25 April Thursday

തിരസ്കൃതരുടെ നിലവിളികൾ

എ സുരേഷ്Updated: Wednesday Aug 17, 2022



‘കള്ളനാ’കാതിരിക്കാനുള്ള ഒളിച്ചോട്ടത്തിലൂടെ വായനശാലയിലേക്കും സാഹിത്യത്തിലേക്കും കടന്നുവന്നൊരു കഥയാണ്‌ നാരായന്റെ എഴുത്ത്‌ ജീവിതം. ക്ലാസ്‌മുറിയിൽ ഒറ്റയ്ക്കിരുന്നാൽ കളവിന് സമാധാനം പറയേണ്ടിവരുമെന്ന് പ്യൂൺ പേടിപ്പിച്ചപ്പോൾ, രക്ഷപ്പെടാനാണ്‌ സമീപ വായനശാലയിൽ അഭയം തേടിയത്‌. കടയത്തൂർ ഗവ. ഹൈസ്കൂളിലെ സഹപാഠികൾ ഉണ്ണാൻപോകുമ്പോൾ, ഉച്ചപ്പട്ടിണിക്കാരനായ നാരായൻ സമീപത്തെ വായനശാലയിൽ സ്ഥിരം സന്ദർശകനായി. അത് പതിവായപ്പോൾ ലൈബ്രറി സെക്രട്ടറി ഇരുന്ന് വായിക്കാൻ സൗകര്യമൊരുക്കി. അങ്ങനെ ചെറുപ്പത്തിലേ നല്ല പുസ്‌തകങ്ങൾ കൂട്ടായി. തേഡ് ഫോമുകാരന്റെ അക്ഷരസ്നേഹം അധ്യാപകർക്കും പിടിച്ചു. മറ്റ് കുട്ടികളിൽനിന്ന് പുസ്തകം കടംവാങ്ങി പഠിച്ചാണ് പത്താം ക്ലാസ് കടന്നത്. തുടർന്ന്‌ പഠിക്കാനായില്ല. അന്നത്തെ കഷ്ടപ്പാടുകളും വിഹ്വലതകളും നിറഞ്ഞ ജീവിതാനുഭവങ്ങളാണ്‌ കൊച്ചരേത്തി ഉൾപ്പെടെയുള്ള രചനകളിലൂടെ കാലാതിവർത്തിയായത്‌.

തൊടുപുഴ–-മൂലമറ്റം പാതയ്‌ക്കരികിലെ കടയത്തൂർ മലയുടെ അടിവാരത്തായിരുന്നു നാരായന്റെ അച്ഛന്റെ വീട്. വിവിധ ജാതി മതസ്ഥരായി ആകെ അഞ്ച് കുടുംബം. ജാതീയ വേർതിരിവിനാൽ മുപ്പതോളം വരുന്ന മലയരയ കുടുംബങ്ങളുമായി അവരൊന്നും ബന്ധപ്പെടില്ല.  
കൃഷി മുഖ്യ തൊഴിലായ പഴയ നാട്ടുരാജ്യം കീഴ്‌മലനാടിന്റെ ഭാഗമായിരുന്നു കടയത്തൂർ. നെല്ലും കുരുമുളകും ഏലവുമൊക്കെ വെട്ടുകൃഷി (കാട് വെട്ടി കൃഷിചെയ്യുന്നത്‌)യിലൂടെ മലയരയർ വിളയിച്ചു. ഒരിടത്ത്‌ രണ്ടുതവണമാത്രം കൃഷി. വിളവിന്റെ ആറിലൊന്ന് രാജാവിന്‌. കാട്ടുകല്ലും ഈറ്റയും മണ്ണും ഉപയോഗിച്ചുള്ള വീടുകളിലെ ജീവിതവും മലയരയ സമുദായത്തിന്റെ നേരനുഭവങ്ങളുമാണ് നാരായൻ എന്ന ഗോത്രവർഗ എഴുത്തുകാരനെ രൂപപ്പെടുത്തിയത്‌. 

