26 April Friday

മന്ത്രി ഇടപെട്ടു; ജീവനക്കാരുടെ കലാ‐സംസ്‌കാരിക പ്രവർത്തനവുമായി ബന്ധപ്പെട്ട സർക്കുലർ പിൻവലിച്ചു

വെബ് ഡെസ്‌ക്‌Updated: Friday Sep 17, 2021

തിരുവനന്തപുരം > വിദ്യാഭ്യാസ വകുപ്പിലെ ജീവനക്കാരുടെ കലാ സാംസ്‌കാരിക രംഗങ്ങളിലെ പ്രവർത്തനവുമായി ബന്ധപ്പെട്ട് പുറത്തിറക്കിയ സർക്കുലർ പിൻവലിച്ചതായി വിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടി അറിയിച്ചു. സെപ്റ്റംബർ 9ന് വിദ്യാഭ്യാസവകുപ്പ് പുറത്തിറക്കിയ സർക്കുലറാണ് പിൻവലിച്ചത്.

സാഹിത്യ സംസ്‌കാരിക രംഗങ്ങളിൽ ഏർപ്പെടുന്നതിനായി അനുമതി ആവശ്യപ്പെട്ടുകൊണ്ട് പൊതു വിദ്യാഭ്യാസ വകുപ്പിലെ ജീവനക്കാർ സമർപ്പിക്കുന്ന അപേക്ഷകൾ പരിശോധിച്ച് ശുപാർശ ചെയ്യുന്നതിലേക്കുള്ള നിർദ്ദേശങ്ങളായിരുന്നു സർക്കുലറിൽ. എന്നാൽ ഇത്‌ ജീവനക്കാരുടെ കലാ സാഹിത്യ സംസ്‌കാരിക പ്രവർത്തനങ്ങൾക്ക് നിയന്ത്രണം ഏർപ്പെടുത്തി എന്ന രീതിയിൽ തെറ്റിദ്ധരിക്കപ്പെട്ടത്‌ ശ്രദ്ധയിൽപ്പെട്ടതോടെയാണ്‌ നടപടി. അത്തരം ഒരു ഉദേശവും ഈ സർക്കുലറിന് പിന്നിൽ ഇല്ലെന്നും മന്ത്രി വ്യക്തമാക്കി.

അനുമതിക്കായി സമർപ്പിക്കപ്പെടുന്ന സാഹിത്യ സൃഷ്‌ടിയുടെ സർഗാത്മകതയോ ഏതെങ്കിലും തരത്തിലുളള ഗുണമേന്മാ പരിശോധനയോ വിദ്യാഭ്യാസ ഓഫീസർ തലത്തിൽ നടത്തുമെന്നതല്ല സർക്കുലർ കൊണ്ട് ഉദ്ദേശിച്ചത്. അപേക്ഷയോടൊപ്പം സമർപ്പിക്കപ്പെടുന്ന സത്യപ്രസ്‌താവനയിൽ പറയുന്ന തരത്തിൽ കേരള സർക്കാർ ജീവനക്കാരുടെ പെരുമാറ്റ ചട്ടത്തിലെ നിബന്ധനകൾക്ക് വിധേയമായി പരിശോധിക്കുക മാത്രമാണ്.

സർക്കുലറുമായി ബന്ധപ്പെട്ട് ആശയക്കുഴപ്പങ്ങൾ ഉണ്ടായ പശ്ചാത്തലത്തിലാണ് വിഷയത്തിൽ ഇടപെട്ട് സർക്കുലർ പിൻവലിക്കാൻ നിർദേശം നൽകിയത്. കലാകാരന്മാരുടെ ആവിഷ്‌കാര സ്വാതന്ത്ര്യം തടയാനുള്ള ഒരു നീക്കവും സർക്കാരിന്റെ ഭാഗത്ത് നിന്ന് ഉണ്ടാകില്ലെന്നും മന്ത്രി വി ശിവൻകുട്ടി വ്യക്തമാക്കി.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top