24 April Wednesday

ലക്ഷ്യം നവകാർഷിക കേരളം ; കർഷകസംഘം ശിൽപ്പശാല സമാപിച്ചു

വെബ് ഡെസ്‌ക്‌Updated: Thursday Aug 18, 2022

തിരുവനന്തപുരം
നവകാർഷിക കേരളം സൃഷ്ടിക്കാനുതകുന്ന നിർദേശങ്ങൾക്ക്‌ രൂപംനൽകി കർഷകസംഘം സംഘടിപ്പിച്ച നവകേരള ശിൽപ്പശാലയ്‌ക്ക്‌ സമാപനം. കർഷകരുടെ ജീവിതനിലവാരം ഉയർത്താനും വരുമാനം ഇരട്ടിയോളം വർധിപ്പിക്കാനും ഉതകുന്ന നിർദേശങ്ങളാണ്‌ രണ്ടു ദിവസമായി ഇ എം എസ്‌ അക്കാദമിയിൽ നടന്ന ശിൽപ്പശാലയിൽ  തയ്യാറാക്കിയത്‌. ഇതിനായി സഹകരണമേഖലയും തദ്ദേശസ്ഥാപനങ്ങളും ഉൾപ്പെടെ യോജിച്ചുള്ള പ്രവർത്തനമാണ്‌ ലക്ഷ്യമിടുന്നത്‌.

ആധുനിക ശാസ്‌ത്ര സാങ്കേതികവിദ്യയെ ഉപയോഗപ്പെടുത്തി കാർഷികമേഖലയിൽ മുന്നേറ്റം സൃഷ്ടിക്കാനായി സംസ്ഥാനത്തെ കാർഷിക, അനുബന്ധ സർവകലാശാലകളുടെ സൗകര്യങ്ങൾ പ്രയോജനപ്പെടുത്തണമെന്നും ശിൽപ്പശാലയിൽ നിർദേശം ഉയർന്നു. നവകേരള സൃഷ്ടിക്ക്‌ അടിസ്ഥാനമാകേണ്ടത്‌ കാർഷികമേഖലയുടെ മുന്നേറ്റമാണെന്നും ശിൽപ്പശാല വിലയിരുത്തി. നിർദേശങ്ങൾ സംസ്ഥാന സർക്കാരിനും ബന്ധപ്പെട്ട വകുപ്പുകൾക്കും മുഖ്യമന്ത്രിക്കും അസൂത്രണ ബോർഡിനും കൈമാറും.

‘കാർഷികമേഖലയിൽ പുതിയ കൃഷി കെട്ടിപ്പടുക്കുന്നതിൽ കർഷക സംഘത്തിന്റെ പങ്ക്‌’ എന്ന മുഖ്യവിഷയം ആസ്‌പദമായി നടന്ന രണ്ടു ദിവസത്തെ ശിൽപ്പശാലയിൽ മേഖലയിലെ വിദഗ്‌ധരും കൃഷിശാസ്‌ത്രജ്ഞരും കർഷക പ്രതിനിധികളും നേതാക്കളുമടക്കം പങ്കെടുത്തു. സമാപന ദിവസമായ ബുധനാഴ്‌ച കിസാൻ സഭ അഖിലേന്ത്യാ ജോയിന്റ്  സെക്രട്ടറി ഇ പി ജയരാജൻ മുഖ്യപ്രഭാഷണം നടത്തി. കർഷകസംഘം സംസ്ഥാന പ്രസിഡന്റ്‌ എം വിജയകുമാർ അധ്യക്ഷനായി. ശിൽപ്പശാലയുടെ പ്രധാന തീരുമാനങ്ങൾ സെക്രട്ടറി വത്സൻ പനോളി വിശദീകരിച്ചു. ഡോ. വി കെ രാമചന്ദ്രൻ ക്ലാസെടുത്തു. എസ്‌ രാമചന്ദ്രൻപിള്ള  സംസാരിച്ചു.  സംസ്ഥാന ജോയിന്റ്‌ സെക്രട്ടറി വി എസ് പത്മകുമാർ നന്ദി പറഞ്ഞു. സംസ്ഥാനത്തെ എല്ലാ ജില്ലകളിൽനിന്നുമായി തെരഞ്ഞെടുക്കപ്പെട്ട 150 പ്രതിനിധികളാണ്‌ ശിൽപ്പശാലയിൽ പങ്കെടുത്തത്‌.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top