26 April Friday
രണ്ടുമാസമായി സ്ഥിരംതൊഴിലാളികൾക്കും ശമ്പളമില്ല

മാസങ്ങളായി ശമ്പളമില്ല; 
എച്ച്‌ഐഎല്ലിൽ കാവലിനും ആളില്ല ; യന്ത്രങ്ങളുടെയും രാസവസ്‌തുക്കളുടെയും 
സുരക്ഷ ആശങ്കയിൽ

വെബ് ഡെസ്‌ക്‌Updated: Thursday Aug 18, 2022


കളമശേരി
നാലുമാസമായി ശമ്പളം ലഭിക്കാത്തതിൽ പ്രതിഷേധിച്ച് കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ ഹിൽ (ഇന്ത്യ) ലിമിറ്റഡിലെ സുരക്ഷാ ജീവനക്കാർ തൊഴിൽ ഉപേക്ഷിച്ചു. കമ്പനിയുടെ സെക്യൂരിറ്റി കരാറെടുത്ത സ്വകാര്യ സ്ഥാപനത്തിന്റെ ജീവനക്കാരാണ് ചൊവ്വ രാത്രി 12ന്‌ തൊഴിൽ ഉപേക്ഷിച്ച്‌ പോയത്.

കമ്പനിയിലേക്കുള്ള പ്രവേശനമുൾപ്പെടെ നിയന്ത്രിക്കാൻ 32 ജീവനക്കാരാണ് മൂന്ന് ഷിഫ്റ്റിൽ ജോലിചെയ്‌തിരുന്നത്‌. എല്ലാവരും ഒരുമിച്ചാണ് കമ്പനി വിട്ടത്. ഓഫീസർമാർക്കും സ്ഥിരം തൊഴിലാളികൾക്കും രണ്ടുമാസമായി ശമ്പളം ലഭിക്കുന്നില്ല. കോടിക്കണക്കിന് രൂപയുടെ യന്ത്രങ്ങളുടെയും കമ്പനിയിലെ രാസവസ്തുക്കളുടെയും സുരക്ഷ ആശങ്കയിലായി. 

ദക്ഷിണേന്ത്യയിലെ മലേറിയ വ്യാപനത്തെത്തുടർന്ന് 1958ൽ ഏലൂരിൽ ഡിഡിടി ഉൽപ്പാദന യൂണിറ്റായി, സംസ്ഥാനത്തെ ആദ്യ കേന്ദ്ര പൊതുമേഖലാ വ്യവസായം, എച്ച്ഐഎൽ എന്ന പേരിൽ പ്രവർത്തനം ആരംഭിച്ചു. പിന്നീട്  ബെൻസിൻ ഹെക്സോ ക്ലോറൈഡ് (ബിഎച്ച്സി), എൻഡോസൾഫാൻ എന്നിവയും ഉൽപ്പാദിപ്പിച്ചു. 1996ൽ ബിഎച്ച്സി പ്ലാന്റും 2011ൽ എൻഡോസൾഫാൻ പ്ലാന്റും പിന്നീട് ഡിഡിടി പ്ലാന്റും അടച്ചു. വൈവിധ്യവൽക്കരണത്തിന്റെ ഭാഗമായി 2018 മുതൽ ഹിൽ (ഇന്ത്യ) ലിമിറ്റഡ് എന്ന പേരിലാണ്‌ പ്രവർത്തനം.

മുമ്പ് 1200 ജീവനക്കാർ ഉണ്ടായിരുന്നു. നിലവിൽ ഓഫീസർമാരുൾപ്പെടെ 70 സ്ഥിരം ജീവനക്കാരും 24 കരാർ ജീവനക്കാരും കമ്പനിയിലുണ്ട്. ഒരുമാസംമുമ്പാണ് ഏലൂരിൽനിന്ന് 10 പേരെ മറ്റ് യൂണിറ്റുകളിലേക്ക് മാറ്റിയത്. പഞ്ചാബിലെ ഭട്ടിൻഡ, മഹാരാഷ്ട്രയിലെ രസായണി, ഡൽഹി ഹെഡ് ഓഫീസ് എന്നിവിടങ്ങളിലും ശമ്പളം മുടങ്ങിയതായി യൂണിയൻ നേതാക്കൾ പറഞ്ഞു. ഒരു വർഷത്തോളമായി കാര്യമായ ഉൽപ്പാദനമില്ല. ഇടിപി പ്ലാന്റ്‌ മാത്രമാണ് പ്രവർത്തിക്കുന്നത്. 

കഴിഞ്ഞവർഷം ഹിൽ (ഇന്ത്യ) ലിമിറ്റഡിന്റെ ഏലൂർ, ഭട്ടിൻഡ യൂണിറ്റുകൾ പൂട്ടാൻ മാനേജ്മെന്റ്‌ നിതി ആയോഗിനോട് ആവശ്യപ്പെട്ടിരുന്നു. തുടർന്ന് ഏലൂരിൽ ട്രേഡ് യൂണിയനുകൾ സേവ് എച്ച്ഐഎൽ ഫോറം രൂപീകരിച്ച് പ്രവർത്തിച്ചുവരികയാണ്. ഏലൂർ യൂണിറ്റിൽ ഉൽപ്പാദനമില്ലാത്ത സാഹചര്യത്തിൽ ജീവനക്കാർക്ക് മാന്യമായ സ്വയംവിരമിക്കൽ പദ്ധതി നടപ്പാക്കുകയോ മറ്റു യൂണിറ്റുകളിലേക്ക് സ്ഥലംമാറ്റം നൽകുകയോ ചെയ്‌ത്‌ പുനരധിവാസം ഉറപ്പാക്കണമെന്നാണ് ട്രേഡ് യൂണിയനുകളുടെ ആവശ്യം.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top