നാരായന് രണ്ട് വയസ്സുള്ളപ്പോൾ അമ്മ പാമ്പ് കടിയേറ്റ് മരിച്ചു. അച്ഛന്റെ രണ്ടാം വിവാഹത്തിൽ എട്ട് മക്കൾ. ദുരിതങ്ങൾക്കെല്ലാം കാരണം നാരായനാണെന്ന അന്ധവിശ്വാസവും അച്ഛനുണ്ടായി. അതിനിടെ എംപ്ലോയ്മെന്റ്‌ എക്സ്‌ചേഞ്ച്‌ വഴി തപാൽ വകുപ്പിൽ ക്ലർക്കായത്‌ തുണയായി. മലയരയരെ കളിയാക്കി ‘മനോരാജ്യ’ത്തിൽ അധ്യാപകനെഴുതിയ നോവൽ നൽകിയ നീറ്റലാണ്  ‘കൊച്ചരേത്തി'യുടെ പിറവിയിലെത്തിച്ചത്.
വിദേശ നോവലുകളും ധാരാളമായി വായിച്ചിരുന്നു.  പേൾ എസ് ബക്കിന്റെ ഗുഡ് എർത്ത് പോലുള്ള കൃതികൾ മണ്ണിന്റെ രുചിയും മണവുമുള്ള എഴുത്തിലേക്ക് വഴിതുറന്നു. എൺപതിന്റെ തുടക്കത്തിൽ എഴുതിത്തുടങ്ങിയ കൊച്ചരേത്തി ഏതാനും വർഷങ്ങൾകൊണ്ട് പൂർത്തിയാക്കി. സർക്കാർ ഉദ്യോഗസ്ഥനായതിനാൽ പൊല്ലാപ്പാകുമെന്ന ഭയത്താൽ പ്രസിദ്ധീകരിച്ചില്ല. 1998ലാണ്‌ പ്രസിദ്ധീകരിച്ചത്‌. 

ആദിവാസി ജീവിതത്തെക്കുറിച്ച് രചനകൾ അതിനുമുമ്പും മലയാളത്തിൽ ഉണ്ടായെങ്കിലും ആദിവാസിയെഴുതിയ ആദ്യ നോവൽ കൊച്ചരേത്തിയായിരുന്നു. അനുഭവസ്ഥൻ നേരിട്ടെഴുതിയതിന്റെ ചൂരും ചൂടും അതിനുണ്ടായി. അങ്ങനെ 58–-ാം വയസ്സിൽ നാരായൻ എന്ന നോവലെഴുത്തുകാരനെ മലയാളവും ലോകവും സ്വീകരിച്ചു. തുടർന്ന്, ആറ് നോവലും മുന്നൂറോളം ചെറുകഥകളും. ചവിട്ടേറ്റവന്റെ തീക്ഷ്ണാനുഭവങ്ങൾ ചരിത്രപരമായ പശ്ചാത്തലത്തിൽ പകർത്തപ്പെട്ടവ. ഇന്ത്യയിലെ ദളിത്‐ ആദിവാസി ജീവിതാനുഭവത്തിന്റെ തീവ്രസാക്ഷ്യങ്ങൾ.

ഗോത്രാക്ഷരി
‘കൊച്ചരേത്തി’ മുതൽ ‘തുടക്കങ്ങൾ ഒടുക്കങ്ങൾ’വരെ പതിനഞ്ചോളം പുസ്തകങ്ങൾ. 1940 സെപ്തംബർ 26ന്‌ ഇടുക്കി കടയത്തൂരിൽ ജനനം. അച്ഛൻ ചാലപ്പുറത്ത് രാമൻ. അമ്മ കൊടുകുട്ടി. 1995ൽ പോസ്റ്റ് മാസ്റ്ററായി വിരമിച്ചു. ചെറുകഥകളിലൂടെ തുടങ്ങി 1998ൽ കൊച്ചരേത്തി പ്രസിദ്ധീകരിച്ചതോടെ പ്രശസ്തിയിലേക്കുയർന്നു.  തുടർച്ചയായി ആറ് പതിപ്പ്. "പഹാഡിൻ' എന്ന പേരിൽ ഹിന്ദിയിലും "കൊച്ചരേത്തി: ദ അരയ വുമൻ' എന്ന പേരിൽ ഇംഗ്ലീഷിലും വിവർത്തനം. 28 ഇന്ത്യൻ ഭാഷയിൽ വിവർത്തനം ചെയ്യാൻ കേന്ദ്രസാഹിത്യ അക്കാദമി പുസ്തകം തെരഞ്ഞെടുത്തെങ്കിലും കരാർ പാലിച്ചില്ലെന്ന്‌ അദ്ദേഹത്തിനു പരിഭവമുണ്ടായിരുന്നു.

1999ലെ കേരള സാഹിത്യ അക്കാദമി അവാർഡ്, തോപ്പിൽ രവി പുരസ്കാരം, അബുദാബി ശക്തി അവാർഡ്, സ്വാമി ആനന്ദതീർഥ അവാർഡ് എന്നിവ ലഭിച്ചു. ഇംഗ്ലീഷ് വിവർത്തനം ഓക്സ്ഫഡ് യൂണിവേഴ്സിറ്റി പ്രസിന്റെ 2011ലെ ഇക്കണോമിസ്റ്റ് ക്രോസ്‌വേഡ് ബുക്ക് അവാർഡ് നേടിയത് മറ്റൊരു അംഗീകാരം.

