29 March Friday

വിമർശിക്കുന്നവർ നേട്ടങ്ങളെ
 തമസ്‌കരിക്കരുത്‌: സ്‌പീക്കർ

വെബ് ഡെസ്‌ക്‌Updated: Friday Jun 17, 2022


തിരുവനന്തപുരം
ലോക കേരളസഭ സമ്മേളനങ്ങൾകൊണ്ട്‌ എന്തു നേടിയെന്ന വിമർശം ഉന്നയിക്കുന്നവർ നേട്ടങ്ങളെ തമസ്‌കരിക്കരുതെന്ന്‌ സ്‌പീക്കർ എം ബി രാജേഷ്‌ പറഞ്ഞു. ആദ്യ സമ്മേളനം 2018 ജനുവരിയിൽ ചേർന്നു. ആ സമ്മേളന തീരുമാനങ്ങളിൽ  മുഖ്യമായതായിരുന്നു ലോക കേരളസഭ സെക്രട്ടറിയറ്റ്, ഏഴ് വിഷയ മേഖലാ സ്റ്റാൻഡിങ്‌ കമ്മിറ്റി എന്നിവയുടെ രുപീകരണം. ഇവ രണ്ടും നിലവിൽ വന്നുവെന്നും സ്പീക്കർ പറഞ്ഞു. ലോക കേരള സഭ പൊതുസമ്മേളനത്തിൽ അധ്യക്ഷ പ്രസംഗം നടത്തുകയായിരുന്നു അദ്ദേഹം.

വിവിധ മേഖലകളിലെ വിദ്ഗധരെ  ഉൾപ്പെടുത്തി വിഷയങ്ങൾ പഠിച്ച്‌ കേരളത്തിന്റെ തനത് സാഹചര്യങ്ങൾകൂടി കണക്കിലെടുത്ത് പ്രവാസികൾ നേരിടുന്ന   പ്രശ്‌നങ്ങൾക്ക്‌ പരിഹാരം കണ്ടെത്തുകയാണ് സ്റ്റാൻഡിങ്‌ കമ്മിറ്റികളുടെ ലക്ഷ്യം. ലോക കേരളസഭ സെക്രട്ടറിയറ്റിന്റെ പ്രത്യേക ഓഫീസ് നോർക്ക സെന്ററിൽ പ്രവർത്തിക്കുന്നു. 

സ്റ്റാൻഡിങ്‌ കമ്മിറ്റി ചെയർമാൻമാരുടെ  പഠനത്തിന്റെ അടിസ്ഥാനത്തിൽ സമർപ്പിച്ച ശുപാർശകളിൽ വിവിധ നടപടികൾ സ്വീകരിച്ചു. ഓവർസീസ് കേരളൈറ്റ്‌സ് ഇൻവെസ്റ്റ്‌മെന്റ് ആൻഡ്‌ ഹോൾഡിങ് ലിമിറ്റഡ് കമ്പനി രൂപീകരിച്ചു. കേരള സംസ്ഥാന പ്രവാസി ക്ഷേമ വികസന സഹകരണ സംഘം  പ്രവർത്തനം തുടങ്ങി. വനിതകളുടെ സുരക്ഷിത കുടിയേറ്റത്തിനായി നോർക്ക റൂട്ട്‌സിൽ എൻആർകെ വനിതാ സെൽ രൂപീകരിച്ചു. മനുഷ്യക്കടത്തും തൊഴിൽ ചൂഷണവും തടയുന്നതിന് വിമാനത്താവളങ്ങളിൽ മൈഗ്രേഷൻ ഫെസിലിറ്റേഷൻ സെന്റർ,  പാസ്‌പോർട്ട് ഓഫീസുകളിൽ പ്രീ എംബാർക്‌മെന്റ്‌ ഓറിയന്റേഷൻ സെന്റർ എന്നിവ നിലവിൽ വന്നു. കുടിയേറ്റവുമായി ബന്ധപ്പെട്ട് പഠനം നടത്തുന്നതിനും പ്രോത്സാഹിപ്പിക്കുന്നതിനും സെന്റർ ഫോർ ഡെവലപ്പ്‌മെന്റ്‌ സ്‌റ്റഡീസിൽ  അന്താരാഷ്ട്ര കുടിയേറ്റ കേന്ദ്രം സ്ഥാപിച്ചു. പ്രവാസി ആനുകാലിക പ്രസിദ്ധീകരണം ‘ലോക മലയാളം'  ആരംഭിച്ചു. ഇത്തരം നേട്ടങ്ങളുടെ തുടർച്ചയായ ഇടപെടലുകളാണ്‌ ലോക കേരളസഭയുടെ മൂന്നാം സമ്മേളനത്തിലൂടെ ലക്ഷ്യമിടുന്നതെന്നും സ്‌പീക്കർ പറഞ്ഞു.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top