19 April Friday

മത്സ്യത്തൊഴിലാളികൾക്കായുള്ള തിരച്ചിൽ കണ്ണൂർ, കാസർകോട്‌ കേന്ദ്രീകരിച്ച്‌ ; മൂന്ന് കപ്പലും ഒരു ഹെലികോപ്റ്ററും രംഗത്ത്‌

വെബ് ഡെസ്‌ക്‌Updated: Sunday Oct 17, 2021


പൊന്നാനി
കടലിൽ കാണാതായ മത്സ്യത്തൊഴിലാളികൾക്കുവേണ്ടി കണ്ണൂർ, കാസർകോട്‌ ജില്ലകൾ കേന്ദ്രീകരിച്ച് തിരച്ചിൽ പുരോഗമിക്കുന്നു. സർക്കാർ സംവിധാനങ്ങൾക്കുപുറമെ മത്സ്യ ബന്ധന ബോട്ടുകളും ചേർന്നാണ് തിരച്ചിൽ നടത്തുന്നത്.

പൊന്നാനിയിൽനിന്ന് മത്സ്യബന്ധനത്തിനിറങ്ങിയ ഫൈബർ വള്ളം മുങ്ങി കാണാതായ മൂന്ന് മത്സ്യത്തൊഴിലാളികൾക്കുവേണ്ടിയുള്ള തിരച്ചിലാണ് മൂന്നാം ദിവസവും ഊർജിതമാക്കിയത്. ബുധനാഴ്ച പുലർച്ചെ മന്ദലാംകുന്ന്‌ ഭാഗത്ത്‌ അപകടത്തിൽപെട്ട ഫൈബർ വള്ളത്തിലെ ചന്തക്കാരന്റെ ഇബ്രാഹിം (40), പൊന്നാനി എംഇഎസ് കോളേജ് സ്വദേശി പുത്തംപുരയിൽ മുഹമ്മദാലി(47), കുഞ്ഞുമരക്കാരിയാക്കാനകത്ത്‌ ബീരാൻ എന്നിവരെയാണ് അപകടത്തിൽപെട്ട് കാണാതായത്.

കഴിഞ്ഞ രണ്ട് ദിവസവും മലപ്പുറം, കോഴിക്കോട് ജില്ലയിലെ  മേഖലകൾ കേന്ദ്രീകരിച്ചായിരുന്നു തിരച്ചിൽ നടത്തിയിരുന്നത്. എന്നാൽ കടലിൽ ശക്തമായ അടിയൊഴുക്കുള്ളതിനാൽ കൂടുതൽ വടക്ക് ഭാഗത്തേക്ക് ഒഴുകിപ്പോകാമെന്ന സാധ്യത കണക്കിലെടുത്താണ് കണ്ണൂർ, കാസർകോട്‌  ജില്ലകളിലെ കടലിൽ തിരച്ചിൽ നടത്തുന്നത്. അപകടത്തെത്തുടർന്ന് കൊച്ചിയിലെയും ബേപ്പൂരിലെയും കോസ്റ്റ് ഗാർഡ്, തിരച്ചിൽ വിദഗ്ദർ ഉൾപ്പെടുന്ന മൂന്ന് കപ്പലും ഒരു ഹെലികോപ്റ്ററും സംഭവസ്ഥലത്ത് കേന്ദ്രീകരിച്ച് തിരച്ചിൽ നടത്തുന്നുണ്ട്. കൂടാതെ ഫിഷറീസ്‌ ആംബുലൻസും ഫിഷറീസ് ബോട്ടും കോസ്റ്റൽ പൊലീസിന്റെ രക്ഷാ ബോട്ടുകളും പൊന്നാനിയിൽനിന്നുള്ള മത്സ്യബന്ധന ബോട്ടുകളും സജീവമായി തിരച്ചിലിന് നേതൃത്വം നൽകുന്നുണ്ട്. 

വ്യാഴം പുലർച്ചെ തിരിച്ചെത്തേണ്ട വള്ളം സമയമേറെ കഴിഞ്ഞിട്ടും തിരിച്ചെത്താത്തത് ശ്രദ്ധയിൽപെടാതിരുന്നതാണ്  രക്ഷാപ്രവർത്തനം  ദുഷ്ക്കരമാക്കിയത്. വ്യാഴാഴ്ച ഉച്ചയോടെ  കാണാതായവരുടെ ബന്ധുക്കളിൽ ചിലർ കടലിൽ തിരച്ചിലിനിറങ്ങിയെങ്കിലും ഒരാൾ രക്ഷപ്പെട്ടത് അറിഞ്ഞതിനുശേഷമാണ് ഫിഷറീസ് വകുപ്പുൾപ്പെടെ അപകടത്തിന്റെ കൂടുതൽ വിവരങ്ങൾ അറിഞ്ഞത്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top