -എരുമേലി റൂട്ടിൽ പാത നിർമിക്കുക. വനമേഖല പൂർണമായും ഒഴിവാക്കിയായിരിക്കും നിർമിതി. ശബരിമല വികസനത്തിന്റെ അനിവാര്യതയും പരിഗണിച്ചാണ്‌ എൽഡിഎഫ്‌ സർക്കാർ പദ്ധതി പകുതി വഹിക്കാൻ തീരുമാനിച്ചത്‌. 2017 ജനുവരിയിൽത്തന്നെ ഇക്കാര്യം രേഖാമൂലം കേന്ദ്രത്തെ അറിയിച്ചു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top