20 April Saturday

സമരം ആഘോഷത്തിന്റെ ശോഭ കെടുത്തിയെന്ന്‌ എ വിഭാഗം ; ചിലയിടങ്ങളിൽ കുഴപ്പം സൃഷ്ടിക്കണമെന്നും വാർത്താപ്രാധാന്യം ലഭിക്കണമെന്നും രഹസ്യനിർദേശം

വേണു കെ ആലത്തൂർUpdated: Thursday Sep 17, 2020


പാലക്കാട്‌
സർക്കാരിനെതിരെ സമരം തുടങ്ങിയിട്ട്‌ ആറുദിവസം പിന്നിട്ടിട്ടും സംസ്ഥാന വ്യാപകമായി സംഘർഷം സൃഷ്ടിക്കാൻ വ്യാഴാഴ്‌ചതന്നെ തെരഞ്ഞെടുത്തത്‌ ഐ വിഭാഗത്തിന്റെ ഗൂഢാലോചനയാണെന്ന്‌ എ വിഭാഗം ആരോപിച്ചു. മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ നിയമസഭാ അംഗത്വത്തിന്റെ സുവർണജൂബിലി ആഘോഷിക്കുന്ന ദിവസം എല്ലാ ജില്ലകളിലും കലക്ടറേറ്റ്‌ മാർച്ച നടത്തി സംഘർഷം സൃഷ്ടിക്കാൻ എടുത്ത തീരുമാനം ഉമ്മൻചാണ്ടിയുടെ വാർത്തയ്‌ക്ക്‌ പ്രാധാന്യം കിട്ടാതിരിക്കാനാണെന്നും എ വിഭാഗം ആരോപിക്കുന്നു.

ചെന്നിത്തല–- ഉമ്മൻചാണ്ടി പോര്‌ മൂർച്ഛിപ്പിക്കുന്നതാണ്‌ വ്യാഴാഴ്‌ചത്തെ സമരം. ഉമ്മൻചാണ്ടിയുടെ ഗ്രൂപ്പിൽപ്പെട്ട യൂത്ത്‌ കോൺഗ്രസ്‌ സംസ്ഥാന പ്രസിഡന്റ്‌ ഷാഫി പറമ്പിലിന്റെ അഭാവത്തിൽ  വി ടി ബൽറാം നേതൃത്വം ഏറ്റെടുത്ത്‌ പാലക്കാട്‌ കലക്ടറേറ്റിൽ യൂത്ത്‌ കോൺഗ്രസുകാർ പൊലീസിനെ ആക്രമിച്ചതും ഗൂഢാലോചനയാണെന്നും എ വിഭാഗം ആരോപിക്കുന്നു. സുധീരൻ പക്ഷത്തുനിന്ന്‌ ഐ വിഭാഗം നേതാവ്‌‌ ശ്രീകണ്‌ഠന്റെ മനസാക്ഷി സൂക്ഷിപ്പുകാരനായി വി ടി ബലറാം അടുത്തിടെ കൂറുമാറിയിരുന്നു. 

സമരം സമാധാനമായി അവസാനിപ്പിക്കാനായിരുന്നു ആദ്യ ധാരണ. എന്നാൽ, ചിലയിടങ്ങളിൽ കുഴപ്പം സൃഷ്ടിക്കണമെന്നും വാർത്താപ്രാധാന്യം ലഭിക്കണമെന്നും ഐ വിഭാഗം നേതൃത്വത്തിൽനിന്ന്‌ രഹസ്യനിർദേശം ലഭിച്ചു. ഇതിന്റെ അടിസ്ഥാനത്തിലാണ്‌ പാലക്കാട്ടെ കുഴപ്പം. വി ടി ബൽറാം എംഎൽഎ പൊലീസ്‌ ബസിലും നോർത്ത്‌ പൊലീസ്‌‌ സ്‌റ്റേഷനിലും ബോധപൂർവം കുഴപ്പമുണ്ടാക്കിയെന്നും പൊലീസ്‌ പറയുന്നു. പൊലീസ്‌ അറസറ്റ്‌ ചെയ്യാതിരുന്നിട്ടും ബൽറാം അനാവശ്യമായാണ് സിവിൽ സ്‌റ്റേഷൻ പരിസരത്തുനിന്ന്‌‌ പൊലീസ്‌ ബസിൽ കയറിയത്‌. സ്‌റ്റേഷനിലെത്തിയിട്ടും എംഎൽഎ എന്ന പക്വത കാണിച്ചില്ല. നോർത്ത്‌ സ്‌റ്റേഷനിൽ മാധ്യമങ്ങളെ അകത്തു‌കയറ്റണമെന്ന്‌ വാശിപിടിച്ചു. അതിന്‌ പൊലീസ്‌ തയ്യാറാകാതിരുന്നപ്പോൾ പുറത്തേക്കിറങ്ങി മാധ്യമങ്ങളോട്‌ സംസാരിച്ചു.


 

ഒരു കാരണവശാലും സംഘർഷത്തിലേക്ക്‌ പോകാതിരിക്കാൻ പൊലീസ്‌ പരമാവധി ശ്രമിച്ചിട്ടും കലക്ടറേറ്റ്‌ പരിസരത്തുവച്ച്‌ പൊലീസിനുനേരെ കല്ലേറ്‌ നടത്തി പ്രകോപനം സൃഷ്ടിച്ചു. തുടർന്നാണ്‌ ജലപീരങ്കിയും ലാത്തിച്ചാർജും നടത്താൻ പൊലീസ്‌ നിർബന്ധിതരായത്‌. എംഎൽഎ എന്ന നിലയിൽ എസ്‌ഐയുടെ നേതൃത്വത്തിൽ പത്ത്‌ പൊലീസുകാരെ ബൽറാമിന്റെ സംരക്ഷണത്തിന്‌ നിയോഗിച്ചിരുന്നു. മർദനമേൽക്കാത്ത ബൽറാമിന്റെ ഷർട്ടിൽ രക്തക്കളർ പറ്റിയതും സംശയത്തിനിടനൽകുന്നു. 

കെപിസിസി പുനഃസംഘടനയിൽ അമർഷവുമായി മുതിർന്ന നേതാക്കൾ ഒരുവശത്ത്‌ നിലയുറപ്പിക്കവേ അതിൽനിന്ന്‌ ശ്രദ്ധതിരിക്കാനും ഉമ്മൻചാണ്ടിയുടെ ചടങ്ങ്‌ തമസ്‌കരിക്കാനും ഐ വിഭാഗത്തിന്‌ മുൻതൂക്കമുള്ള ജില്ലാ കോൺഗ്രസ്‌ നേതൃത്വം സമരത്തെ ആയുധമാക്കിയെന്നും എ വിഭാഗം ആരോപിച്ചു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top