20 April Saturday

രാജ്‌ഭവൻ പ്രതിഷേധക്കൂട്ടായ്‌മ ; ഔദ്യോഗിക സംവിധാനങ്ങളെ ബാധിച്ചില്ല , 
സംഘാടനത്തിന്റെ പുതുമാതൃക

വെബ് ഡെസ്‌ക്‌Updated: Thursday Nov 17, 2022



തിരുവനന്തപുരം
ഗവർണറുടെ ഭരണഘടനാ വിരുദ്ധ നടപടികളിൽ പ്രതിഷേധിച്ച്‌ ലക്ഷമാളുകൾ അണിനിരന്ന പ്രകടനവും പ്രതിഷേധക്കൂട്ടായ്‌മയും സംഘടിപ്പിച്ചത്‌ നഗരജീവിതത്തെയും രാജ്‌ഭവന്റെയും സർക്കാർ ഓഫീസുകളുടെയും പ്രവർത്തനങ്ങളെയും ബാധിക്കാതെ. രാജ്‌ഭവൻ ഉപരോധിക്കാനും ആക്രമിക്കാനും ശ്രമിക്കുന്നെന്ന സംഘപരിവാറിന്റെയും ഗവർണറുടെയും പ്രചാരണങ്ങൾക്കുള്ള മറുപടികൂടിയായിരുന്നു അച്ചടക്കത്തോടെ സംഘടിപ്പിച്ച കൂട്ടായ്‌മ. നേതൃത്വത്തിന്റെ ആഹ്വാനമേറ്റെടുത്ത്‌ ഓരോരുത്തരും സ്വയം വളന്റിയർമാരായി സമരത്തെ നിയന്ത്രിച്ചു.

വിഷലിപ്‌ത പ്രചാരണങ്ങൾക്കെതിരെ നാടൊന്നാകെ ഒത്തുചേർന്നതോടെ ഗവർണറും സംഘപരിവാർ കേന്ദ്രങ്ങളും അങ്കലാപ്പിലായി. ഇതോടെ ആരെല്ലാം പങ്കെടുത്തെന്ന്‌ കണ്ടെത്താനുള്ള ശ്രമത്തിലായി രാവിലെമുതൽ ബിജെപി കേന്ദ്രങ്ങൾ. ഇതിന്‌ ഒരുവിഭാഗം മാധ്യമങ്ങളുടെ പിന്തുണയുമുണ്ടായി. സർക്കാർ ജീവനക്കാർ കൂട്ടായ്‌മയ്‌ക്ക്‌ പിന്തുണ പ്രഖ്യാപിച്ചിരുന്നു. സമരത്തിൽ ജീവനക്കാർ ആരെങ്കിലുമുണ്ടോ എന്നാണ്‌ രാജ്‌ഭവൻ പരിശോധിക്കുന്നത്‌. തലസ്ഥാനത്തെ സർക്കാർ ഓഫീസുകളിൽ ആളുണ്ടായില്ലെന്ന്‌ വരുത്തിത്തീർക്കാനും ശ്രമിച്ചു. കോർപറേഷൻ ഓഫീസിൽ ബിജെപി പ്രവർത്തകർ അതിക്രമിച്ച്‌ കടന്നു.എന്നാൽ, രാജ്‌ഭവനടക്കമുള്ള ഓഫീസുകളുടെ പ്രവർത്തനങ്ങൾ സുഗമമായി നടന്നു.

പേരൂർക്കട, നന്ദൻകോട്‌ ഭാഗത്തുനിന്ന്‌ വരുന്നവർക്ക്‌ രാജ്‌ഭവനിലേക്ക്‌ കടക്കാൻ വഴിയൊരുക്കി. ഓഫീസുകളുടെ പ്രവർത്തനം ആരംഭിച്ചശേഷം പകൽ പതിനൊന്നിനാണ്‌ പ്രകടനം ആരംഭിച്ചത്‌. പകൽ ഒന്നോടെ സമരം അവസാനിച്ചു. എന്തെങ്കിലും  ബുദ്ധിമുട്ടുണ്ടായതായി കേന്ദ്ര രഹസ്യാന്വേഷണ വിഭാഗവും കണ്ടെത്തിയിട്ടില്ല. രാജ്‌ഭവനു മുന്നിൽ ബാരിക്കേഡ് ഉപയോഗിച്ച്‌ പൊലീസ്‌ മാർച്ച്‌ തടഞ്ഞിരുന്നു. രാജ്‌ഭവനടുത്തേക്ക്‌ പോകുന്ന കാൽനടയാത്രികർക്ക്‌ ചെറിയ വഴി ഒരുക്കി. പൊലീസ്‌ പരിശോധന കർശനമാക്കി ആളുകളെ കടത്തിവിട്ടു. എന്നാൽ, ഇതെല്ലാം സുരക്ഷാവീഴ്‌ചയായി അവതരിപ്പിക്കാൻ കഴിയുമോ എന്ന ഗവേഷണത്തിലാണ്‌ രാജ്‌ഭവനുള്ളിലെ സംഘപരിവാർ കേന്ദ്രങ്ങൾ.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top