സമ്പ്രദായങ്ങളെ പൊള്ളിച്ച 
ഭാഷ, അനുഭവം
മലയരയവിഭാഗക്കാരനായ നാരായൻ പുറംലോകത്തിന്‌ ഏറെ പരിചയമില്ലാത്ത സ്വജനവിഭാഗത്തിന്റെ ജീവിതവും സംസ്‌കാരവുമാണ്‌ സാഹിത്യരചനയ്‌ക്ക്‌ വിഷയമാക്കിയത്‌. മലയരയസമുദായത്തിന്റെ കഴിഞ്ഞ നൂറ്റാണ്ടിലെ പത്തറുപതുവർഷത്തെ ജീവിതമാണ്‌ കൊച്ചരേത്തിയിലൂടെ പറഞ്ഞത്‌. ഊരാളിക്കുടി, ചെങ്ങാറും കുട്ടാളും, വന്നല തുടങ്ങിയ നാരായന്റെ എല്ലാ രചനകളും അത്തരം അനുഭവങ്ങളിലൂടെയാണ്‌ വായനക്കാരെ നയിച്ചത്‌. 

കാടിനോടും മൃഗങ്ങളോടും മാത്രമല്ല, നാടിനോടും പരിഷ്‌കൃതിയോടും മല്ലടിക്കേണ്ടിവന്ന സമൂഹത്തിലൊരാൾതന്നെ  അതേക്കുറിച്ച്‌ എഴുതിയപ്പോൾ അതിന്‌ നേരനുഭവങ്ങളുടെ ചൂടും ചൂരുമുണ്ടായിരുന്നു. മലയരയരുടെ തനതുഭാഷയാണ്‌ നോവലിൽ സംഭാഷണങ്ങൾക്ക് ഉപയോഗിച്ചത്. വിദ്യാഭ്യാസംകൊണ്ടും മായ്‌ച്ചുകളയാൻകഴിയാത്ത ആ ഭാഷാവഴക്കങ്ങളെപ്പറ്റി നാരായൻ ആമുഖമായി പറയുന്നുണ്ട്‌. അത്‌ പക്ഷേ ദുർഗ്രാഹ്യമായിരുന്നില്ല. മലയാള സാഹിത്യ ‘തറവാട്ടിലെ’ പതിവുരീതികൾക്ക്‌ പിടികിട്ടാത്തതായിരുന്നെന്നുമാത്രം.

ഇടുക്കി ജില്ലയിലെ കുടയത്തൂർ മലയുടെ അടിവാരത്ത് ചാലപ്പുറത്ത്‌ രാമന്റെയും കൊടുകുട്ടിയുടെയും മകനാണ്‌. സ്‌കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കി തപാൽവകുപ്പിൽ ജോലിയിൽ പ്രവേശിച്ചു. 1995-ൽ പോസ്റ്റ്മാസ്റ്ററായി വിരമിച്ചു. സർവീസ്‌ കാലംമുതൽ എഴുതിത്തുടങ്ങി. 1998ൽ പുറത്തിറങ്ങിയ കൊച്ചരേത്തി ആണ്‌ ആദ്യ നോവൽ. മലയാളത്തിൽ 12 പതിപ്പിറങ്ങി. ഇംഗ്ലീഷ്‌ ഉൾപ്പെടെ 17 ഭാഷകളിലും പ്രസിദ്ധീകരിച്ചു. ഏറെ ശ്രദ്ധിക്കപ്പെട്ട കൊച്ചരേത്തി 1999ലെ കേരളസാഹിത്യ അക്കാദമി പുരസ്‌കാരം നേടി. നൂറിലേറെ കഥകളും എഴുതി. ഊരാളിക്കുടി, ചെങ്ങാറും കുട്ടാളും, വന്നല -(നോവൽ), നിസ്സഹായന്റെ നിലവിളി (കഥാസമാഹാരം), ഈ വഴിയിൽ ആളേറെയില്ല (നോവൽ), പെലമറുത (കഥകൾ), ആരാണു തോൽക്കുന്നവർ (നോവൽ), ബന്ധങ്ങൾ പിന്നെയും ബാക്കി (നോവൽ) എന്നിവയാണ്‌ പ്രധാന രചനകൾ.

അബുദാബി ശക്തി അവാർഡ് (1999), തോപ്പിൽ രവി അവാർഡ് (1999), സ്വാമി ആനന്ദതീർഥ അവാർഡ്‌, എക്കണോമിസ്‌റ്റ്‌ ക്രോസ്‌വേർഡ്‌ ബുക്‌ അവാർഡ്‌ തുടങ്ങിയവ നേടി.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top