19 April Friday

തൊഴിൽ ആരോഗ്യ സുരക്ഷിതത്വം : പരിശീലനകേന്ദ്രം സജ്ജമായി

വെബ് ഡെസ്‌ക്‌Updated: Saturday Oct 17, 2020

കൊച്ചി
വ്യവസായശാലകളിലെ അപകടങ്ങൾ ഒഴിവാക്കുകയെന്ന ലക്ഷ്യത്തോടെ സ്ഥാപിച്ച രാജ്യത്തെ ആദ്യത്തെ തൊഴിൽ ആരോഗ്യ സുരക്ഷിതത്വ പരിശീലന കേന്ദ്രം പ്രവർത്തനസജ്ജമായി. കാക്കനാട് നിർമാണം പൂർത്തീകരിച്ച ഒക്യുപേഷണൽ സേഫ്റ്റി ആൻഡ്‌ ഹെൽത്ത് ട്രെയിനിങ്‌ ഇൻസ്റ്റിറ്റ്യൂട്ട്‌ ശനിയാഴ്ച വീഡിയോ കോൺഫറൻസിലൂടെ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്‌ഘാടനം ചെയ്തു. മന്ത്രി ടി പി രാമകൃഷ്‌ണൻ അധ്യക്ഷനായി. ഫാക്ടറീസ് ആൻഡ്‌ ബോയിലേഴ്സ് വകുപ്പ് ഡയറക്ടർ പി പ്രമോദ് ശിലാഫലകം അനാച്ഛാദനം ചെയ്തു.

ഫാക്ടറീസ് ആൻഡ്‌ ബോയിലേഴ്സ് വകുപ്പിനുകീഴിലാണ്‌ പരിശീലന കേന്ദ്രം പ്രവർത്തിക്കുന്നത്. രാജ്യത്ത് ആദ്യമായാണ് ഒരു സംസ്ഥാന സർക്കാരിനുകീഴിൽ തൊഴിൽ ആരോഗ്യ സുരക്ഷിതത്വ പരിശീലന കേന്ദ്രം ആരംഭിക്കുന്നത്. 4.5 കോടി രൂപ ചെലവിൽ അത്യാധുനിക സൗകര്യങ്ങളോടെ മൂന്നു നിലകളിലായാണ്‌ കെട്ടിടം. വർക്കിങ്‌ മോഡലുകളുൾപ്പെടെയുള്ള സൗകര്യങ്ങളാണ്‌ ട്രെയിനിങ്‌ സെന്ററിലെ എക്സിബിഷൻ സെന്ററിൽ ഒരുക്കിയിരിക്കുന്നത്‌‌. ഇതിലൂടെ തൊഴിലാളികൾ നേരിടുന്ന അപകട സാധ്യതകളും ആരോഗ്യപ്രശ്നങ്ങളും മനസ്സിലാക്കാനും തടയാനുമുള്ള പരിശീലനം നേടാനാകും.

അന്താരാഷ്ട്ര തൊഴിൽ സംഘടനയായ ജർമൻ സോഷ്യൽ ആക്സിഡന്റ് ഇൻഷുറൻസ് ഉൾപ്പെടെ വിദേശരാജ്യങ്ങളിൽ നടത്തുന്ന പരിശീലനത്തിൽ ഉദ്യോഗസ്ഥർക്കും തൊഴിലാളികൾക്കും പങ്കെടുക്കാം. അത്യാധുനിക സംവിധാനങ്ങളോടെയുള്ള ഡിജിറ്റൽ ലൈബ്രറി, ശീതീകരിച്ച പരിശീലന ഹാൾ എന്നിവയും കേന്ദ്രത്തിന്റെ മുഖ്യ ആകർഷണങ്ങളാണ്.

വ്യാവസായിക‐തൊഴിൽ മേഖലകളിലെ ശ്രദ്ധേയമായ ചുവടുവയ്‌പ്: മുഖ്യമന്ത്രി
കേരളത്തിലെ വ്യാവസായിക, തൊഴിൽ മേഖലകളിലെ ശ്രദ്ധേയമായ ചുവടുവയ്പാ‌കും പരിശീന കേന്ദ്രമെന്ന്‌ മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. തൊഴിൽ ആരോഗ്യ സുരക്ഷിതത്വ പരിശീലന കേന്ദ്രത്തിന്റെ ഉദ്‌‌ഘാടനം ഓൺലൈനിലൂടെ നിർവഹിക്കുകയായിരുന്നു അദ്ദേഹം. തൊഴിലാളികൾക്കും വ്യാവസായിക കേന്ദ്രങ്ങൾക്കുചുറ്റും താമസിക്കുന്നവർക്കും ഒരുപോലെ സുരക്ഷിതത്വം ഉറപ്പാക്കാൻ കേന്ദ്രത്തിനു സാധിക്കും. അപകടരഹിത, തൊഴിൽജന്യ രോഗമുക്തവുമായ സമൂഹത്തിനെ സൃഷ്ടിക്കാൻ ഈ സംരംഭം പ്രയോജനപ്പെടുമെന്നും മുഖ്യമന്ത്രി പറഞ്ഞു. മന്ത്രി ടി പി രാമകൃഷ്‌ണൻ അധ്യക്ഷനായി.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top